Monday
22 Oct 2018

പരിഹാര വനവല്‍ക്കരണവും പാരിസ്ഥിതിക വെല്ലുവിളികളും

By: Web Desk | Wednesday 27 December 2017 10:26 PM IST

രാജ്യം നേരിടുന്ന അതീവഗുരുതരമായ പരിസ്ഥിതി നാശത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും അത് സൃഷ്ടിക്കുന്ന മാനുഷികദുരന്തങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ നേരിടാന്‍ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വന്‍തോതിലുള്ള വനനശീകരണത്തിന് മറുപടിയായി പരിഹാര വനവല്‍ക്കരണത്തിനുവേണ്ടി സമാഹരിക്കപ്പെട്ടിട്ടുള്ള 42,000 കോടിയില്‍പരം രൂപ ചെലവഴിക്കാനുതകുന്ന ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ പോലും കേന്ദ്രസര്‍ക്കാരിനായിട്ടില്ല. പരിഹാര വനവല്‍ക്കരണത്തിനു ലഭ്യമായ തുകയെ സംബന്ധിച്ചുപോലും പരസ്പരം പൊരുത്തപ്പെടാത്ത കണക്കുകളാണ് പുറത്തുവരുന്നതെന്നത് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പമാണ് വെളിവാക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യസഭ പാസാക്കിയ പരിഹാര വനവല്‍ക്കരണ നിധി മേല്‍നോട്ടത്തിനും ആസൂത്രണത്തിനുമായുള്ള അധികാരകേന്ദ്ര ബില്‍ (കോമ്പന്‍സേറ്ററി അഫോറസ്റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് അതോറിറ്റി ബില്‍- സിഎഎംപിഎബില്‍) അതിനായി 42,000 കോടി രൂപ ലഭ്യമാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച ലോക്‌സഭയില്‍ ഒരു ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ അത് 40,000 കോടിക്ക് അടുത്ത് മാത്രമാണെന്ന് പറയുന്നു. കാമ്പയില്‍ ചെലവഴിക്കപ്പെടാതെ 50,488 കോടി രൂപ കെട്ടിക്കിടക്കുന്നതായി സുപ്രിംകോടതി ഇക്കാര്യത്തില്‍ തങ്ങളെ സഹായിക്കാന്‍ നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വക്കേറ്റ് എഡിഎന്‍ റാവു ഡിസംബര്‍ 11ന് സുപ്രിംകോടതിയുടെ ഫോറസ്റ്റ് ബെഞ്ചില്‍ സമര്‍പ്പിച്ച ഒരു പെറ്റീഷനില്‍ വിവരിക്കുന്നു. അത്യന്തം വിനാശകരമായ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് പ്രതിവിധിയായി സത്വരം വിനിയോഗിക്കേണ്ട വന്‍തുകയുടെ കാര്യത്തില്‍ ഭരണകൂടവും അതിന്റെ വിവിധ ശാഖകളും കാട്ടുന്ന അതീവ ഗുരുതരമായ അനാസ്ഥയിലേക്കാണ് മേല്‍പറഞ്ഞ കണക്കുകളിലെ പൊരുത്തമില്ലായ്മ വിരല്‍ചൂണ്ടുന്നത്.

പരിഹാര വനവല്‍ക്കരണ നിധി നിയമം അതിന്റെ ശീര്‍ഷകം സൂചിപ്പിക്കുംവിധം വനേതര ആവശ്യങ്ങള്‍ക്കുവേണ്ടി വനഭൂമി വകമാറ്റുമ്പോള്‍ പകരം വനവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിച്ചിട്ടുള്ളത്. 1980-ലെ കേന്ദ്ര വനസംരക്ഷണ നിയമം വനേതര ആവശ്യങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കുന്നതിന് കര്‍ക്കശ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏതെങ്കിലും കാരണവശാല്‍ അത്തരത്തില്‍ വനഭൂമി വനേതര ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കേണ്ടി വരുമ്പോള്‍ പകരം വനേതര ഭൂമി വനവല്‍ക്കരണം നടത്തി പരിരക്ഷിക്കണമെന്നും നിയമം അനുശാസിക്കുന്നു. എന്നാല്‍ ഫലത്തില്‍ അത്തരത്തില്‍ യാതൊന്നും നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഖനികള്‍ക്കും വ്യവസായികള്‍ക്കും തോട്ടക്കൃഷിക്കുമടക്കം പ്രതിവര്‍ഷം ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയാണ് നശിപ്പിക്കപ്പെടുന്നത്. അത്തരത്തില്‍ വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി വിനിയോഗിക്കപ്പെടുമ്പോള്‍ പരിഹാര വനവല്‍ക്കരണം, അധിക-പരിഹാര വനവല്‍ക്കരണം, വനേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്ന ഭൂമിയുടെ അപ്പോഴത്തെ മൊത്തവില എന്നിവ അതിന്റെ ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കേണ്ടതുണ്ട്. അത് വന്‍തോതിലുള്ള അഴിമതിയുടേയും തട്ടിപ്പിന്റെയും മേഖലകളാണ്. എന്നിട്ടും അത്തരത്തില്‍ സമാഹരിച്ചിട്ടുള്ള 40 മുതല്‍ 50,000ത്തില്‍പരം വരുന്ന കോടി രൂപയാണ് ചെലവഴിക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. അത് സംബന്ധിച്ച് ഇപ്പോള്‍ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും തികച്ചും അപര്യാപ്തവും വനാവകാശ നിയമത്തിന്റെ അന്തസത്തയ്ക്കുതന്നെ നിരക്കാത്തതുമാണെന്ന വ്യാപക പരാതി നിലനില്‍ക്കുന്നു.

ഒന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സുപ്രിംകോടതി നേരിട്ട് ഇടപെട്ടാണ് പരിഹാര വനവല്‍ക്കരണ നിധി രൂപീകരിക്കാനും അത് കൈകാര്യം ചെയ്യുന്ന അധികാര കേന്ദ്രം സ്ഥാപിക്കാനും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്. സുപ്രിംകോടതിയുടെ ആ നിര്‍ദേശങ്ങള്‍ക്ക് മാറിമാറിവന്ന കേന്ദ്ര സര്‍ക്കാരുകള്‍ യാതൊരു വിലയും കല്‍പിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥ സാക്ഷ്യപ്പെടുത്തുന്നത്. വനവാസികളും വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരുമായ കോടാനുകോടി പാവപ്പെട്ട ജനങ്ങളുടെ ജീവിതംകൊണ്ടാണ് ഭരണകൂടം പന്താടുന്നത്. രാജ്യത്ത് ആദിവാസി മേഖലയിലുടനീളം നിലനില്‍ക്കുന്ന അശാന്തിയുടേയും സായുധ ചെറുത്തുനില്‍പുകളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും കാരണം മറ്റൊന്നല്ല. ഖനികളിലും ഖനിജങ്ങളിലും ഇതര പ്രകൃതി വിഭവങ്ങളിലും കണ്ണുനട്ടിരിക്കുന്ന ദേശ-വിദേശ കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ കൊള്ളലാഭം പങ്കുവയ്ക്കുന്നതിന് ഒരുമ്പെട്ടിരിക്കുന്ന രാഷ്ട്രീയ-ഉദേ്യാഗസ്ഥ ദുഷ്പ്രഭുത്വത്തിനും പരിഹാര വനവല്‍ക്കരണത്തിലോ അതിന്റെ സാമൂഹ്യ-പാരിസ്ഥിതിക പ്രസക്തിയിലോ യാതൊരു താല്‍പര്യവുമില്ല. ജനതയുടെ നിലനില്‍പിലും ഭാവിയിലും ഉല്‍ക്കണ്ഠയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരടക്കം അക്കാദമിക സമൂഹവും ആദിവാസി ജനതയും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ലമെന്റ് പാസാക്കിയ ബില്ലടക്കം പരിഹാരവനവല്‍ക്കരണം സംബന്ധിച്ച എല്ലാ നിയമങ്ങളും പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്ത് പുനഃപരിശോധിക്കേണ്ടതിലേക്കാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം വിരല്‍ചൂണ്ടുന്നത്.