Sunday
24 Sep 2017

ദേര സച്ചാ സൗദ മാനഭംഗ കേസ്: കുറ്റക്കാരനെന്നു വിധിച്ചു

By: Web Desk | Friday 25 August 2017 8:54 AM IST

ഹരിയാനയിലെ വിവാദ ആള്‍ദൈവം റാം റഹിം സിങ്ങിനെ പഞ്ച്കുല സ്പെഷ്യൽ സിബിഐ കോടതി കുറ്റക്കാരനെന്നു വിധിച്ചു. ശിക്ഷ തിങ്കളാഴ്ച്ച. പഞ്ചാബിലും ചണ്ഡീഗഡിലും നിരവധി ആരാധകരുള്ള റാം റഹിം സിങ് ‘ദേര സച്ച സൗദ’ എന്ന ഭക്ത സംഘടനയുടെ സ്ഥാപകനാണ്.

ലൈംഗിക ചൂഷണക്കേസുകളിലെ വിധി റാം റഹിമിന് എതിരായിരിക്കുമെന്നതിനാൽ  കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇതിനോടനുബന്ധിച്ച് ഇന്റര്‍നെറ്റ് – മൊബൈല്‍ സര്‍വീസുകള്‍ 72 മണിക്കൂര്‍ നേരം റദ്ദാക്കി. പ്രകോപനപരമായ പ്രചരണങ്ങളുണ്ടാവാതിരിക്കാന്‍ സമൂഹമാധ്യമങ്ങള്‍ പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. ഇതിനായി പൊലീസിന്റെ സൈബര്‍ വിഭാഗം ജാഗ്രതയിലാണ്.

ആയിരത്തിലധികം സൈനികരെയും 15,000ലധികം അര്‍ധസൈനികരെയും സംഘര്‍ഷ സാധ്യതയുള്ള പഞ്ചാബിന്റെയും ഹരിയാനയുടെയും മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ചണ്ഡീഗഡിലെ പഞ്ച്കുലയിലേയ്ക്കുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.  ഇവിടേയ്ക്കുള്ള 29 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.

2002ലാണ് ഇയാള്‍ക്കെതിരെ ലൈംഗിക ചൂഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേസ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് ഊമക്കത്തുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഹൈക്കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐയെ നിര്‍ദ്ദേശിച്ചത്. വിധി പ്രസ്താവത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസം 144 പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോഴും തുടരുകയാണ്