Tuesday
21 Aug 2018

മോഹൻലാലിനെതിരെയുള്ള വിവാദങ്ങൾക്ക് വിരാമം

By: Web Desk | Wednesday 25 July 2018 2:11 PM IST

തിരുവനന്തപുരം :

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിക്കുമെന്ന് കേരള സർക്കാർ. ഇതോടെ താരത്തിനെതിരെ ഉയർന്ന വിവാദങ്ങൾക്കാണ് തിരശീല വീഴുന്നത്. മോഹൻലാൽ  പങ്കെടുക്കുന്നത് കൊണ്ട് ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിൽ കാര്യം  ഇല്ലെന്നു മന്ത്രി എ കെ ബാലൻ പറഞ്ഞു. സംഘടനകൾക്കോ വ്യക്തികൾക്കോ ശത്രുത തീർക്കാനുള്ള വേദിയല്ല സർക്കാരിന്റെ ചടങ്ങെന്നും മന്ത്രി കൂട്ടിച്ചേർത്തു. മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊന്നും ചടങ്ങില്‍ ലാല്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ല. ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടു യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ക്ഷണം ഇന്ന്  ഔദ്യോഗികമായി മോഹൻലാലിനെ അറിയിക്കും. ചടങ്ങിലേക്കുള്ള ക്ഷണം മോഹൻലാൽ സ്വീകരിച്ചതായാണ് വിവരം.

‘എഎംഎംഎ’ വിഷയത്തിൽ ദിലീപിനെ പിന്തുണച്ചതിനെ തുടർന്നുള്ള വിവാദങ്ങളുടെ തുടർക്കഥയെന്നോളമാണ്  ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നവും. എന്നാൽ ദിലീപിനെ പിന്തുണച്ച മോഹൻലാലിനെ  ചടങ്ങിൽ നിന്ന് ഒഴിവാക്കണമെന്ന വാദം നിലനിൽക്കില്ലന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിച്ചിരുന്നു എന്നാൽ ഷൂട്ടിംഗ് തിരക്കുള്ളതിനാൽ അദ്ദേഹത്തിന് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അടുത്ത വർഷം ചടങ്ങിൽ പങ്കെടുക്കാമെന്നു ഉറപ്പ് നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ തങ്ങൾ ആരുടേയും പേരെടുത്ത്  പറഞ്ഞിട്ടില്ലായെന്നും ചടങ്ങിൽ നിന്ന് മുഖ്യാതിഥിയെ ഒഴിവാക്കണമെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നാണ് ചില താരങ്ങളുടെ വാദം. ചടങ്ങിൽ മോഹന്‍ലാലിന്റെ സാന്നിധ്യം എങ്ങനെയാണ് അവാര്‍ഡ് ചടങ്ങിനു മങ്ങലേല്‍പിക്കുകയെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു പുരസ്‌കാര ജേതാവായ ഇന്ദ്രന്‍സിന്റെ നിലപാട്.

 

 

 

Related News