Sunday
22 Apr 2018

മഹാദയി നദി തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്ന് ബന്ദിന് ആഹ്വാനം

By: Web Desk | Wednesday 24 January 2018 10:03 PM IST

ബംഗളൂരു: മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കര്‍ണാടകയില്‍ ബന്ദിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുന്ന ഫെബ്രുവരി നാലിന് ബംഗളൂരുവിലും ബന്ദ് നടത്തുമെന്ന് കന്നഡ സംഘടനകളുടെയും കര്‍ഷകരുടേയും നേതൃത്വത്തിലുള്ള കൂട്ടായ്മ വ്യക്തമാക്കി.
അയല്‍ സംസ്ഥാനമായ ഗോവയുമായി നിലനില്‍ക്കുന്ന മഹാദയി നദീ ജലതര്‍ക്കത്തില്‍ ഇടപെടാന്‍ നേരത്തേ സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടാത്തതോടെ അദ്ദേഹം കര്‍ണാടകയില്‍ എത്തുന്ന ദിവസം കരിങ്കൊടി കാട്ടുമെന്നാണ് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ നവകര്‍ണാടക പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോഡി ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ എത്തുന്നത്.
ഇന്നത്തെ ബന്ദിന് 2000 ത്തോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതായി കന്നഡ ചലാവലി നേതാവ് വാട്ടാള്‍ നാഗരാജ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പെട്രോള്‍ ബങ്കുകള്‍ എന്നിവ അടഞ്ഞ് കിടക്കും. സര്‍ക്കാര്‍ ബസുകള്‍ ഉള്‍പ്പെടെ ഏകദേശം 23,000 ബസ്സുകള്‍ സര്‍വ്വീസ് നടത്തിയേക്കില്ല.
അതേസമയം ആദ്യതിരുമാനത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. ഇന്നത്തെ ബന്ദ് ജനജീവിതം ദുരിതത്തിലാക്കാന്‍ മാത്രമേ ഉപകരിക്കുള്ളൂവെന്നും മോഡി വരുന്ന ദിവസം ആണ് ബന്ദിന് ആഹ്വാനം ചെയ്യേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം. ഇതോടെയാണ് 25 ന് കര്‍ണാടകയിലും മോഡി വരുന്ന ദിവസം ബംഗളൂരിലും കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
കര്‍ണാടകയും ഗോവയും തമ്മിലാണ് മഹാദയി നദി ജല തര്‍ക്കം. മഹാദയി നദിയില്‍ നിന്ന് കലസ, ഭണ്ഡൂരി കനാലുകളിലൂടെ മാലപ്രഭ ഡാമിലേക്ക് വര്‍ഷം 7.56 ടിഎംസി അടി ജലം ഗോവ വിട്ട് നല്‍കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. വടക്കന്‍ കര്‍ണാടക പൂര്‍ണമായി ആശ്രയിക്കുന്നത് ഈ നദീ ജലത്തേയാണ്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ഡിസംബര്‍ 27 നും സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
വിഷയത്തില്‍ കോടതിവിധി ഗോവയ്ക്ക് അനുകൂലമായിരുന്നു. അടുത്തിടെ ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ കര്‍ണാടകയിലെ ബിജെപി നേതൃത്വം ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും വഷളായത്. തുടര്‍ന്ന് ബിജെപി സംസ്ഥാന ഓഫീസിന് മുന്നില്‍ കര്‍ഷകര്‍ കുടില്‍കെട്ടി സമരം ആരംഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ബിജെപി ഘടകത്തിന്റെ ആവശ്യം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അംഗീകരിച്ചാല്‍ ഗോവ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ഘടകകക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.