Monday
22 Oct 2018

അടുപ്പുകളിലെ തീ അണയ്ക്കുന്ന ബിജെപി സര്‍ക്കാര്‍

By: Web Desk | Monday 2 October 2017 1:15 AM IST

സാധാരണക്കാര്‍ക്ക് വീണ്ടും മോഡി സര്‍ക്കാരിന്റെ പ്രഹരം. പാചകവാതക സിലിണ്ടറിന്റെ വില പിന്നെയും ഉയര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിച്ചിരിക്കുന്നത്. ഇത്തവണ 14 കിലോ ഗാര്‍ഹിക സിലിണ്ടര്‍ ഒന്നിന് 49 രൂപയും 19 കിലോ ഗാര്‍ഹികേതര സിലിണ്ടറിന് 76 രൂപയുമായാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് 14 കിലോ സിലിണ്ടറുകള്‍ക്ക് 646.50 രൂപയും 19 കിലോ ഗാര്‍ഹികേതര സിലിണ്ടറിന് 1160.50 രൂപയും നല്‍കേണ്ടിവരും.
മോഡി സര്‍ക്കാരിന്റെ സാമ്പത്തിക മുന്‍ഗണനകള്‍ കോര്‍പ്പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും ലാഭം കൊയ്യാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. ഇത് കടുത്ത ജനദ്രോഹമാണ്. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ ഹനിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പെട്രോളിയം-എണ്ണവാതക ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധനവ്. ഇതേ നയങ്ങളില്‍ രോഷാകുലരായ ജനങ്ങളാണ് ഒരു ബദല്‍ എന്ന നിലയില്‍ ബിജെപി സര്‍ക്കാരിനെ കേന്ദ്രത്തില്‍ അവരോധിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എണ്ണക്കമ്പനികളെ ഏല്‍പിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയത്തിനെതിരെ ജനസഭകളിലും തെരുവുകളിലും വമ്പിച്ച പ്രക്ഷോഭം നയിച്ച ബിജെപി അധികാരം കിട്ടിയപാടെ ചെയ്തത് പാചകവാതക വിലനിര്‍ണയം കൂടി എണ്ണക്കമ്പനികളെ ഏല്‍പ്പിക്കുക എന്നതാണ്. 2014 ലോകസഭാ തെരഞ്ഞെടുപ്പുവേളയില്‍ ബിജെപി തള്ളിപ്പറഞ്ഞ കോണ്‍ഗ്രസിന്റെ നവഉദാരീകരണ നയങ്ങള്‍ ജനജീവിതത്തിന്റെ സമസ്തമേഖലകളിലും അതിനേക്കാള്‍ രൂക്ഷമായും സംഘടിതമായും അടിച്ചേല്‍പ്പിക്കുകയാണ് മോഡിയും കൂട്ടരുമിന്ന്. പാചകവാതക വിലനിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ മോഡി സര്‍ക്കാര്‍ ഉന്നയിച്ച അവകാശവാദം അന്താരാഷ്ട്ര വിപണിവിലയുമായി പൊരുത്തപ്പെടുന്ന തരത്തില്‍ ആഭ്യന്തര വിലനിയന്ത്രിക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നതെന്നാണ്. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണിന്ന്. വില വര്‍ധനവിനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയപ്പോള്‍ സര്‍ക്കാരിന്റെ സമ്മതത്തോടെ അവര്‍ പ്രഖ്യാപിച്ചത് പാചകവാതകവില പ്രതിമാസം നാല് രൂപ കണ്ട് വര്‍ധിപ്പിക്കുമെന്നാണ്. 2017 മെയ് നാലിനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ക്രമേണ ഈ മേഖലയില്‍ നിന്നും സബ്‌സിഡി ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതാണ് കോണ്‍ഗ്രസ് തുടങ്ങി മോഡി സര്‍ക്കാര്‍ തുടരുന്ന ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ പൊരുള്‍. കമ്പനികള്‍ക്ക് മോഡി സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് രണ്ട് മാസക്കാലം പാര്‍ലമെന്റില്‍ നിന്നുവരെ അവര്‍ മറച്ചുവച്ചു. എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ വീപ്പയ്ക്ക് 111 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ ചുമത്തിയ വിലയില്‍ നിന്ന് 48 ഡോളറായി കുറഞ്ഞപ്പോഴും ആഭ്യന്തര വിപണിയിലെ ചില്ലറ വില്‍പ്പനവില ഉയര്‍ത്തിയത് കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാനാണ്.
മോഡി സര്‍ക്കാരിന്റെ മറ്റൊരു പ്രചരണം സബ്‌സിഡിയുടെ പേരില്‍ അനര്‍ഹര്‍ ആനുകൂല്യം ഈടാക്കുന്നതൊഴിവാക്കാന്‍ സ്വമേധയാ മറ്റുള്ളവര്‍ ഒഴിഞ്ഞുപോകാന്‍ വേണ്ടി കൂടിയാണ് ഈ നടപടിയെന്നാണ്. അത് വിശ്വസിച്ച് സ്വമേധയാ സബ്‌സിഡി ഒഴിവാക്കിയവര്‍ ധാരാളമുണ്ട്. എന്നാല്‍ എല്ലാവരേയും വഞ്ചിച്ചുകൊണ്ട് ഗാര്‍ഹിക ഉപയോഗത്തിനും ഗാര്‍ഹികേതര ഉപയോഗത്തിനുമുള്ള പാചകവാതകവില കുത്തനെ ഉയര്‍ത്തി രാജ്യത്തെ ജനങ്ങളെ ബിജെപി കബളിപ്പിക്കുകയാണ്.
ബിജെപിയുടെ പുതിയ സാമ്പത്തിക ഉപദേഷ്ടാവ് റോള്‍ ചമയുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞതാണ് ഏറ്റവും വലിയ തമാശ. പെട്രോളും ഡീസലുമൊക്കെ ഉപയോഗിക്കുന്നവര്‍ ധനികരാണെന്നും അവരുടെ കൈയില്‍ നിന്നു പിടിച്ചുവാങ്ങി കക്കൂസും മറ്റും പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ചുകൊടുക്കുക എന്ന ധനതത്വശാസ്ത്രമാണ് ഇതിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ വാദം. പെട്രോള്‍ ഉള്‍പ്പെടെയുള്ള എണ്ണവില നിയന്ത്രണം കുത്തക കമ്പനികള്‍ക്ക് കൊടുത്താല്‍ ലാഭമുപേക്ഷിച്ച് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് കക്കൂസ് പണിതുകൊടുക്കാന്‍ അവര്‍ തയാറാകുമെന്നായിരുന്നോ ബിജെപിയുടെ പ്രതീക്ഷ. കുത്തക കമ്പനികള്‍ക്ക് മുന്നില്‍ ഒരു വിലയേയുള്ളൂ- കൊള്ളവില. വില നിയന്ത്രണം ഇവരെ ഏല്‍പിക്കും മുമ്പ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുമ്പോഴെങ്കിലും സര്‍ക്കാരിന് ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് പൊതുവെയും സബ്‌സിഡി നിരക്കില്‍ പാവപ്പെട്ടവര്‍ക്ക് പ്രത്യേകിച്ചും പെട്രോളും ഡീസലും പാചകവാതകവും നല്‍കാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ ഇന്ന് വില കൂടുന്നതല്ലാതെ കുറയുന്നില്ല. ഈ ജനദ്രോഹ നടപടിയെ ബിജെപി നേതൃത്വം ന്യായീകരിക്കുകയുമാണ്. ഇന്ന് ലോകത്തെതന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധനവില നല്‍കേണ്ടി വരുന്ന രാജ്യമാണ് നമ്മുടേത്. മൂല്യവര്‍ധിത നികുതിയുടേയും എക്‌സൈസ് തീരുവയുടേയും പേരില്‍ ഇതുവരെ വിലവര്‍ധനവിനെ ന്യായീകരിച്ച കേന്ദ്രഭരണകൂടം, അതേസമയം പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എണ്ണക്കമ്പനികള്‍ നടത്തുന്ന പകല്‍ക്കൊള്ളയ്ക്ക് പരസ്യമായി ചൂട്ടുപിടിക്കുന്ന മോഡി സര്‍ക്കാര്‍ മറ്റ് പല വാഗ്ദാനലംഘനങ്ങളും നടപടികളും കാരണം ആളിക്കത്തിക്കൊണ്ടിരിക്കുന്ന ജനരോഷത്തില്‍ എണ്ണ ഒഴിക്കുക കൂടിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പാചകവാതക വിലവര്‍ധന പല അടുപ്പുകളിലെയും തീ കെടുത്തുമ്പോള്‍ അത് ജനമനസുകളില്‍ വലിയ തീ കോരിയിടുകയാണെന്ന് മോഡി സര്‍ക്കാര്‍ തിരിച്ചറിയേണ്ടി വരും.

Related News