Friday
14 Dec 2018

സഹകരണ നയം രൂപപ്പെടുത്തിയ സഹകരണ കോണ്‍ഗ്രസ്

By: Web Desk | Thursday 22 February 2018 10:33 PM IST

കെ ജി ശിവാനന്ദന്‍

2018 ഫെബ്രുവരി ഒന്‍പത് മുതല്‍ 12 വരെ കണ്ണൂരില്‍ വെച്ച് നടന്ന 8-ാമത് സഹകരണ കോണ്‍ഗ്രസ് വിവിധങ്ങളായ പരിപാടികളാല്‍ സമ്പന്നമായിരുന്നു. ‘വൈവിധ്യങ്ങളിലൂടെ മുന്നോട്ട്’ എന്ന ആകര്‍ഷണീയമായ മുദ്രാവാക്യവുമായി ആരംഭിച്ച സഹകരണ കോണ്‍ഗ്രസ്സിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സഹകരണ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട പ്രത്യേകത സഹകരണ നയത്തിന്റെ കരട് രൂപത്തിന്റെ അവതരണവും ചര്‍ച്ചയുമായിരുന്നു. സഹകരണം ഒരു സംസ്ഥാനതല വിഷയമായതിനാല്‍ നിയമം പാസാക്കിയെടുക്കാനുളള അധികാരം നിയമസഭയ്ക്കുളളതാണ്. സഹകരണ നയം നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പായി കേരളത്തിലെ സഹകാരികളുടെ ഉയര്‍ന്ന വേദിയായിട്ടുളള സഹകരണ കോണ്‍ഗ്രസില്‍ വകുപ്പുമന്ത്രി തന്നെ കരടുനയം അവതരിപ്പിച്ച് ചര്‍ച്ചക്ക് തിരി കൊളുത്തിയത് എന്ത്‌കൊണ്ടും ഉചിതമായി. ജനകീയചര്‍ച്ചക്ക് കൂടി വഴി തുറന്നാല്‍ സര്‍ക്കാരിന്റെ സുതാര്യതയാര്‍ന്ന പ്രവര്‍ത്തനത്തിന് തിളക്കം വര്‍ധിക്കും.
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1904-ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി സഹകരണ നിയമം നിലവില്‍ വന്നത്. നിയമം ഉണ്ടായ ശേഷം ആദ്യം രജിസ്റ്റര്‍ ചെയ്ത സംഘം, 1904-ല്‍ തന്നെ രൂപം കൊണ്ട മദിരാശി പ്രവിശ്യയില്‍ തിരുവുളളത്തെ വായ്പാസഹകരണ സംഘമായിരുന്നു. അതിശയകരമായ വളര്‍ച്ചയാണ് ഇന്ത്യ ഇതിനകം സഹകരണ മേഖലയില്‍ കൈവരിച്ചിട്ടുളളത്.ആറ് ലക്ഷത്തോളം വരുന്ന സഹകരണ സംഘങ്ങളിലായി 24 കോടിയിലധികം അംഗങ്ങളുളള ജനകീയ പ്രസ്ഥാനമാണ് ഇന്ത്യയിലെ സഹകരണ ശൃംഖല.
ഐക്യ കേരള പിറവിക്ക് ശേഷം 13 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് കേരള സംസ്ഥാനത്തിന് തനതായ ഒരു സഹകരണ നിയമം ഉണ്ടായത്. 1969 മെയ് 15 ന് കേരള സഹകരണസംഘം നിയമം പ്രാബല്യത്തില്‍ വന്നു. സമഗ്രമായ ഒരു സഹകരണ നയം ഉണ്ടായെങ്കിലും അതിന് കാലോചിതമായ മാറ്റങ്ങള്‍വരുത്തിയിട്ടുണ്ടെങ്കിലും സഹകരണ നയം പ്രഖ്യാപിക്കുവാനോ നടപ്പിലാക്കുവാനോ ഇതുവരെ കേരളം ഭരിച്ച ഒരു സര്‍ക്കാരിനും സാധിച്ചിട്ടില്ല. കേന്ദ്ര തലത്തിലും സ്ഥിതി ഇതു തന്നെയാണ്.
കേന്ദ്ര നയത്തിനായിട്ടുളള ശ്രമം 1958-മുതല്‍ ആരംഭിച്ചതാണ്. 1977-ല്‍ ഒരു സഹകരണ നയം തയ്യാറാക്കാനുളള ശ്രമവും നടന്നു. ‘സഹകരണ മേഖല ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക്’ എന്നതായിരുന്നു ചര്‍ച്ച വിഷയം. എന്നാല്‍ അന്തിമ രൂപം ഉണ്ടായിരുന്നില്ല. ഇന്റര്‍ നാഷണല്‍ കോപ്പറേറ്റിവ് അലൈന്‍സ് ഐസിഎയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യ ഗവണ്‍മെന്റ് വീണ്ടും ഒരു ശ്രമം സഹകരണനയം രൂപപ്പെടുത്തുന്നതിനു വേണ്ടി 2002-ല്‍ തുടങ്ങി. നവ ഉദാരീകരണക്കാലത്ത് സഹകരണ മേഖല എങ്ങനെ പ്രവര്‍ത്തിക്കണം എന്നാണ് ഈ കരടു നയത്തിലെ പ്രതിപാദ്യ വിഷയം. 2002-ലെ പരിശ്രമവും പരാജയമായി. സഹകരണം ഒരു സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രനയം പ്രായോഗികമല്ലായെന്ന അഭിപ്രായവും ഉയര്‍ന്നു.അങ്ങനെ 2002-ലെ കരടുനയത്തിന് ഭാവി ഇല്ലാതെ പോയി.
സഹകരണ മേഖലയില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ടാണ് പാര്‍ലമെന്റ് 97-ാം ഭരണഘടന ഭേദഗതിനിയമം പാസാക്കിയത്. നവ ഉദാരീകരണനയത്തിന് അനുയോജ്യമായ വിധത്തില്‍ സഹകരണ മേഖലയെ മാറ്റിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന ഈ നിയമം പൊരുത്തക്കേടുകള്‍ ഉള്ള രണ്ട് കാര്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ജനാധിപത്യ കേന്ദ്രീകൃതവും സ്വയം ഭരണാധീകാരവുമുളളതായിരിക്കണം സഹകരണ പ്രസ്ഥാനങ്ങള്‍. അതോടൊപ്പം സഹകരണ സംഘങ്ങള്‍ രൂപീകരിക്കുകയെന്നത് മൗലികാവകാശമാണെന്ന് കേന്ദ്ര നയം വ്യക്തമാക്കുന്നു. എന്നാല്‍ സംസ്ഥാന നിയമത്തില്‍ ഒരേ സ്വഭാവമുളള ഒന്നിലേറെ സംഘങ്ങളില്‍ ഒരാള്‍ അംഗമായിരിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയാണുള്ളത്. മാത്രവുമല്ല ഒരുസംഘം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രവര്‍ത്തന പരിധി, പ്രവര്‍ത്തന സാധ്യത എന്നിവ പരിശോധിച്ച് രജിസ്ട്രാര്‍ക്ക് തീരുമാനമെടുക്കാമെന്നും വ്യവസ്ഥയുണ്ട്. ഈ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ നിന്നാണ് സംസ്ഥാന സഹകരണ നയം രൂപം കൊള്ളുന്നത്.
സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പില്‍ സഹകരണ സംഘങ്ങള്‍ക്കുളള പങ്കാളിത്തത്തെ കുറിച്ചാണ് കരടു നയത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിട്ടുളളത്. പ്രാദേശിക സര്‍ക്കാരുകളായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പില്‍ സഹകരണസംഘങ്ങളെ എത്രത്തോളം പങ്കാളിയാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ‘പ്രാദേശിക സമ്പത്ത്, പ്രാദേശിക വികസനം’ എന്ന ബാനറിന്‍ കീഴിലായിരിക്കും വികസന കാഴ്ച്ചപ്പാട് അവതരിപ്പിക്കുന്നത്. പ്രാദേശികമായി ശേഖരിക്കുന്ന മൂലധനമാണ് സഹകരണ ബാങ്കുകളില്‍ ഉളളത്. ഇതിനെ എങ്ങനെ പ്രാദേശിക വികസനത്തിന് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ഒരു കാഴ്ച്ചപ്പാട് ഉണ്ടായിരുന്നു. ഒരു ഗ്രാമത്തിന്റെ വികസനത്തിന് ഒരു പഞ്ചായത്ത് , സ്‌കൂള്‍ സഹകരണ സംഘം; ഇതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പ്പം.
സഹകരണ മേഖലയിലെ സമീപനത്തെക്കുറിച്ചും കരട് നയത്തില്‍ ചില സൂചനകള്‍ ഉണ്ട്. വായ്പ സംഘങ്ങളും മറ്റ് സംഘങ്ങളും ഉള്‍പ്പെടെയുളള സഹകരണസ്ഥാപനങ്ങളില്‍ ഉണ്ടാകേണ്ടതായ സമീപനത്തെക്കുറിച്ചാണ് നയരേഖയില്‍ സൂചനകള്‍ ഉളളത്. ഒരു പഞ്ചായത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ ഒന്നിലേറെ വായ്പാസംഘങ്ങള്‍ ആവശ്യമുണ്ടോയെന്ന ചോദ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്.പഞ്ചായത്തിന്റെ ബാങ്ക് എന്ന നിലയില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഉണ്ടാകുമ്പോള്‍ മറ്റു പേരിലും പല തരം സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടോയെന്ന പ്രശ്‌നമാണ് ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുളളത്. ഈ നിര്‍ദ്ദേശം കേരളത്തില്‍ ഒരു തര്‍ക്ക വിഷയമായി മാറിക്കൂടായ്കയില്ല. സഹകരണ സംഘങ്ങള്‍ തമ്മിലുളള സഹവര്‍ത്തിത്ത്വമാണ് നയരേഖയില്‍ പറയുന്ന മറ്റൊരു കാര്യം. ഒരു സംഘം ഉത്പാദിപ്പിക്കുന്നത് മറ്റൊരു സംഘത്തിന് വിപണനം ചെയ്യാനാകുമെങ്കില്‍ അത്തരം ഒരു സഹവര്‍ത്തിത്ത്വം ഉറപ്പു വരുത്തണം.
97-ാം ഭരണഘടനാ ഭേദഗതിക്ക് ശേഷം സംസ്ഥാന സഹകരണ നിയമം ഭേദഗതി ചെയ്‌തെങ്കിലും അത് കാര്യമായ പഠനത്തിനോ പരിശോധനയ്ക്ക് ശേഷമോ ആയിരുന്നില്ല നടത്തിയത്. കേന്ദ്ര നിയമത്തിന് അനുസരണമായി മാറ്റങ്ങള്‍വരുത്തുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ പല വൈരുദ്ധ്യങ്ങളും നിയമത്തില്‍ ഉണ്ട്. വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാവുന്ന വിധത്തില്‍ കാര്യമായ ഭേദഗതി ഇനിയും ഉണ്ടാകണം. ഉദാഹരണത്തിന് സംഘങ്ങളിലെ മെമ്പര്‍മാര്‍ സജീവ അംഗങ്ങള്‍ ആകേണ്ടതിന്റെ അനിവാര്യത നയം ചൂണ്ടികാട്ടുന്നു.’സജീവ അംഗങ്ങള്‍’ ആരെന്ന് നിയമപരമായിത്തന്നെ നിര്‍വ്വചിക്കേണ്ടത് ആവശ്യമാണ്.
പൊതുയോഗത്തിലെ പങ്കാളിത്തം, സംഘത്തിന്റെ സേവനം ഉപയോഗിക്കല്‍ എന്നിവയൊക്കെയാണ് സജീവ അംഗങ്ങളുടെ നിര്‍ണ്ണയത്തിന് അടിസ്ഥാനമായിട്ടുളളത്. കേരളത്തിലെ സഹകരണസ്ഥാപനങ്ങളിലാകെയായി ഏകദേശം അഞ്ചരക്കോടി അംഗങ്ങള്‍ ഉണ്ടെന്ന് കണക്കാക്കുന്നു.ഇന്നത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ സംഘങ്ങളില്‍ മെമ്പര്‍മാരാണെന്നര്‍ത്ഥം.
സഹകരണനയം വ്യക്തമാക്കുന്നത് പതിനഞ്ച് ഇന ഉദ്ദേശ്യ ലക്ഷ്യങ്ങളും ഇരുപത്തി ഒന്ന് നിര്‍ദ്ദേശങ്ങളുമാണ്. സാധാരണ ജനങ്ങള്‍ക്ക് അനുകൂലവും, പരിസ്ഥിതി സൗഹാര്‍ദ്ദവും, സ്ത്രീശാക്തീകരണവും ഉള്‍ക്കൊള്ളുന്നതാണ് പ്രഖ്യാപിക്കപ്പെട്ട സഹകരണനയം. എന്നാല്‍ കരടുനയത്തില്‍ ചില മേഖലകള്‍ ഉള്‍പ്പെടാതെ പോകുന്നുണ്ട്. ഉദാഹരണത്തിന് വാണിജ്യ ബാങ്കുകളുടെ മാതൃകയില്‍ വേരുറപ്പിക്കപ്പെട്ടതും ശക്തിയാര്‍ജ്ജിച്ചിട്ടുളളതുമായ സഹകരണരംഗമാണ് അര്‍ബണ്‍ സഹകരണ ബാങ്കുകള്‍. ബാങ്കിങ്ങ് റഗുലേഷന്‍ ആക്ടിന്റെയും കേരള കോ-ഓപ്പറേറ്റിവ് സൊസൈറ്റീസ് ആക്ടിന്റേയും റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന 60 ബാങ്കുകള്‍ സംസ്ഥാനത്തുണ്ട്. 445 ശാഖകള്‍ പ്രവര്‍ത്തിക്കുന്ന ഈ ബാങ്കിങ് സംവിധാനത്തിന്റെ നിക്ഷേപം 14000/- കോടി രൂപയാണ്. പല വിധ സഹകരണ സംഘങ്ങള്‍ക്കായി ഒരു അപ്പെക്‌സ് സഹകരണ ഫെഡറേഷന്‍ രൂപീകരിക്കുമെന്ന സൂചനയുണ്ടെങ്കിലും യുസിബിയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
പുതിയരൂപത്തില്‍ പ്രവര്‍ത്തനം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട കേരള ബാങ്കിനെ സംബന്ധിച്ചും നയത്തില്‍ സൂചനകള്‍ ഒന്നും തന്നെയില്ല. പതിനാല് ജില്ലാ സഹകരണബാങ്കുകളേയും സംസ്ഥാന സഹകരണ ബാങ്കിനേയും തമ്മില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുമെന്നത് എല്‍ഡിഎഫ് പ്രകടന പത്രികയിലൂടെ നല്‍കിയ വാഗ്ദാനമായത് കൊണ്ട് വാഗ്ദാനം നടപ്പിലാക്കുന്നതിനുളള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. കേരളാ ബാങ്ക് വന്നാല്‍ ആകെയുണ്ടാകുന്ന ഏക കുറവ് ജില്ലാ സഹകരണബാങ്കുകളിലെ ഡയറക്ടര്‍ ബോര്‍ഡ് ഇല്ലാതാകുന്നുവെന്നുളളത് മാത്രമാണെന്നും മന്ത്രി പറയുകയുണ്ടായി. അനുഭവങ്ങളെ പാഠമാക്കി കൊണ്ട് തീരുമാനങ്ങള്‍ എടുക്കുന്നതായിരിക്കും നല്ലത്. ആന്ധ്രപ്രദേശില്‍ എന്‍ ടി രാമറാവു മുഖ്യ മന്ത്രിയായിരുന്ന സമയത്ത് കാര്‍ഷികഗ്രാമ വികസന ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുകയുണ്ടായി. പരമ അബദ്ധമായി മാറിയ നടപടിയായിരുന്നു അത്. കേരള ബാങ്കിന്റെ വരവോടുകൂടി ജില്ലാബാങ്കുകള്‍ ഇല്ലാതാകുകയും വാണിജ്യ ബാങ്കുകളുടെ മാതൃകയില്‍ റീജിയണല്‍ കമ്മിറ്റി വരികയും ചെയ്യും. ശ്രീറാം കമ്മിറ്റി മൂന്ന് റീജിയണല്‍ കമ്മിറ്റികളെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജനാധിപത്യപരമായ കേന്ദ്രീകരണം ആവശ്യമാണ്. അതോടൊപ്പം അധികാര വികേന്ദ്രീകരണവും വേണം. എങ്കിലേ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുളളൂ. ജില്ലകളിലെ തനത് പ്രവര്‍ത്തന രീതികളും വൈവിധ്യങ്ങളും നില നിര്‍ത്താന്‍ ആകും വിധത്തില്‍ പൊതു സാഹചര്യത്തെ പൊരുത്തപ്പെടുത്തണം. സഹകരണ ബാങ്കിംഗ് പ്രവര്‍ത്തനത്തിന്റെ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാനും കഴിയണം. മറ്റ് മേഖലകളിലേക്കും ജില്ലാതല ഭരണ സംവിധാനങ്ങള്‍ ഉണ്ട്. കേരളാബാങ്കിന് അതിന്റെ കേന്ദ്രീകൃത നേതൃത്വത്തിന് കീഴില്‍ 14 റീജിയണല്‍ കമ്മിറ്റികള്‍ ഉണ്ടാകുന്നത് ഗുണകരമായിരിക്കും.
‘വൈവിധ്യങ്ങളിലൂടെ മുന്നോട്ട്’ എന്ന ആശയവുമായി കേരളത്തിലെ സഹകരണപ്രസ്ഥാനം മുന്നേറുകയാണ്. എട്ടാമത് സഹകരണ കോണ്‍ഗ്രസില്‍ സര്‍ക്കാറിനു വേണ്ടി അവതരിപ്പിക്കപ്പെട്ട കരട് സഹകരണ നയം നിയമമായി മാറുന്നതോട് കൂടി സഹകരണ മേഖലയുടെ നാഴികകല്ലായിത്തീരും.