Monday
10 Dec 2018

സഹകരണ മേഖല ഡിജിറ്റലൈസ് ചെയ്യേണ്ടത് അനിവാര്യം: മുഖ്യമന്ത്രി

By: Web Desk | Tuesday 14 November 2017 6:07 PM IST

കോഴിക്കോട്: സഹകരണ മേഖല ഡിജിറ്റലൈസേഷനോട് പുറം തിരിഞ്ഞു നില്‍ക്കരുതെന്നും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയില്ലെങ്കില്‍ മേഖലയുടെ വളര്‍ച്ചയെ അത് പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  നൂതന സാങ്കേതിക വിദ്യയോടു പുറം തിരിഞ്ഞു നിന്നുകൊണ്ടു പോവാന്‍ കഴിയില്ല. സഹകരണ മേഖല പൂര്‍ണ്ണമായും ഡിജിറ്റല്‍ സമ്പ്രദായത്തിലേക്ക് മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അറുപത്തിനാലാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റലൈസേഷന്‍ വഴി വലിയ മാറ്റം സംഭവിക്കുമ്പോള്‍ സഹകരണ മേഖലയും ആ മാറ്റത്തിനനുസൃതമായ വേഗത ആര്‍ജ്ജിക്കണം. ഡിജിറ്റലൈസേഷന്‍ വഴി കൂടുതല്‍ ജനവിശ്വാസ്യതയും സ്വീകാര്യതയും നേടിയെടുക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. കൂടുതല്‍ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കാനും സാധിക്കും. അതോടൊപ്പം ബാങ്കിംഗ് കാര്യങ്ങളില്‍ സുതാര്യത നിലനിര്‍ത്താനും കഴിയും. സഹകരണ മേഖല പൊതുവേ അഴിമതിയില്‍ നിന്ന് വിമുക്തമായ മേഖലയാണെങ്കിലും ഒറ്റപ്പെട്ടുണ്ടാവുന്ന അഴിമതിയും സ്വജനപക്ഷപാതവും ധനവിനിയോഗ ധൂര്‍ത്തുമെല്ലാം ഡിജിറ്റലൈസേഷന്‍ വഴി തടയിടാനാവും. സാമ്പത്തിക അസമത്വം പോലെ ഡിജിറ്റര്‍ അസമത്വവും സമൂഹത്തിലുണ്ട്.

ഡിജിറ്റലൈസേഷന്റെ ഗുണഫലം എല്ലാവരിലേക്കും എത്തിക്കുന്നതിന് ഡിജിറ്റല്‍ ഭിന്നത തടസ്സമാണ്. ഇത്തരം അസമത്വങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയണം. അറിവിന്റെ തലത്തില്‍ നില്‍ക്കുന്ന അസമത്വത്തെ മാറ്റി വിവരസമൂഹത്തെ സജ്ജമാക്കാന്‍ തയാറാവണം.
സഹകരണ മേഖലയില്‍ ഡിജിറ്റില്‍ സാക്ഷരത അനിവാര്യമാണ്. അതിന് സഹകരണ യൂണിയന്‍ നേതൃത്വം നല്‍കണം. ആധുനിക സാങ്കേതി വിദ്യ പൂര്‍ണമായും ഉള്‍ക്കാള്ളാന്‍ കഴിയാത്ത ഇടപാടുകാര്‍ ഉണ്ട്. ഡിജിറ്റിലൈസേഷന്‍ നടപ്പാക്കുമ്പോള്‍ അവരെ ആധുനികതയുമായി അടുപ്പിക്കാനുള്ള നടപടികൂടി സ്വീകരിക്കണം. അതിന് പ്രചാരണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നതിന് സഹകാരികള്‍ മുന്നോട്ടുവരണം. സഹകരണ സ്ഥാപനങ്ങളില്‍

യോഗ്യതയുള്ളവരെ ജീവനക്കാരായി നിയമിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാവരുത്. ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുസമ്പ്രദായം സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തങ്ങളെ സഹായിക്കുന്നവരെ സഹകരണ സ്ഥാപനങ്ങളിലേക്ക് കയറ്റണമെന്നാണ് ചിലര്‍ക്ക് താത്പര്യം. കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ള ജീവനക്കാരുടെ എണ്ണത്തില്‍ വലിയ അപര്യാപ്ത നിലനില്‍ക്കുന്നുണ്ട്. ഇത് എങ്ങിനെ പരിഹരിക്കാമെന്നത് ഗൗരവമായി ചിന്തിക്കണം. ഡിജിറ്റിലൈസേഷന്‍ വഴിയുള്ള മാറ്റം നാട്ടിന്‍ പുറങ്ങില്‍ വരാന്‍ പോവുകയാണെന്ന് കാണണം. ഇതിന് പര്യാപ്തമായ സംവിധാനം ഒരുക്കാന്‍ കഴിയണം. എല്ലാ വീടുകളിലും ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഏതാനും മാസം കൊണ്ട് ഇത് പ്രാവര്‍ത്തികമാക്കും. അപ്പോള്‍ ഡിജിറ്റിലൈസേഷന്റെ വേഗതയും കൂടുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.എം പി വീരേന്ദ്രകുമാര്‍ എം പി മുഖ്യപ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ മുനീര്‍ എം എല്‍ എ, എ പ്രദീപ് കുമാര്‍ എം എല്‍ എ, ഇ കെ വിജയന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് രജിസ്ട്രാര്‍ പി കെ പുരുഷോത്തമന്‍ നന്ദി പറഞ്ഞു. രാവിലെ സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക പതാക ഉയര്‍ത്തി. ജി എസ് ടിയും നവകരേള വികസനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മന്ത്രി ഡോ: തോമസ് ഐസക്ക് വിഷയാവതരണം നടത്തി. വൈകീട്ട് നടന്ന പൊതുസമ്മേളനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നിന്ന് മുതലക്കുളം മൈതാനത്തേക്ക് വര്‍ണ്ണശബളമായ ഘോഷയാത്രയും നടന്നു. സമ്മേളനത്തിന്റെ ഭാഗമായി ആയിരം ഏക്കറില്‍ ജൈവ പച്ചക്കറിക്കൃഷി, ഇടനില കൃഷികള്‍, 250 മഴക്കുഴികള്‍, ശുചിത്വവാരാഘോഷം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കിയിരുന്നു.