Monday
25 Jun 2018

അഴിമതിപ്പിരമിഡുകളുടെ കാലം – സി രാധാകൃഷ്ണന്‍

By: Web Desk | Sunday 27 August 2017 1:34 AM IST

ഒറ്റയടിപ്പാതകള്‍


കുറച്ചിട മുന്‍പ് ഒരു നാഷണല്‍ ജിയോഗ്രഫി ഫീച്ചര്‍ (ടെലിവിഷനില്‍) കാണുകയുണ്ടായി. ചിത്രം കാട്ടുനായ്ക്കളുടെ സമൂഹഘടനയെപ്പറ്റി ആയിരുന്നു. കൂട്ടം ചേര്‍ന്ന് സമര്‍ഥമായി വേട്ടയാടിയാണ് ഇവ ഭക്ഷണം നേടുന്നത്. ഈ പരിശ്രമത്തില്‍ എറെ ഉടലുകള്‍ക്ക് ഒരേ ഉയിരെന്ന മട്ടില്‍ അവ പ്രവര്‍ത്തിക്കും.
സമൂഹത്തില്‍ അലിഖിത നിയമങ്ങള്‍ നിലവിലുണ്ട്. ആഹാരം പങ്കിടുന്നതിനും ഇണയെ കണ്ടെത്തുന്നതിനും എല്ലാം ഇവ ബാധകമാണ്. കൂട്ടത്തിലൊരംഗം ഈ നിയമം തെറ്റിച്ചാല്‍ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ചാണ് ഈ ഫീച്ചര്‍ ദൃശ്യങ്ങളിലൂടെ അനേ്വഷിച്ചത്.
അപരാധിയെ സമൂഹം തീര്‍ത്തും ബഹിഷ്‌കരിക്കുന്നു. നായാട്ടുകൂട്ടത്തില്‍ ചേര്‍ക്കില്ല. ഭക്ഷണം പങ്കിടുന്നേടത്തു ചെല്ലാന്‍ അനുവദിക്കില്ല. ഇണയെ കിട്ടില്ല. ഉണ്ടായിരുന്ന ഇണയും ഉപരോധത്തില്‍ പങ്കാളിയാവും. ചുരുക്കത്തില്‍ ഈ സമുദായദ്രോഹി ഒറ്റപ്പെട്ട് പട്ടിണി കിടന്ന്, അലഞ്ഞ് എങ്ങാനും വീണ് ചാവുന്നു.
ബുദ്ധിയില്ലെന്നു നാം കരുതുന്ന നായയുടെ സമൂഹത്തിലെ സമ്പ്രദായം- അതും ‘കാട്ടു’നായ്ക്കളുടെ- നമ്മുടെ നിയമപാലനരീതിയുമായി തട്ടിച്ചു നോക്കുക. ഒരു ഉദാഹരണം ഇതാ: ഇന്നലെ (ഞാനിതു കുറിക്കുന്നത് ഓഗസ്റ്റ് 21-നാണ്) ഉത്തര്‍പ്രദേശില്‍ നടന്ന കാര്യം. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഒരു പൊലീസ് ഓഫീസറും ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെ അഞ്ചുപേരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. പ്രതികളെ കൃത്യമായി ചൂണ്ടിക്കാട്ടി ആ പാവം പെണ്‍കുട്ടി മരിച്ചു. വിവരമറിഞ്ഞ അച്ഛന്‍ ഹൃദയം പൊട്ടിയും മരിച്ചു.
പിന്നീടുണ്ടായതാണ് ഈ കുറ്റത്തേക്കാള്‍ പൈശാചികമായത്. ആ പൊലീസുകാരനെ അറസ്റ്റു ചെയ്തുവെങ്കിലും ചുമത്തിയിരിക്കുന്നത് ഉപദ്രവിച്ചു എന്ന ‘മൈനര്‍’ കുറ്റമാണ്. ജാമ്യം കിട്ടും, ശിക്ഷ കിട്ടിയാലും നാമമാത്രമാവും. അതുമല്ല, പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയ മറ്റുള്ളവരെല്ലാം തീര്‍ത്തും നിരപരാധികളാണെന്ന് സംസ്ഥാനമന്ത്രി പ്രഖ്യാപിച്ചു.
കുറ്റം ചെയ്യുന്നവരെ കൃത്യമായ ഒരു ശാരീരികാടയാളമുണ്ടാക്കി വിടുകയും സമൂഹം പുറന്തള്ളുന്ന സ്ഥിതി ഉണ്ടാവുകയുമാണ് വേണ്ടതെന്ന് ചാണക്യന്‍ അര്‍ഥശാസ്ത്രത്തില്‍ പറയുന്നു. മൃഗങ്ങള്‍ കാണിക്കുന്നത്രയെങ്കിലും നിയമസമാധാനപാലനകൗശലം നമുക്കായിക്കൂടേ? ഇതു സാധിക്കാത്തത് അധികാരികള്‍ കൂടുതല്‍ വലിയ കുറ്റവാളികള്‍ ആയതുകൊണ്ടല്ലേ? കുറ്റം ചെയ്യാത്തവരും കുറ്റകൃത്യങ്ങളെ അപലപിക്കുന്നവരുമായ ജനസാമാന്യത്തെ കുറ്റവാളികളായ നീചകഥാപാത്രങ്ങള്‍ ഭരിക്കുന്ന സംവിധാനം എങ്ങനെ നിലവില്‍ വന്നു?
ഓരോ ജനനേതാവും ഓരോ സംഘം കൊടുംകുറ്റവാളികളെ വേട്ടപ്പട്ടികളായി പുലര്‍ത്തുന്ന കാര്യം പരസ്യമായ രഹസ്യമാണല്ലോ, ഇപ്പോള്‍. സമുദായ മനഃസാക്ഷിയുടെ ഇച്ഛാശക്തി എന്തുകൊണ്ട് ഇവര്‍ക്കെതിരെ ഉയരുന്നില്ല?
നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതിന് ഉത്തരവാദി ആരെന്ന് ഇനിയും അറിയില്ല! നാളെ അറിയുമെന്നു കരുതാനും വയ്യ. ആരോ കൃത്യനിര്‍വഹണത്തില്‍ വീട്ടുവീഴ്ച വരുത്തിയെന്നു നിശ്ചയം. ഓക്‌സിജന്‍ നല്‍കുന്നവര്‍ ബന്ധപ്പെട്ടവരെ ‘വേണ്ടരീതിയില്‍’ കാണാഞ്ഞാണ് അവരുടെ ബില്ല് പാസാകാതെ കിടന്നതത്രെ. ഈ ‘ബന്ധപ്പെട്ട’ ആളുകള്‍ക്കെതിരെ എന്തുകൊണ്ട് കൊലക്കുറ്റത്തിന് കേസെടുക്കുന്നില്ല? കേസെടുക്കുന്നതിന് ചുമതല ഉള്ളവരും ‘വിഹിതം’ വാങ്ങുന്നുവരായതുതന്നെ കാരണം.
ഒരു അപകടമുണ്ടായി ഒട്ടുപേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ ‘അട്ടിമറി’ എന്ന് റയില്‍വേ കൈകഴുകുന്നു. അറ്റകുറ്റപ്പണി നടത്തിയവരുടെ അനാസ്ഥയാണ് യഥാര്‍ത്ഥ അപകടകാരണം. റയില്‍വേയില്‍ നടക്കാത്ത ‘പണികളില്‍’ കൈക്കൂലി എത്ര ശതമാനമാണ് എന്നനേ്വഷിക്കാന്‍ വിജിലന്‍സുകാരും ചെല്ലാത്തത് വേണ്ടത്ര വിജിലന്‍സ് കാണിക്കാതിരിക്കാന്‍ അവര്‍ക്കും പങ്ക് കിട്ടുന്നതിനാലാവും.
ഈജിപ്റ്റില്‍ ഭീമാകാരങ്ങളായ പിരമിഡുകള്‍ പണിതവര്‍ പിന്നോക്കം പോകുന്നത്ര വലിയ പിരമിഡുകളാണ് അഴിമതിയാല്‍ നാം നമ്മുടെ നാട്ടില്‍ തീര്‍ത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ജാതിയോ മതമോ സ്വത്വബോധമോ ഭാഷയോ ആണ്‍പെണ്‍ ഭേദമോ ഇല്ലതാനും.
സമൂഹം നറുനുറെ ശിഥിലമായതുകൊണ്ടാണ് ഈ അതിക്രമം സാധ്യമായത്. സമുദായമെന്ന കാര്യമേ ഇല്ലെങ്കില്‍ സമുദായ മനഃസാക്ഷി എന്നൊന്ന് ഇല്ലല്ലൊ. അത്രയുമല്ല, നുറുങ്ങിയ സമൂഹത്തില്‍ നെടുകെയും കുറുകെയും അതിരുകളുള്ള താല്‍പര്യതുരുത്തുകള്‍ പണിതിരിക്കുന്നു. ജാതിയുടേയും മതത്തിന്റെയും പ്രാദേശികതയുടെയും പേരില്‍ പട്ടാളസമാനങ്ങളായ പോര്‍സംഘങ്ങളുണ്ടായി. ഇവയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന ധാരണ ഉളവാക്കിയാല്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയുമായി.
നൂറുകണക്കിന് കുട്ടികള്‍ പ്രാണവായുവില്ലാതെയോ പട്ടിണിയാലോ മരിച്ചാലും ഏറെപ്പേര്‍ തീവണ്ടി മറിഞ്ഞ് മരിച്ചാലും എത്ര കൂട്ടബലാല്‍സംഗങ്ങള്‍ നടന്നാലും ‘പശു ആംബുലന്‍സിന്’ കോടികള്‍ പ്രഖ്യാപിച്ചാല്‍ നിന്നുപൊറുക്കാമെന്ന് ആരൊക്കെയോ പഠിച്ചിരിക്കുന്നു. ഇതിവിടെ നടപ്പില്ല എന്നു പറയാന്‍ മതിയായ വിദ്യാഭ്യാസം ഇല്ല എന്ന നിലാവെട്ടത്തിലാണ് ഈ തട്ടിപ്പ്. ജനദ്രോഹങ്ങളെ ജനമഹാസേവനമായി ചിത്രീകരിക്കുന്ന വന്‍പരസ്യങ്ങള്‍ ബഹുജനമാധ്യമങ്ങള്‍ കാഴ്ചവയ്ക്കുന്നു എന്നുമാവുമ്പോള്‍ സൂരേ്യാദയം അത്രയും അകലെയാവുകയും ചെയ്യുന്നു.

 

Related News