Sunday
24 Sep 2017

മണ്‍പാത്രങ്ങള്‍ക്ക് നിറവും തിളക്കവും കൂട്ടാന്‍ വിഷാംശമുള്ള രാസവസ്തുക്കള്‍

By: Web Desk | Thursday 24 August 2017 10:41 PM IST

എം എം ജോര്‍ജ്ജ്
പിറവം: ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസപദാര്‍ഥങ്ങളുടെ സാന്നിദ്ധ്യം മണ്‍പാത്രങ്ങളില്‍ വ്യാപകമാകുന്നു. കാന്‍സര്‍ രോഗത്തെ ഭയന്ന് പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങള്‍ ഉപേക്ഷിച്ച് മണ്‍പാത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തിലാണ്, പാത്ര നിര്‍മ്മാണത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന വിവരം പുറത്ത് വന്നത.്
പാത്രം കഴുകിയ വെള്ളത്തിനു നിറവ്യത്യാസമുണ്ടായതോടെയാണ് മണ്‍ചട്ടിയുടെ രാസപരിശോധനയിലേക്ക് കാര്യങ്ങള്‍ എത്തിയത്. സംശയം തോന്നിയ പിറവം എം കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനും പിറവം നഗരസഭ കൗണ്‍സിലറുമായ ബെന്നി വി വര്‍ഗീസ് മണ്‍പാത്രം കഴുകിയ വെള്ളം കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ പരിശോധനക്കയച്ചപ്പോള്‍ ക്ലോറൈഡ് അയണിന്റേയും, ഫെറിക് അയണിന്റേയും, സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. ഈ രാസഘടകങ്ങള്‍ ഓക്‌സൈഡുകളുടേയും ആല്‍ക്കലികളുടേയും അവശിഷ്ടങ്ങളാണ്. മനുഷ്യ ശരീരത്തില്‍ ഇവയുടെ സാന്നിദ്ധ്യം കരള്‍, വൃക്ക, എന്നിവയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ച് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യുമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു.
മണ്‍പാത്രനിര്‍മ്മാണത്തില്‍ രാസപദാര്‍ഥങ്ങളുടെ ഉപയോഗം വിലക്കിയിട്ടുണ്ടെന്നും, എന്നാല്‍ ചില നിര്‍മ്മാണ യൂണിറ്റുകള്‍ പാത്രങ്ങള്‍ക്ക് നിറവും തിളക്കവും കൂട്ടുന്നതിനായി റെഡ് ഓക്‌സൈഡും, ബ്ലാക് ഓക്‌സൈഡും ഉപയോഗിക്കുന്നതായും മണ്‍പാത്രനിര്‍മ്മാണങ്ങളുടെ സംഘടനാ ഭാരവാഹികളും സമ്മതിച്ചു.ചുവന്ന മണ്ണിന്റെയും കളിമണ്ണിന്റെയും ദൗര്‍ലഭ്യം നിര്‍മ്മാതാക്കളെ ലാഭേച്ഛയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. പരമ്പരാഗതമായ നിര്‍മ്മാണ യൂണിറ്റുകള്‍ നിന്നു പോവുകയും വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് ഇത്തരത്തിലുള്ള കൃത്രിമമാര്‍ഗങ്ങള്‍ സ്വീകരിച്ച് തുടങ്ങിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.