Sunday
19 Nov 2017

ജോലിക്കാണ് കൂലി, നോക്കി നില്‍ക്കുന്നവര്‍ക്കല്ല: മന്ത്രി

By: Web Desk | Tuesday 31 October 2017 8:20 PM IST

കൊച്ചി: സംസ്ഥാനത്ത് നോക്കുകൂലി അവസാനിപ്പിക്കും. ഈ സമ്പ്രദായത്തോട് യോജിപ്പില്ല. തൊഴില്‍ എടുക്കുന്നവര്‍ക്കാണ് കൂലി ലഭിക്കേണ്ടതെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.
തൊഴില്‍ നിയമങ്ങള്‍ കാലഘട്ടത്തിന് അനുസൃതമായി മാറ്റുമെന്നും കേന്ദ്ര തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് താത്പര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത്. അതിനോട് യോജിപ്പില്ല. മൂലധന നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കിലെയും ലേബര്‍ കമ്മീഷണറേറ്റും സംയുക്തമായി സംഘടിപ്പിച്ച കരട് തൊഴില്‍നയം സംബന്ധിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദന ക്ഷമതയില്‍ ഊന്നി നില്‍ക്കുന്ന നിലപാടുകളിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മലയാളികളില്‍ ഏറെയും അര്‍ദ്ധ വൈദഗ്ദ്യം ഉള്ളവരാണ്. ഇവരെ കൂടുതല്‍ വൈദഗ്ധ്യമുള്ളവരാക്കിയാല്‍ വികസനത്തിന് വന്‍ സാധ്യതയുണ്ട്. കുറഞ്ഞ കൂലി 600 രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ മേഖലയുടെയും പ്രത്യേകതകള്‍ക്ക് അനുസൃതമായി പരസ്പരം ബോധ്യമാകുന്ന തരത്തില്‍ ഇതില്‍ സമീപനം സ്വീകരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതാവും പുതിയ തൊഴില്‍ നയമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തൊഴില്‍ തര്‍ക്കങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സൗഹൃദദായകര്‍ എന്ന തരത്തിലേക്ക് ഉദ്യോഗസ്ഥരെ മാറ്റും. രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടികള്‍ ലഘൂകരിക്കും. പ്ലാന്റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. തൊഴില്‍ വൈദഗ്ധ്യം ശക്തിപ്പെടുത്തുന്നതിനായി ഐ ടി ഐ കളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തു.
കിലെ ചെയര്‍മാന്‍ വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിങ് ബോര്‍ഡംഗം ഡോ. കെ. രവിരാമന്‍ മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിഷയാവതരണം നടത്തി. ശ്രീറാം വെങ്കിട്ടരാമന്‍, പി. പ്രമോദ് എന്നിവര്‍ പങ്കെടുത്തു. വിവിധ തൊഴിലുടമ, സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Related News