Monday
22 Oct 2018

സമുദ്രം കരയിലേക്ക്; 153 ദശലക്ഷം മനുഷ്യര്‍ ഭീഷണിയില്‍

By: Web Desk | Tuesday 19 December 2017 10:42 PM IST

വാഷിങ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രത്തിന്റെ വിസ്തൃതി വ്യാപിക്കുന്നതിനാല്‍ 153 ദശലക്ഷം മനുഷ്യരുടെ ജീവിതം ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതാണ് കാരണം.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ദുരന്തം സംഭവിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. എര്‍ത്ത് ഫ്യൂച്ചര്‍ എന്ന ജേണലില്‍ യുഎസ് ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ തുടര്‍ന്നാല്‍ 2100 ഓടെ സമുദ്രനിരപ്പ് 1.5 മീറ്റര്‍ വര്‍ധിക്കുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. എന്നാല്‍ 2014ല്‍ സമുദ്രനിരപ്പില്‍ 736 സെന്റിമീറ്റര്‍ വര്‍ധനയുണ്ടായെന്ന് ഐപിസിസി (ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) കണ്ടെത്തി. ഇത് ഗുരുതരമായ സ്ഥിതിയാണെന്ന് യുഎസിലെ വിവിധ സര്‍വകലാശാലകളിലെ ഗവേഷകരുള്‍പ്പെട്ട സംഘം വിലയിരുത്തുന്നു.
വരുംവര്‍ഷങ്ങളില്‍ അന്റാര്‍ട്ടിക്കിലെ വലിയ മഞ്ഞുപാളികള്‍ കൂട്ടിയിടിക്കും. അങ്ങനെ സംഭവിച്ചാല്‍ സമുദ്രനിരപ്പ് പ്രതീക്ഷിച്ചതിനേക്കാളും ഉയരും. ഇതോടെ 153 ദശലക്ഷം മനുഷ്യരുടെയും വാസസ്ഥലങ്ങളുടെയും നിലനില്‍പ്പ് അസാധ്യമാകും.