Sunday
19 Aug 2018

രാജ്യത്ത് നീതിന്യായ വ്യവസ്ഥക്ക് വെല്ലുവിളി നേരിടുന്ന സാഹചര്യം: എസി മൊയ്തീന്‍

By: Web Desk | Thursday 3 May 2018 8:46 PM IST

തിരുവനന്തപുരം: നീതിന്യായ വ്യവസ്ഥക്ക് പോലും വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മന്ത്രി എസി മൊയ്തീന്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ദേശീയ യൂത്ത് കോണ്‍കോസിന്‍റെ ഭാഗമായ ആര്‍ട്ട് ഡീ ടൂര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമനാശയങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള കേരളത്തില്‍പോലും അസഹിഷ്ണുതയുടെ വിഷവിത്തുകള്‍ കുഴിച്ചിടാനും വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനസ്സില്‍ തോന്നുന്നത് സംസാരിച്ചാല്‍ അത് ദേശീയതയ്ക്ക് എതിരാണെന്ന പ്രചാരണം രാജ്യത്ത് വ്യാപകമാണ്. ഇന്ത്യയുടെ ദേശീയത എന്നത് എന്തെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നാണ് ചിലര്‍ പറയുന്നത്. അവര്‍ക്കിഷ്ടമില്ലാത്തതു പറയുന്നവരെ ആക്രമണോല്‍സുകതയോടെ നേരിടുകയാണ് ചെയ്യുന്നത്. അത്തരം പരിശ്രമങ്ങള്‍ക്ക് കേരളത്തില്‍ സ്ഥാനമുണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

തിരുവനന്തപുരം മേയര്‍ അഡ്വ. വികെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കലാസംഘത്തിന്‍റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. ചലച്ചിത്രതാരം റീമ കല്ലിംഗല്‍ , കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു, യുവജനക്ഷേമ ബോര്‍ഡ് അംഗം മഹേഷ് കക്കത്ത്, യൂത്ത് കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്താ ജെറോം, മാധ്യമപ്രവര്‍ത്തകന്‍ ഗൗരീദാസന്‍ നായര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ അഫ്‌സല്‍ കുഞ്ഞുമോന്‍, സന്തോഷ് കാല, എസ് സതീഷ്, യുവജനക്ഷേമ ബോര്‍ഡ് സെക്രട്ടറി ആര്‍എസ് കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മാമാങ്കം ഡാന്‍സ് കമ്പനി അവതരിപ്പിച്ച നൃത്തപരിപാടി ‘ധീര’, കലാസംഘങ്ങള്‍ അവതരിപ്പിച്ച നാടകം എന്നിവയും അരങ്ങേറി.
ഇന്ന് രാവിലെ എട്ടു മണിക്ക് മാനവീയം വീഥിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആര്‍ട്ട് ഡീടൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഡബിള്‍ ഡക്കര്‍ ബസ്സില്‍ ഒരുക്കിയിട്ടുള്ള കലാപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി, യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു എന്നിവര്‍ പങ്കെടുക്കും.
രാവിലെ ഏഴുമുതല്‍ മാനവീയം വീഥിയില്‍ ഡബിള്‍ ഡക്കര്‍ ബസിലെ പ്രദര്‍ശനം കാണാനുള്ള അവസരമുണ്ട്. ഓരോ ജില്ലകളിലും നിശ്ചിത കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തും. 14ന് കാഞ്ഞങ്ങാടാണ് ആര്‍ട്ട് ഡീടൂര്‍ സമാപിക്കുക.