Thursday
18 Oct 2018

കൗണ്ടിയോ ടി20യോ?

By: Web Desk | Wednesday 9 May 2018 11:15 PM IST

മുംബൈ: അയര്‍ലന്‍ഡിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കുന്നതിനെക്കുറിച്ച് ആശയക്കുഴപ്പം. ബിസിസിഐയും കൗണ്ടി ടീമായ സറേയും ഒരേസമയം കോലിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
മത്സരം നടക്കുന്ന ജൂണ്‍ 27ം തീയതി സറേയ്ക്ക് വേണ്ടിയുള്ള സീസണിലെ തന്റെ അവസാന കൗണ്ടി മത്സരത്തില്‍ കോലി കളിക്കുമെന്നാണ് സറേ ടീമിന്റെ മീഡിയ വിംഗ് വ്യക്തമാക്കിയത്.ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ബിസിസിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുമില്ല.
കഴിഞ്ഞ ദിവസമാണ് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. വിരാട് കോലിയെ നായകനാക്കിയുള്ള ടീമായിരുന്നു ബിസിസിഐ പുറത്ത് വിട്ടത്. എന്നാല്‍ കൗണ്ടി ടീമായ സറേയുമായി കരാറുള്ളതിനാല്‍ കോലി ഈ മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.ഇക്കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ടീം പ്രഖ്യാപനത്തോടെ കോലിയുമായുള്ള കരാറില്‍ സറേ മാറ്റം വരുത്തുമോ എന്നും വ്യക്തമല്ല.
കഠിനമായ ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഈ സീസണില്‍ കൗണ്ടി കളിക്കാന്‍ ഇന്ത്യന്‍ നായകന്‍ കോലി തീരുമാനിച്ചത്. പ്രമുഖ കൗണ്ടി ടീമായ സറേയുമായി കരാറിലേര്‍പ്പെട്ട കോലിക്ക് കരാര്‍ പ്രകാരം അടുത്ത മാസം അവര്‍ കളിക്കുന്ന മത്സരങ്ങളിലെല്ലാം പങ്കെടുക്കേണ്ടതുണ്ട്.
ജൂണ്‍ 25 മുതല്‍ 28 വരെ യോര്‍ക്ക്‌ഷെയറിനെതിരെയാണ് അവസാന കൗണ്ടി പോരാട്ടം. അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 നടക്കുന്നത് യോര്‍ക്ക്‌ഷെയറിനെതിരായ മത്സരത്തിന്റെ മൂന്നാം ദിവസമാണ്. നേരത്തെ കൗണ്ടി മത്സരം കളിക്കുന്നതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള ചരിത്ര ടെസ്റ്റ് മത്സരവും കോലിക്ക് നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. 29ം തീയതി നടക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ കോലി കളിക്കാനുണ്ടാകും.
ഇംഗ്ലണ്ട് പരമ്പരയ്ക്ക് പ്രധാന്യം നല്‍കി കൗണ്ടി കളിക്കാന്‍ കോലി എടുത്ത തീരുമാനത്തോട് എതിര്‍പ്പുള്ളവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു വിഭാഗമെന്ന് സൂചനകള്‍ പുറത്തുവരുന്നുണ്ട്.