Thursday
24 Jan 2019

സിബിഐ തലപ്പത്ത് അര്‍ധരാത്രി അട്ടിമറി

By: Web Desk | Wednesday 24 October 2018 10:53 PM IST

  • സിബിഐ ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടറും നിര്‍ബന്ധിത അവധിയില്‍
  • അഴിമതി അന്വേഷണ സംഘത്തെയും സ്ഥലം മാറ്റി
  • വര്‍മയുടെ മാറ്റം റഫാല്‍ അന്വേഷണം ഭയന്ന്

ന്യൂഡല്‍ഹി: സിബിഐയില്‍ രൂപപ്പെട്ട കൂട്ടക്കുഴപ്പത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അര്‍ധരാത്രി അട്ടിമറി. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട അലോക് വര്‍മയുടെ അന്വേഷണ നീക്കമാണെന്ന വസ്തുതകളും പുറത്തുവന്നു. സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച ശേഷം താല്‍ക്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവുവിനെ പ്രതിഷ്ഠിച്ചു. 1986 ബാച്ചിലുള്ള ഒഡിഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ നാഗേശ്വര്‍ റാവു നിലവില്‍ സിബിഐ ജോയിന്റ് ഡയറക്ടറാണ്.

അര്‍ധരാത്രി 1.45 നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നടപടിയുണ്ടായത്. സുപ്രിംകോടതിയുടെ നിബന്ധനകള്‍കാറ്റില്‍ പറത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അട്ടിമറി നടത്തിയത്. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് രാത്രിതന്നെ അലോക് വര്‍മയുടെ ഓഫീസ് ഒരു സംഘം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും സീല്‍ ചെയ്യുകയും ചെയ്തുവെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ സിബിഐ ഉന്നതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇതോടൊപ്പം അമിത്ഷായുമായി അടുത്ത ബന്ധമുള്ള ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ അസ്താനയ്‌ക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന പതിമൂന്നംഗ സംഘത്തെ മുഴുവന്‍ സ്ഥലം മാറ്റി. സംഘത്തലവന്‍ എ കെ ബസ്സിയെ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധം പോര്‍ട്ട്‌ബ്ലെയറിലേയ്ക്ക് മാറ്റിയപ്പോള്‍ എസ് എസ് ഗുര്‍മിനെ ജബല്‍പൂരിലേയ്ക്കും മനീഷ് കുമാര്‍ സിന്‍ഹയെ നാഗ്പൂരിലേയ്ക്കുമാണ് സ്ഥലം മാറ്റിയത്. പൊതുതാല്‍പര്യാര്‍ഥം എന്നാണ് സ്ഥലംമാറ്റത്തിനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്.

അതേസമയം സിബിഐ മേധാവി അലോക് വര്‍മ സ്ഥലം മാറ്റിയ അസ്താനയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സായ് മനോഹറിനെ തിരികെ എത്തിക്കുകയും അഴിമതി വിരുദ്ധ വിഭാഗത്തിന്റെ ചുമതല നല്‍കുകയും ചെയ്തു. അസ്താനയ്‌ക്കെതിരായ അന്വേഷണ സംഘത്തിന്റെ തലവനായി ബസ്സിക്കു പകരം തരുണ്‍ ഗൗബയെ നിയോഗിക്കുകയും ചെയ്തു.
നടപടിയെ ചോദ്യം ചെയ്ത് അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. 26 ന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും. സിബിഐയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍ക്കില്ലെന്നും അസ്താനക്കെതിരെ കൃത്യവും കാര്യക്ഷമവുമായ അന്വേഷണം നടക്കുമെന്നും സിബിഐ വക്താവ് അറിയിച്ചു.

അതിനിടെ സിബിഐ ഉന്നതരുടെ അഴിമതി സംബന്ധിച്ച് റിട്ട് സുപ്രിംകോടതി ജഡ്ജി അടക്കമുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

മാറ്റിയത് നിയമലംഘനം: അലോക് വര്‍മ

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പരിപൂര്‍ണ നിയമലംഘനം നടത്തിയെന്ന് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു. സിബിഐ സ്വതന്ത്രമായിരിക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തിന് വിരുദ്ധമാണിത്.

ഡയറക്ടറെ മാറ്റുന്നത് നിയമനാധികാരമുള്ള കൊളീജിയമായിരിക്കണം. പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് ഇതിലെ അംഗങ്ങള്‍. ഇത് പാലിച്ചില്ലെന്ന് അലോക് വര്‍മ ചൂണ്ടിക്കാട്ടി. ചില ഉന്നത കേന്ദ്രങ്ങളിലേക്കുള്ള അന്വേഷണം കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹാനുസരണമല്ലെന്നും അതാണ് മാറ്റത്തിന് കാരണമായതെന്നും ഹര്‍ജിയില്‍ പറയുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണ് സുപ്രിം കോടതിയില്‍ വര്‍മ ഹര്‍ജി ഫയല്‍ ചെയ്തത്.