Wednesday
22 Nov 2017

‘മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍’ നല്ല പാലുല്‍പ്പാദനത്തിന്

By: Web Desk | Thursday 24 August 2017 7:14 PM IST

കോഴിക്കോട്:

അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ശുദ്ധമായ പാലുല്‍പ്പാദനം ലക്ഷ്യമാക്കി കോഴിക്കോട് കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ ‘മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍’ പദ്ധതി നടപ്പിലാക്കുന്നു. പാലിന്റെ ഗുണ നിലവാരവും കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയും പരമ്പരാഗത രീതികളില്‍ നിന്ന് മാറി പാലിലെ മൈക്രോ ബിയല്‍ ക്വാളിറ്റി, റെസിഡ്യൂ ലെവല്‍ തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കി വില നിശ്ചനിശ്ചയിക്കുന്ന രീതിയാണ് പദ്ധതിയിലൂടെ ഉറപ്പ് വരുത്തുന്നത്.
പൊതുജനാരോഗ്യത്തിന് മാത്രമല്ല, ക്ഷീര മേഖലയിലെ കര്‍ഷകര്‍ക്കും ഇവരില്‍ നിന്ന് പാല്‍ സംഭരിച്ച് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്ന മില്‍മ പോലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കും നേട്ടം നല്‍കുന്ന പദ്ധതിയാണിത്. ഒരു സൊസൈറ്റിയുടെ കീഴിലെ എല്ലാ കര്‍ഷകരുടെയും പാലുല്‍പ്പാദന ഘട്ടങ്ങള്‍ ശാസ്ത്രീയമായി ഏകീകരിക്കുക എന്നതാണ് ‘മിഷന്‍ സേഫ് മില്‍ക് കോട്ടൂര്‍’ന്റെ ലക്ഷ്യം.
കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ അവിടനല്ലൂര്‍ ക്ഷീരോദ്പാദക സഹകരണസംഘത്തിലെ എല്ലാ കര്‍ഷകരും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. തൊഴുത്തിലെ പരിമിതികള്‍ പാലിന്റെ ഗുണ നിലവാരം കുറയ്ക്കുന്നതിനാല്‍ മില്‍ക്കിങ് പാര്‍ലര്‍ സ്ഥാപിക്കുന്നത് പദ്ധതിയുടെ പ്രധാന ആകര്‍ഷണമാണ്. കോട്ടൂര്‍ മോഡല്‍ പോര്‍ട്ടബിള്‍ മില്‍ക്കിങ് പാര്‍ലര്‍ എന്ന് പേരിട്ട ഈ മില്‍ക്കിങ് പാര്‍ലറില്‍ ഒരു സമയം ഒരു പശുവിനെ വൃത്തിയോടെ കറക്കാം. എവിടെയും മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന രീതിയിലാണ് പാര്‍ലര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആവശ്യാനുസരണം വേര്‍പെടുത്തി അണുനശീകരണം നടത്തുകയും ചെയ്യാം. പ്രത്യേക നെറ്റില്‍ തയ്യാറാക്കിയതായതുകൊണ്ട് കറവക്കാരന് കൊതുകു കടിയേല്‍ക്കാനുള്ള സാധ്യതയും കുറയുന്നു. ഈച്ചകള്‍, കൊതുകുകള്‍ എന്നിവയുടെ ശല്യം ഇല്ലാത്തതുകൊണ്ട് പശുക്കള്‍ക്കും ഇതില്‍ ശാന്തമായ ഒരന്തരീക്ഷം ഒരുക്കുവാന്‍ കഴിയും.
പാല്‍പ്പാത്രങ്ങള്‍ കഴുകുവാന്‍ സാധാരണ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ പ്രത്യേക ഡിറ്റര്‍ജന്റ് പൂനെയില്‍ നിന്നും വരുത്തിച്ചു നല്‍കുന്നു. ഈ സൊസൈറ്റിക്ക് കീഴിലുളള കര്‍ഷകരുടെ പശുക്കള്‍ക്ക് ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ചികില്‍സിക്കുന്നത് പഞ്ചായത്ത് വെറ്ററിനറി ഡോക്ടറൊ അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ സമീപ പഞ്ചായത്തിലെ ഡോക്ടര്‍മാരോ ആയിരിക്കും. ആന്റിബയോട്ടിക്കുകള്‍, മറ്റ് വെറ്ററിനറി ഇഞ്ചക്ഷനുകള്‍ എന്നിവ നല്‍കുമ്പോള്‍ പാല്‍ നിശ്ചിത ദിവസത്തേക്ക് നശിപ്പിച്ചു കളയേണ്ടത് ആവശ്യമാണ്. ഓരോ കര്‍ഷകരും ഇപ്രകാരം എത്ര ലിറ്റര്‍ പാല്‍ നശിപ്പിച്ചു കളയുന്നുണ്ട് എന്നതിന്റെ കണക്കുകള്‍ ക്ലസ്റ്റര്‍ മാനേജര്‍മാര്‍ വഴി ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉള്ള എ എച്ച് ഡി ക്ലസ്റ്റര്‍ വിങ് ശേഖരിക്കും. ആരുടെയെങ്കിലും പശു ഏതെങ്കിലും അസുഖത്തിന് ചികിത്സയില്‍ ആണെങ്കില്‍ ക്ലസ്റ്റര്‍ സംവിധാനം വഴി എ എച്ച് ഡി വിങ് ശേഖരിക്കുകയും പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം എത്ര ദിവസത്തേക്ക് പാല്‍ നശിപ്പിച്ചു കളയണം എന്ന നിര്‍ദ്ദേശം കര്‍ഷകന് അതാത് ക്ലസ്റ്റര്‍ വഴി എഎച്ച്ഡിവിങ് നല്‍കും.
ശുദ്ധമായ പാലുല്‍പ്പാദനത്തിനുള്ള പരിശീലനത്തിന് മുന്നോടിയായി കറവക്കാരുടെ ആരോഗ്യസ്ഥിതി വിലയിരുത്താനായി ഒരു ആരോഗ്യ ക്യാമ്പും ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. അകിട് വീക്കം പരിശോധിച്ച് അറിയുവാനുള്ള മാസ്റ്റിറ്റിസ് കിറ്റ്, കറവ സമയത്ത് ഉപയോഗിക്കേണ്ടതായ ടിഷ്യു പേപ്പര്‍, ടീറ്റ് ഡീപ് കപ്പ്, പോവിഡോണ്‍ അയോഡിന്‍ ലായനി, അകിട് കഴുകാന്‍ പൊട്ടാസ്യം പെര്‍മംഗനേറ്റ് തുടങ്ങിയവയും കര്‍കര്‍ക്ക് നല്‍കുന്നു. ഇവയെല്ലാം ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. ശുദ്ധമായ പാലുല്‍പ്പാദനം മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍ മോഡല്‍ എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും നിര്‍മ്മിച്ചിട്ടുണ്ട്. ഊരാണ്.. ഊരാണ് എന്ന് തുടങ്ങുന്ന ഗാനവും ഇതിനോടനുബന്ധിച്ചുണ്ട്. ദേശീയ പുരസ്‌ക്കാരം നേടിയ നടി സുരഭി ലക്ഷ്മിയാണ് ഈ ഗാനം പരിചയപ്പെടുത്തുന്നത്. കാര്യക്ഷമമായ മോണിറ്ററിങ് സംവിധാനവും പദ്ധതിയില്‍ നടപ്പില്‍ വരുത്തുന്നുണ്ട്.
പുതുതായി ഈ സൊസൈറ്റിയില്‍ പാല്‍ അളക്കുന്ന കര്‍ഷകരും ഈ പദ്ധതിയില്‍ ഉള്ള ക്രമീകരണങ്ങള്‍ നടപ്പില്‍ വരുത്തണം. പഞ്ചായത്തിലെ മറ്റ് നാല് സൊസൈറ്റികളില്‍ കൂടി പദ്ധതി നടപ്പാക്കാനും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ഏകീകൃത പാലുല്‍പ്പാദന പഞ്ചായത്ത് ആയി കോട്ടൂരിനെ മാറ്റുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കോട്ടര്‍ ഗ്രാമപഞ്ചായത്ത്, വെറ്ററിനറി ആശുപത്രി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 26 ന് രാവിലെ 11.30 ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോട്ടൂര്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, വെറ്ററിനറി സര്‍ജന്‍ ഡോ: ബിനീഷ് പി പി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: മേരി കെ എബ്രഹാം, ജോസ് സൈമണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.