Sunday
19 Aug 2018

കന്നുകാലികളില്‍ കുരലടപ്പനും അനാപ്ലാസ്മയും ഭീഷണി

By: Web Desk | Saturday 5 May 2018 9:59 AM IST

ഡോ. സാബിന്‍ ജോര്‍ജ്ജ്

പാസ്ചുറില്ല’ എന്ന ബാക്ടീരിയയാണ് കുരലടപ്പന് കാരണം. പശുക്കളിലും, എരുമകളിലും മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആരോഗ്യമുള്ള പശുക്കളുടെ ശ്വാസനാളത്തില്‍ ഈ രോഗാണുക്കള്‍ ഉണ്ടായിരിക്കും. സാധാരണഗതിയില്‍ നിരുപദ്രവകാരികളായി കഴിയുന്ന ഇവര്‍ പശുക്കള്‍ക്ക് സമ്മര്‍ദ്ദമുണ്ടായി രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് രോഗകാരികളായി മാറുന്നു. പോഷകാഹാരക്കുറവ്, ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും, ദീര്‍ഘയാത്ര, മറ്റു രോഗങ്ങള്‍ എന്നിവ ഇത്തരം സമ്മര്‍ദ്ദാവസ്ഥകള്‍ക്ക് ഉദാഹരണങ്ങളാണ്. ആരോഗ്യവും, ശാരീരികശേഷിയും കുറഞ്ഞ പശുക്കളെയാണ് കൂടുതലായും ഈ രോഗം ബാധിക്കുക.

അണുബാധയുള്ള തീറ്റ, വെള്ളം, വായു എന്നിവ വഴിയാണ് രോഗം പകരുന്നത്. അടുത്തടുത്ത് വസിക്കുന്ന മൃഗങ്ങളില്‍ ചുമ, തുമ്മല്‍ മുതലായവ വഴി പെട്ടെന്ന് പകരുന്നു. നനവും ഊഷ്മാവും കൂടുതലായുള്ള സാഹചര്യത്തില്‍ ഇവ പെട്ടെന്ന് പെരുകുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 2-5 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. ശ്വാസകോശത്തെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. തീവ്രരൂപത്തിലോ, ഉപതീവ്രരൂപത്തിലോ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തരത്തിലോ ഈ രോഗം കാണപ്പെടാം. രോഗബാധയുടെ തീവ്രതയനുസരിച്ചായിരിക്കും ലക്ഷണങ്ങള്‍. പനി, ശ്വാസോച്ഛ്വാസത്തിന്റെ നിരക്കിലും നെഞ്ചിടിപ്പിലുള്ള വര്‍ദ്ധന, തീറ്റയെടുക്കാതിരിക്കല്‍, മൂക്കിലും വായില്‍ നിന്നും നീരൊലിപ്പ്, പാലുല്പാദനത്തിലെ കുറവ്, ശ്ലേഷ്മസ്തരങ്ങളിലെ നീലനിറം, വയറുവേദനയുടെ ലക്ഷണങ്ങള്‍, വയറിളക്കം, രക്താതിസാരം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. തൊണ്ട, നെഞ്ചിന്റെ അടിഭാഗം, താട എന്നിവിടങ്ങളില്‍ നീര്‍വീക്കം പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പശു ചത്തുവീഴും. വായില്‍നിന്ന് ഉമിനീരൊലിക്കല്‍, ശ്വാസ തടസം, മൂക്കില്‍ നിന്ന് രക്തം കലര്‍ന്ന സ്രവം തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചേക്കാം.

രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞും രക്ത പരിശോധനയിലൂടെയുമാണ് രോഗനിര്‍ണയം നടത്തുക. രോഗാരംഭത്തില്‍ തന്നെ ആന്റിബയോട്ടിക്കുകളും അനുബന്ധ ചികിത്സകളും നല്‍കുകയാണെങ്കില്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് പെട്ടെന്ന് തന്നെ മരണം സംഭവിക്കുന്നത് കര്‍ഷകരെ വിഷമത്തിലാക്കുന്നു.
അസുഖമുള്ളവയെ മാറ്റി പാര്‍പ്പിക്കുക, രോഗലക്ഷണമുള്ളവയെ ചികിത്സിക്കുക, കൃത്യസമയത്ത് പ്രതിരോധ കുത്തിവെയ്പ് നല്‍കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. ആറുമാസം പ്രായമാകുമ്പോള്‍ ആദ്യത്തെ കുത്തിവെയ്പ് നല്‍കണം. രോഗമുണ്ടാകാറുള്ള സ്ഥലങ്ങളില്‍ എല്ലാ വര്‍ഷവും ആവര്‍ത്തന കുത്തിവെയ്പ് നല്‍കണം. മഴക്കാലത്ത് രോഗബാധ കൂടുതലായി കണപ്പെടുന്നതുകൊണ്ട് പ്രതിരോധ കുത്തിവെയ്പ് മഴക്കാലത്തിന് മുമ്പായാണ് എടുക്കേണ്ടത്. രോഗംബാധിച്ച മൃഗങ്ങളുടെ ചാണകം, ഉമിനീര്‍, തീറ്റ എന്നിവയുമായി മറ്റുള്ള മൃഗങ്ങള്‍ക്ക് ബന്ധമുണ്ടാവാതെ സൂക്ഷിക്കണം. ചത്ത മൃഗങ്ങളെ ശരിയായ വിധം മറവു ചെയ്യണം. പ്രതികൂല കാലാവസ്ഥയും, സമ്മര്‍ദ്ദാവസ്ഥയും തരണം ചെയ്യാന്‍ സഹായിക്കുന്നവിധമുള്ള പരിപാലനം ഉറപ്പാക്കണം. പോഷകാഹാരം ഉറപ്പാക്കുക, നനവുള്ള അന്തരീക്ഷം ഒഴിവാക്കുക, പശുക്കളെ കൂട്ടമായി പാര്‍പ്പിക്കുമ്പോള്‍ ആവശ്യത്തിന് സ്ഥല സൗകര്യം നല്‍കുക എന്നിവയും പ്രയാസമാണ്.

ഉഷ്ണ മിതോഷ്ണ കാലാവസ്ഥയുള്ള രാജ്യങ്ങളിലെ കന്നുകാലികളില്‍ കണ്ടുവരുന്ന രോഗമാണ് ‘അനാപ്ലാസ്‌മോസിസ്. കന്നുകാലികളുടെ രക്തത്തില്‍ ചുവന്ന കോശങ്ങളെ ബാധിക്കുന്ന ‘അനാപ്ലാസ്മ’ എന്ന പരാദമാണ് രോഗകാരണം. ബാഹ്യപരാദങ്ങളായ പട്ടുണ്ണിയാണ് രോഗം പകരാന്‍ സഹായിക്കുന്നത്. തീവ്രലക്ഷണങ്ങളോടുകൂടിയ രോഗബാധകള്‍ കുറവാണെങ്കിലും ലക്ഷണങ്ങളില്ലാതെ രോഗവാഹകരായി നില്‍ക്കുന്ന പശുക്കളില്‍ രോഗങ്ങളും മറ്റും വരുമ്പോള്‍ രോഗപ്രതിരോധശേഷി കുറയുന്ന അവസരത്തില്‍ രോഗബാധയുണ്ടാകാം. വിളര്‍ച്ച, പനി, ശരീരഭാരം കുറയല്‍, ശ്വാസതടസം, നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുക, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. രോഗപ്രതിരോധ കുത്തിവെയ്പ് നമ്മുടെ നാട്ടില്‍ ലഭ്യമല്ല. രോഗചികിത്സ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രോഗനിര്‍ണയം നടത്തി ആവശ്യമെങ്കില്‍ നടത്തുക. പട്ടുണ്ണിപോലെയുള്ള ബാഹ്യപരാദ നിയന്ത്രണം പ്രധാനം.
(ലേഖകന്‍ മണ്ണുത്തി വെറ്ററിനറി കോളജ് അസിസ്റ്റന്റ് പ്രൊഫസറാണ്)