Wednesday
22 Aug 2018

കറവപ്പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍

By: Web Desk | Saturday 7 October 2017 1:17 AM IST

ഡോ. സാബിന്‍ ജോര്‍ജ്ജ്

കറവപ്പശുക്കളെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം അവയുടെ പാലുല്‍പാദനശേഷിയാണ്. ജനിതകമൂല്യം പാലുല്‍പാദനക്ഷമതയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്. എന്നാല്‍ കേരളത്തിലെ നാടന്‍ പശുക്കള്‍ ഈ കാര്യത്തില്‍ വളരെ പിന്നിലായതിനാല്‍ അവയെ അത്യുത്പാദനശേഷിയുള്ള ജേഴ്‌സി, ബ്രൗണ്‍സ്വിസ്, ഹോള്‍സ്റ്റെയിന്‍ ഫ്രീഷ്യന്‍ എന്നീ വിദേശ ഇനങ്ങളുമായി കൃത്രിമ ബീജസങ്കലനം നടത്തി വികസിപ്പിച്ചെടുത്ത സങ്കരയിനം പശുക്കളാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലധികവും കണ്ടുവരുന്നത്. ഇവയില്‍ ഹോള്‍സ്റ്റെയിന്‍ ഇനത്തില്‍പ്പെട്ടവയുടെ പാലില്‍ കൊഴുപ്പിന്റെ ശതമാനം ജേഴ്‌സി, ബ്രൗണ്‍ സ്വിസ് സങ്കരയിനത്തില്‍പ്പെട്ടവയേക്കാള്‍ കുറവായിരിക്കും. ബ്രൗണ്‍ സ്വിസ്സ് ഇനത്തില്‍പ്പെട്ട പശുക്കള്‍ക്ക് താരതമ്യേന വലിപ്പം കുറവും ശാന്തശീലവുമുള്ളതായതിനാല്‍ കൈകാര്യം ചെയ്യാനെളുപ്പമുണ്ട്.
കറവപ്പശുക്കളെ തിരഞ്ഞെടുക്കുന്നതിനായി മറ്റു ചില സ്വഭാവ വിശേഷങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ജനിക്കുമ്പോഴുള്ള ശരീരതൂക്കം, ആദ്യത്തെ മദി കാണിക്കുന്ന പ്രായം, ആദ്യപ്രസവം നടന്ന പ്രായം, പ്രസവങ്ങള്‍ തമ്മിലുള്ള കാലദൈര്‍ഘ്യം എന്നിവ ഇവയില്‍ പ്രധാനങ്ങളാണ്. ജനിക്കുമ്പോള്‍ കൂടുതല്‍ ശരീരതൂക്കമുള്ള കുട്ടികള്‍ക്ക് നല്ല വളര്‍ച്ചാ നിരക്കും, ഉല്‍പാദനശേഷിയും ഉള്ളതായി കണ്ടിട്ടുണ്ട്. സാധാരണയായി ജേഴ്‌സി ഇനത്തില്‍പ്പെട്ട കുട്ടികള്‍ക്ക് 20-25 കിലോ തൂക്കവും ജനനസമയത്ത് ഉണ്ടാകാറുണ്ട്.
കറവപ്പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന മാനദണ്ഡം അവയുടെ തളളയുടെയും, പ്രജനനത്തിനുപയോഗിച്ച കാളയുടേയും ഗുണമേന്മയാണ്. അതിനാല്‍ നല്ല പാലുല്‍പാദനശേഷിയുള്ള തള്ളയില്‍ നല്ലയിനം വിത്തുകാളയുടെ ബീജത്തില്‍ നിന്നുണ്ടായ പശുക്കളെയാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ മേല്‍പറഞ്ഞ വിവരങ്ങള്‍ ലഭ്യമല്ലാത്തപക്ഷം കറവയുള്ള പശുക്കളുടെ കാര്യത്തില്‍ അവയുടെ പാലുല്‍പാദനം തന്നെ തിരഞ്ഞെടുക്കലിനുളള മൂല്യ മാനദണ്ഡമായി ഉപയോഗിക്കാവുന്നതാണ്. വാങ്ങുവാനുദ്ദേശിക്കുന്ന പശുവിന്റെ അടുപ്പിച്ചുള്ള മൂന്നു നേരത്തെ കറവ കഴിയുന്നതും നേരിട്ട് കണ്ട് ബോദ്ധ്യപ്പെടണം. 9 ലിറ്റര്‍ മുതല്‍ മുകളിലേക്ക് പാലുള്ളവയെ തിരഞ്ഞെടുക്കുന്നത് ലാഭകരമായി വളര്‍ത്തുവാന്‍ അനുയോജ്യമാണ്. കിടാക്കള്‍, ചെനയുള്ള കിടാരികള്‍, കറവ വറ്റിയ പശുക്കള്‍ എന്നിവയുടെ കാര്യത്തില്‍ മറ്റുചില മാനദണ്ഡങ്ങള്‍ സ്വീകരിക്കാവുന്നതാണ്. പശുക്കിടാക്കളുടെ കാര്യത്തില്‍, ജനന സമയത്ത് കൂടിയ ശരീരതൂക്കവും, ആരോഗ്യവും പിന്നീട് ഉയര്‍ന്ന വളര്‍ച്ചാനിരക്കുമുളളവയെ തിരഞ്ഞെടുക്കണം. ഉന്തിയ വയര്‍, അംഗവൈകല്യങ്ങള്‍, മോശപ്പെട്ട രോമാവരണം തുടങ്ങിയ ലക്ഷണങ്ങളുള്ളവയെ ഒഴിവാക്കേണ്ടതാണ്. അത്യുത്പാദനശേഷിയുള്ള തള്ളപ്പശുക്കളില്‍ ചില ഹോര്‍മോണ്‍ ചികിത്സ നടത്തി, ഒരേ സമയത്ത് ഒന്നില്‍ കൂടുതല്‍ അണ്ഡങ്ങളെ ഉത്പാദിപ്പിച്ച് അവയെ നല്ലയിനം വിത്തുകാളയുടെ ബീജമുപയോഗിച്ച് സങ്കലനം നടത്തി കിട്ടുന്ന ഭ്രൂണങ്ങളെ നാടന്‍ പശുക്കളുടെ ഗര്‍ഭാശയങ്ങളില്‍ നിക്ഷേപിച്ച് ഒന്നില്‍ കൂടുതല്‍ നല്ലയിനം പശുക്കുട്ടികളെ ഉരുത്തിരിച്ചെടുക്കുന്ന ഭ്രൂണമാറ്റ പ്രക്രിയയും നടക്കുന്നുണ്ട്.
നാടന്‍ പശുക്കള്‍ പ്രായപൂര്‍ത്തിയായി മദിയുടെ ലക്ഷണം കാണിക്കുവാന്‍ ഏകദേശം നാലു വര്‍ഷം എടുക്കുമ്പോള്‍ സങ്കരയിനം പശുക്കള്‍ 1.5-2 വയസില്‍ പ്രായപൂര്‍ത്തിയെത്തുകയും 2.5-3 വയസില്‍ ആദ്യത്തെ പ്രസവം നടക്കുകയും ചെയ്യുന്നു. ഇതുമൂലം അവയുടെ ജീവിതകാലത്തില്‍ കൂടുതല്‍ പ്രസവങ്ങളും അതുകൊണ്ടുതന്നെ കൂടുതല്‍ പാലും ലഭിക്കുന്നു.
കറവമാടുകളുടെ പാലുല്‍പാദനത്തെ ബാധിക്കുന്ന വേറൊരു ഘടകം ഇവയുടെ രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയാണ്. ഈ കാലയളവ് 12 മാസമായിരിക്കുമ്പോള്‍ ഏറ്റവും അഭിലഷണീയം ചെനയുള്ള കിടാരികളെയോ, കറവ വറ്റിയ ചെനയുള്ള പശുക്കളെയോ ആണ് വാങ്ങാനുദ്ദേശിക്കുന്നതെങ്കില്‍ ഒരുപോലെയുള്ള മുലക്കാമ്പുകളോടുകൂടിയ മൃദുലമായ അകിടുള്ളതും, നല്ല തുടുത്ത പാല്‍ ഞരമ്പ് (വയറിന്റെ അടിഭാഗത്ത്, പൊക്കിള്‍കൊടി മുതല്‍ അകിടുവരെ തെളിഞ്ഞു കാണുന്ന ഞരമ്പ്) ഉള്ളതും ഉദരത്തിനും ചങ്കിനും നല്ല വലിപ്പമുള്ളതും, ഉടല്‍ നീളമുള്ളതും രോഗവിമുക്തവും ആയ ആരോഗ്യമുള്ള നല്ല പശുക്കളെ വേണം തിരഞ്ഞെടുക്കാന്‍. കറവ തുടങ്ങുമ്പോള്‍ നിറഞ്ഞുവരുന്നതും, കറവ പൂര്‍ത്തീകരിക്കുമ്പോള്‍ മൂന്നിലൊന്നായി ചുരുങ്ങുന്ന അകിടുമുള്ള പശുക്കളെ തിരഞ്ഞെടുക്കുന്നത് ഉത്തമമായിരിക്കും. നാല് മുലക്കാമ്പും പിഴിഞ്ഞ് നോക്കി പാല് വരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഏത് വിഭാഗത്തില്‍പ്പെട്ട കറവമാടുകളെയാണ് വാങ്ങേണ്ടതെന്ന് നിശ്ചയിക്കുന്ന മറ്റൊരു ഘടകം കര്‍ഷകന്റെ സാമ്പത്തിക സ്ഥിതിയും, വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന ശീഘ്രതയുമാണ്. ചെനയുള്ളതോ, പ്രസവിച്ച ഉടനെയുള്ളതോ ആയവയെ വാങ്ങിയാല്‍ വിലകൂടുതലാകുമെങ്കിലും, വരുമാനം എളുപ്പം പ്രതീക്ഷിക്കാം. ആദ്യ പ്രസവത്തിലുള്ള പശുക്കളെ വാങ്ങുന്നതാണ് ഉത്തമം. അതായത് ഓരോ പ്രസവം കഴിഞ്ഞ് രണ്ട് മൂന്ന് മാസത്തിനകം പശുക്കള്‍ ചെന പിടിക്കേണ്ടതും ഒരു വര്‍ഷത്തില്‍ ഒരു പ്രസവം എന്ന തോതില്‍ ലഭിക്കേണ്ടതുമാണ്. ഇത് കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
വാങ്ങുന്നതിന് മുമ്പ് പശുക്കള്‍ക്ക് രോഗങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടോ എന്ന വിവരം അന്വേഷിച്ച് അറിയണം. കുളമ്പുരോഗം, അകിടുവീക്കം മുതലായ പകര്‍ച്ചവ്യാധികള്‍ പാലുല്‍പാദനത്തെ സാരമായി ബാധിക്കാറുണ്ട്. തൊഴി, കുത്ത്, തന്നത്താനുള്ള പാലുകുടി മുതലായ ദുശീലങ്ങളുള്ളവയെ വാങ്ങുന്നത് ഒഴിവാക്കണം.
സങ്കരയിനം കറവമാടുകളില്‍ പാശ്ചാത്യ രാജ്യങ്ങളിലെ ഇനങ്ങളുടെ പാലുല്‍പാദനശേഷിയും, നാടന്‍ പശുക്കളിലെ രോഗപ്രതിരോധ ശക്തിയും, കാലാവസ്ഥയോടുള്ള പൊരുത്തപ്പെടലും ഒന്നുചേര്‍ന്നിട്ടുണ്ടെങ്കിലും, ഇവ നാടന്‍ ഇനങ്ങളെപ്പോലെ രോഗപ്രതിരോധശേഷിയും കാലാവസഥയോടുള്ള പൊരുത്തപ്പെടീലും ഉള്ളവയല്ല. അതുകൊണ്ട് സങ്കരയിനം പശുക്കളെ വളര്‍ത്തുവാന്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയ്ക്ക് പ്രത്യേകമായ ശാസ്ത്രീയ പരിചരണവും സംരക്ഷണവും നല്‍കേണ്ടതുണ്ട് എന്നുള്ള കാര്യം കര്‍ഷകര്‍ ഏറ്റവും പ്രധാനമായി ഓര്‍ത്തിരിക്കേണ്ട ഒരു സംഗതിയാണ്.

Related News