Friday
20 Apr 2018

ചുവപ്പണിഞ്ഞ് തെലങ്കാന

By: Web Desk | Tuesday 17 April 2018 8:57 AM IST

മുഹമ്മദ് അമീന്‍ നഗര്‍: കര്‍ഷകപ്പോരാട്ടങ്ങളുടെ ഈറ്റില്ലമായ തെലങ്കാന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാന്‍ ആവേശത്തോടെ ഒരുങ്ങിക്കഴിഞ്ഞു. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്  ഹൈദരാബാദ് വേദിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ തെലങ്കാനയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം സമ്മേളന വിജയത്തിനായി രംഗത്തുവന്നു. തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടശേഷം ആദ്യമായാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നത്.

തെലങ്കാനയിലെ ടി ആര്‍ എസിന്‍റെ ദുര്‍ഭരണത്തിനെതിരായി സിപിഐ എമ്മിന്‍റെ നേതൃത്വത്തില്‍ ഇടതു മുന്നണിക്ക് രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ ഘട്ടത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയായി ഹൈദരാബാദ് തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്‍റെ നേതൃത്വത്തില്‍ ടി ആര്‍ എസ് സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരായി സിപിഐ എം അടുത്തിടെ നടത്തിയ കാല്‍നട ജാഥയ്ക്ക് വലിയ വരവേല്‍പ്പ് ലഭിച്ചു. നാലായിരം കിലോമീറ്ററാണ് കാല്‍നടജാഥ താണ്ടിയത്.

പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെങ്ങും വിളംബരജാഥ സംഘടിപ്പിച്ചു. ബൈക്ക് റാലിയും കാല്‍നടജാഥയും തെരുവുനാടകങ്ങളും വിപ്ലവഗാനങ്ങളും മറ്റുമായി കലാജാഥകളും സംസ്ഥാനത്തെങ്ങും പര്യടനം നടത്തി. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സെമിനാറുകളും യോഗങ്ങളും ചേര്‍ന്നു. മഹിളകള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ ബഹുജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണംചെയ്തു.

നഗരത്തിലെ എം ടി രാമറാവു നഗറില്‍ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പ്രത്യേക ഫെസ്റ്റിലേക്ക് ആയിരങ്ങളാണ് എത്തുന്നത്. കേരള സര്‍ക്കാരിന്‍റെയും തെലങ്കാന സര്‍ക്കാരിന്‍റെയുമൊക്കെ സ്റ്റാളുകള്‍ ഫെസ്റ്റില്‍ ഒരുക്കി. ഏപ്രില്‍ 13ന് തുടങ്ങിയ ഫെസ്റ്റ് 18 വരെ തുടരും. ഏപ്രില്‍ 11ന് നഗരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തുള്ള ബൈക്ക് റാലി സമ്മേളന വിജയത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു. കാല്‍നട ജാഥകളും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. മുഹമ്മദ് അമീന്‍ നഗറും പരിസരവും ഇതിനോടകം ചുവപ്പില്‍ മുങ്ങി.