Wednesday
12 Dec 2018

ഇടത് ജനാധിപത്യ മതേതര ഐക്യം അനിവാര്യം: സീതാറാം യെച്ചൂരി

By: Web Desk | Friday 23 March 2018 9:11 PM IST

തിരുവനന്തപുരം: രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഫാസിസ്റ്റുകള്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കാനായി ഉപയോഗിക്കുന്നുവെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ-സിപിഐ(എം) ഐക്യം കൊണ്ട് മാത്രം ബിജെപിയെ എതിര്‍ത്ത് തോല്‍പ്പിക്കുവാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും വര്‍ത്തമാനകാല ഇന്ത്യയും എന്ന വിഷയത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണകൂടം പൂര്‍ണമായും ഫാസിസ്റ്റ് സവിശേഷതകള്‍ കൈവരിച്ചിരിക്കുന്നു. ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഏകീകൃത നിയമവ്യവസ്ഥയിലൂടെ രാജ്യത്തെ വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെ തകര്‍ക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാനാതരം സംസ്‌കാരങ്ങളുടെ സംഗമമായ നമ്മുടെ രാജ്യത്തിന്‍റെ തകര്‍ച്ചയിലേക്കേ ഇത് നയിക്കുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തര ഭാരതം സ്വീകരിച്ച മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ക്കുവാനുള്ള ശ്രമങ്ങളാണ് ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ജനാധിപത്യമില്ലാതെ മതേതരത്വത്തിനും മതേതരത്വമില്ലാതെ ജനാധിപത്യത്തിനും നിലനില്‍ക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവരെയും സമഭാവനയോടെ ജീവിക്കാന്‍ അവസരം നല്‍കുന്നതാണ് നമ്മുടെ ഭരണഘടനയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹിന്ദുരാഷ്ട്രം എന്ന ആശയത്തിലേക്ക് പോകുന്നതിലൂടെ ഭരണഘടനയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം തന്നെ അട്ടിമറിക്കപ്പെടുന്നു. ചരിത്രത്തിന്‍റെ സ്ഥാനത്ത് ഹൈന്ദവ വിശ്വാസങ്ങളെ പഠിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. രാമായണവും മഹാഭാരതവുമാണ് രാജ്യത്തിന്‍റെ ചരിത്രമെന്ന് ആര്‍എസ്എസ് വാദിക്കുന്നു. ശാസ്ത്ര കോണ്‍ഗ്രസില്‍ രാജ്യത്തെ പ്രധാനമന്ത്രി പോലും അത്തരം വാദങ്ങളാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് ലോകരാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തുവാനും പുതിയ മുദ്രാവാക്യങ്ങള്‍ പ്രഖ്യാപിക്കുവാനുമാണ് താല്പര്യം. സാമ്രാജ്യത്വവുമായി കൈകോര്‍ത്ത് രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ താറുമാറാക്കി ഇന്ത്യയുടെ ഭരണഘടന തന്നെ ഇല്ലാതാക്കുവാനാണ് ഫാസിസം ശ്രമിക്കുന്നത്. രാജ്യം ആവശ്യപ്പെടുന്നത് നേതാവിനെയല്ല നയങ്ങളെയാണെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷം ജനകീയ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ഇടത് ഐക്യവും ഇടത് ജനാധിപത്യ മതേതര ഐക്യവും രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനായി വേണം സഖ്യമുണ്ടാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മോഡറേറ്ററായി. ദേശീയ സെക്രട്ടേറിയറ്റംഗം ഡി രാജ, മുന്‍ കെപിസിസി പ്രസിഡന്‍റ് കെ മുരളീധരന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ സ്വാഗതവും വി പി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. മന്ത്രി പി തിലോത്തമന്‍, സി ദിവാകരന്‍ എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു.