Wednesday
19 Sep 2018

സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്: പതാക കയ്യൂരില്‍ നിന്ന്, ദീപശിഖ വയലാറില്‍ നിന്ന്, കൊടിമരം ശൂരനാട്ടുനിന്ന്

By: Web Desk | Wednesday 11 April 2018 9:52 PM IST

തിരുവനന്തപുരം:

ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് നടക്കുന്ന സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാക അനശ്വര രക്തസാക്ഷികളുടെ നാടായ കയ്യൂരില്‍ നിന്നും കൊണ്ടുവരും. കൊടിമര ജാഥ ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ദീപശിഖാ റിലേ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പുറപ്പെടും.

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വമാണ് പതാക ജാഥാ ലീഡര്‍. കെ പി രാജേന്ദ്രന്‍, വി ചാമുണ്ണി, പി പി സുനീര്‍, അഡ്വ. പി സന്തോഷ് കുമാര്‍, അഡ്വ. പി വസന്തം, മഹേഷ് കക്കത്ത് എന്നിവരാണ് ജാഥാംഗങ്ങള്‍.

ഏപ്രില്‍ 19 ന് രാവിലെ 10 മണിക്ക് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പാര്‍ട്ടി പതാക ജാഥാ ലീഡറെ ഏല്‍പ്പിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പര്യടനം നടത്തി 25ന് വൈകിട്ട് അഞ്ച് മണിക്ക് പതാക ജാഥ കൊല്ലത്ത് എത്തും.

കൊടിമര ജാഥ ഏപ്രില്‍ 24ന് വൈകിട്ട് അഞ്ചിന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യും. കെ ആര്‍ ചന്ദ്രമോഹനനാണ് കൊടിമര ജാഥാ ലീഡര്‍. ജെ ചിഞ്ചുറാണി, എ പി ജയന്‍, സി കെ ശശിധരന്‍, കെ കെ ശിവരാമന്‍ എന്നിവര്‍ ജാഥാംഗങ്ങളാണ്. 25 ന് ഭരണിക്കാവ്, മുഖത്തല വഴി വൈകിട്ട് അഞ്ച് മണിക്ക് കൊടിമര ജാഥ കൊല്ലത്തെത്തും.

ഏപ്രില്‍ 24ന് രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍വെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ദീപശിഖ, ജാഥാ ക്യാപ്ടന്‍ പി പ്രസാദിന് കൈമാറും. അഡ്വ. വി ബി ബിനു, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, പി മുത്തുപാണ്ടി, ശുഭേഷ് സുധാകരന്‍, ദീപ്തി അജയകുമാര്‍ എന്നിവര്‍ ദീപശിഖാ ജാഥയില്‍ അംഗങ്ങളായിരിക്കും.
ദീപശിഖാ റിലേ 24ന് ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തും. 25ന് രാവിലെ കായംകുളം, ചവറ, കാവനാട് വഴി കൊല്ലത്തെത്തും. കാവനാട്ടുനിന്ന് എഐഎസ്എഫ് വനിതാ പ്രവര്‍ത്തകര്‍ ദീപശിഖയെ അനുധാവനം ചെയ്യും.

22-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന പുതുശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്ന പതാക ജാഥ 24 ന് വൈകിട്ട് നെയ്യാറ്റിന്‍കരയില്‍ എത്തും. 25ന് തമ്പാനൂര്‍, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, പള്ളിമുക്ക് വഴി വൈകിട്ട് അഞ്ചിന് കൊല്ലത്തെത്തും.

പതാക-കൊടിമര-ദീപശിഖാ ജാഥകള്‍ വിജയിപ്പിക്കുവാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.