സിപിഐ ആന്ധ്ര സമ്മേളനം: കടപ്പയില്‍ വന്‍ റാലി

By: Web Desk | Monday 9 April 2018 10:25 PM IST

കടപ്പ: സിപിഐ ആന്ധ്രപ്രദേശ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കടപ്പയില്‍ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. റാലിക്ക് മുന്നോടിയായി നഗരം നിറഞ്ഞൊഴുകിയ ചുകപ്പ് സേനാമാര്‍ച്ചില്‍ ആയിരക്കണക്കിന് പേരാണ് അണിനിരന്നത്.
പൊതുസമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
ബിജെപി ഭരണത്തില്‍ രാജ്യത്തെ ജനങ്ങളാകെ – പ്രത്യേകിച്ച് അടിസ്ഥാന ജനവിഭാഗങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സുധാകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടു.
പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമക്കേസുകളിലെ 25 ശതമാനം കുറ്റവാളികള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. കേസ് തെളിയിക്കുന്നതില്‍ പൊലീസ് പരാജയപ്പെടുകയാണ്. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന വിധിപ്രസ്താവം പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. പട്ടിക ജാതി പട്ടിക വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്ന നയത്തിന്റെ ഭാഗമായാണ് ബിജെപി സര്‍ക്കാരുകള്‍ ഉത്തരേന്ത്യയിലെ പലഭാഗത്തും സുപ്രിംകോടതി വധിക്കെതിരെ രംഗത്തുവന്ന ദളിതര്‍ക്കെതിരെ ക്രൂരമര്‍ദനം അഴിച്ചുവിട്ടതെന്ന് സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ അധ്യക്ഷനായിരുന്നു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ മുപ്പള്ള നാഗേശ്വര്‍ റാവു, ജെ വി സത്യനാരായണ്‍ മൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു. മുന്‍എംഎല്‍സി ചന്ദ്രശേഖര്‍ റാവു, സംഗീത സംവിധായകന്‍ വന്ദേമാതരം ശ്രീനിവാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.