Saturday
22 Sep 2018

സിപിഐ സിപിഐഎം വേര്‍പിരിയല്‍; മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമെന്ന് പന്ന്യന്‍

By: Web Desk | Monday 19 February 2018 11:04 PM IST

മാവേലിക്കര: സിപിഐയും സിപിഎമ്മും വേര്‍പിരിയുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം പോലെയാകുമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോളാറിന്‍റെ ചൂടില്‍ പുകഞ്ഞ ചിലര്‍ ഇടതു മുന്നണിയിലേക്ക് നോക്കിയിരിക്കുന്നുണ്ടെന്നറിയാം. എന്നാല്‍ നിങ്ങളെ സ്വീകരിക്കാമെന്ന് ആരെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് വൃഥാവിലാകും. ഇന്ത്യക്ക് മാതൃകയായ ഫാസിസ്റ്റ് വിരുദ്ധമുന്നണിയാണ് കേരളത്തിലെ ഇടതുപക്ഷം. ഈ ഇടതുപക്ഷത്തെ വികൃതമാക്കാമെന്നുള്ളത് നിങ്ങളുടെ സ്വപ്‌നം മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും കൊള്ളരുതാത്ത പ്രധാനമന്ത്രിയായി മോഡി മാറിയിരിക്കുകയാണ്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് മോഡിയുടെ ഭരണം. എല്ലാ മേഖലകളും തകര്‍ത്തെറിഞ്ഞ് ജീവനു ഭയമുള്ള ഒരു നാടാക്കി ഇന്ത്യയെ മോഡി മാറ്റി. ആര്‍ എസ് എസിന്റെ റിമോട്ട് കണ്‍ട്രോളില്‍ ഭരിക്കുന്ന മോഡി കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് എണ്ണ വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ ബാങ്കുകളിലുള്ള പണം കുത്തക മുതലാളിമാര്‍ക്ക് തട്ടിക്കൊണ്ടു പോകാന്‍ അവസരമുണ്ടാക്കി കൊടുക്കലാണ് മോഡി ചെയ്തുകൊണ്ടിരിക്കുന്നത്. ബിജെപി ഭരണത്തില്‍ മുതലാളിമാര്‍ വലിയ മുതലാളിമാരായും സാധാരണക്കാര്‍ വെറും സാധാരണക്കാരായും മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ വിശാലമതനിരപേക്ഷ പ്രസ്ഥാനം പടുത്തുയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ.കെ എസ് രവി അധ്യക്ഷത വഹിച്ചു. കരയവട്ടം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ചുവപ്പ് സേനാ മാര്‍ച്ച് കോടിക്കല്‍ ഗാര്‍ഡനില്‍ സമാപിച്ചു. ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ എംഎല്‍എ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി പുരുഷോത്തമന്‍, പി പ്രസാദ്, ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എന്‍ സുകുമാരപിള്ള, പി വി സത്യനേശന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ ശിവരാജന്‍, കെ എം ചന്ദ്രശര്‍മ്മ, പി ജ്യോതിസ്, അഡ്വ. ജോയിക്കുട്ടി ജോസ്, അഡ്വ. എം കെ ഉത്തമന്‍, അഡ്വ. എ ഷാജഹാന്‍, അഡ്വ. ജി കൃഷ്ണപ്രസാദ്, വിപ്ലവ ഗായിക പി കെ മേദിനി തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി എസ് സോളമന്‍ സ്വാഗതവും, കെ ചന്ദ്രനുണ്ണിത്താന്‍ നന്ദിയും പറഞ്ഞു. ആലപ്പുഴ ഇപ്റ്റ അവതരിപ്പിച്ച നാടന്‍ പാട്ടും നടന്നു.

Related News