Sunday
19 Aug 2018

സിപിഐ ജില്ലാ സമ്മേളനം ചുവന്ന സ്വപ്നം ഓഡിയോ സിഡി പ്രകാശനം

By: Web Desk | Saturday 3 February 2018 1:55 AM IST

സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി തയ്യാറാക്കിയ ഓഡിയോ സി ഡി ചുവന്ന സ്വപ്‌നം കോട്ടയം നസീര്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ വി ബി ബിനുവിനു നല്‍കി പ്രകാശനം ചെയ്യുന്നു

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനം കറുകച്ചാലില്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സമ്മേളനത്തിന് ചൂട് പകരാന്‍ സംഗീതത്തിന്റെ അകമ്പടിയും. ചുവന്ന സ്വപ്‌നം എന്ന പേരില്‍ ഒരു ഓഡിയോ സി ഡി യുവകലാസാഹിതി കറുകച്ചാല്‍ മേഖലാ കമ്മറ്റി ഓഡിയോ പ്രകാശനം ഇന്ന് നടന്നു.  പ്രകാശനം കോട്ടയം പ്രസ്‌ക്ലബ്ബ് ഹാളില്‍ സുപ്രസിദ്ധ സിനിമ മിമിക്രി താരം കോട്ടയം നസീര്‍ നിര്‍വ്വഹിച്ചു. കവികളായ പി കെ ഗോപി, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, വിജയ് മാധവ് എന്നിവരുടെ പുതിയ പാട്ടുകളും കണിയാപുരം രാമചന്ദ്രന്റെ രചനകളും ഉള്‍പ്പെടുത്തി ചുവന്ന സ്വപ്‌നം എന്നാണ് സിഡിയ്ക്ക് പേരിട്ടിരിക്കുന്നത്.
സിപിഐയുടെ ജില്ലാ സമ്മേളനങ്ങളുടെ ചരിത്രത്തിലെ ആദ്യ സംരഭമാണ് സംഗീത ആല്‍ബം. എച്ച് രാജേഷ്, പൊന്‍കുന്നം ഷാനിരാജ്, ജോസ് ചമ്പക്കര, വീണ പ്രജീഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. റെഡ് സല്യൂട്ട് എന്ന പി കെ മേദിനിയുടെ പ്രശസ്തമായ വിപ്ലവഗാനം കുമാരി ആരാധ്യ പാടിയിരിക്കുന്നു. നടേരി ഗംഗാധരന്റെ ഉദയത്തിനെന്നും ചുവപ്പുനിറം എന്ന ഗാനം ഏറെ ശ്രദ്ധേയമാണ്. യുവ സംഗീതജ്ഞന്‍ വിജയ് മാധവ് രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. എന്‍ പി പ്രഭാകരന്റെ ഈണവും ഗാനങ്ങള്‍ക്കുണ്ട്. പ്രകാശന കര്‍മ്മത്തില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി കെ കൃഷ്ണന്‍, അഡ്വ വി ബി ബിനു, ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ രാജു തെക്കേക്കര, സെക്രട്ടറി മോഹന്‍ ചേന്നംകുളം, ജില്ലാ കമ്മറ്റി അംഗം അജി കാരുവാക്കല്‍, യുവകലാസാഹിതി സംസ്ഥാന കമ്മറ്റിയംഗം ജോസ് ചമ്പക്കര, അഡ്വ എം എ ഷാജി എന്നിവര്‍ പങ്കെടുത്തു.