Sunday
19 Aug 2018

പന്‍സാരെ സ്മരണയില്‍ സിപിഐ പതാകദിനം 

By: Web Desk | Wednesday 14 February 2018 10:29 PM IST

സ്വന്തം ലേഖകന്‍

മലപ്പുറം: ഹിന്ദുവര്‍ഗീയവാദികളുടെ വെടിയേറ്റു മരിച്ച ഗോവിന്ദ് പന്‍സാരെയുടെ രക്തസാക്ഷിത്വദിനമായ ഫെബ്രുവരി 20ന് സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ പതാക ദിനമായി ആചരിക്കുന്നു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ഫെബ്രുവരി 28നാണ് മലപ്പുറത്ത് തുടക്കമാകുന്നത്. മാര്‍ച്ച് 1 മുതല്‍ 4 വരെയാണ് സമ്മേളനം. പതാകദിനം കേരളത്തിലെ പതിനായിരത്തില്‍പ്പരം പാര്‍ട്ടി ഘടകങ്ങളില്‍ ആചരിക്കും.

സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി, മഹാരാഷ്ട്രാ സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ഗോവിന്ദ് പന്‍സാരെ ആറ് ദശാബ്ദക്കാലത്തെ നീണ്ട പൊതുപ്രവര്‍ത്തനത്തിന്റെ ഉടമയായിരുന്നു. മഹാരാഷ്ട്രയിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഏറ്റവും ശക്തനായ നേതാവായിരുന്ന പന്‍സാരെ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും ശബ്ദമായിരുന്നു. കോല്‍ഹാപ്പൂരിലെ കല്‍ക്കരി ഖനനവിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ അദ്ദേഹത്തെ കോര്‍പ്പറേറ്റ് ശക്തികള്‍ തങ്ങളുടെ ശക്തനായ ശത്രുവായി കണ്ടു. മതാന്ധതയ്ക്കും ജാതീയ വേര്‍തിരിവുകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ഗോവിന്ദ് പന്‍സാരെ വര്‍ഗ്ഗീയ- ഫാസിസ്റ്റ് ശക്തികളുടെ നോട്ടപ്പുള്ളിയായത് സ്വാഭാവികം മാത്രം.

2015 ഫെബ്രുവരി 16ന് രാവിലെ പ്രഭാതസവാരിക്കിടയില്‍ അദ്ദേഹത്തെയും ഭാര്യ ഉമ പന്‍സാരെയേയും വര്‍ഗ്ഗീയവാദികള്‍ വെടിവച്ചുവീഴ്ത്തി. ഗോവിന്ദ് പന്‍സാരെ ഫെബ്രുവരി 20ന് അന്തരിച്ചു. ഗോവിന്ദ് പന്‍സാരെയുടെ ധീരസ്മരണകള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതോടൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പോരാട്ടത്തിനുള്ള ആഹ്വാനമാണീ സമ്മേളനമെന്ന പ്രഖ്യാപനം കൂടിയാണ് ഈ പതാക ദിനം.