Thursday
18 Oct 2018

സിപിഐ ഓഫീസ് കോണ്‍ഗ്രസുകാര്‍ അടിച്ചുതകര്‍ത്തു, സെക്രട്ടറിക്ക് പരിക്ക്

By: Web Desk | Thursday 9 November 2017 10:39 PM IST

 പരിക്കേറ്റ സിപിഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ള താലൂക്കാശുപത്രിയില്‍

അക്രമം സോളാര്‍ റിപ്പോര്‍ട്ടിൽ ക്ഷുഭിതരായി

കരുനാഗപ്പള്ളി: കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘം സിപിഐ കരുനാഗപ്പള്ളി മണ്ഡലംകമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ള ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ജയകൃഷ്ണപിള്ളയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
യുഡിഎഫ് ജില്ലാചെയര്‍മാന്‍ കെ സി രാജന്‍, ഡിസിസി ജനറല്‍സെക്രട്ടറി എം അന്‍സര്‍, സേവാദള്‍ ജില്ലാചെയര്‍മാന്‍ ചിറ്റുമൂല നാസര്‍, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി ആര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. വൈകിട്ട് ആറോടെയായിരുന്നു അക്രമത്തിന് തുടക്കം.
സോളാര്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചതിന് ശേഷം കെ സി വേണുഗോപാലിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആഫീസിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപം എത്തിയപ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ കോണ്‍ഗ്രസുകാര്‍ സിപിഐ ഓഫീസിന് നേരേ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറി ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ഓഫീസിനുള്ളിലുണ്ടായിരുന്ന മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് കരുനാഗപ്പള്ളി എസിപി എസ് ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അക്രമം കാട്ടിയ കോണ്‍ഗ്രസുകാരെ തുരത്തിയോടിച്ചു. ജയകൃഷ്ണപിള്ളയുടെ തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. അക്രമത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി ആര്‍ മഹേഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തുമെന്ന് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ആര്‍ സോമന്‍പിള്ള അറിയിച്ചു.
Related News