Thursday
24 Jan 2019

കശ്മീര്‍ എന്തുകൊണ്ട് പൊട്ടിത്തെറിക്കുന്നു

By: Web Desk | Saturday 5 May 2018 9:44 PM IST

ജോസ് ഡേവിഡ്
ഇപ്പോള്‍ ജമ്മുകശ്മീര്‍ കത്തിപ്പടരുന്നതിന്റെ കാരണങ്ങള്‍ തെരയുന്നവര്‍ക്ക് ഒറ്റ ഉത്തരമേ ഉള്ളൂ. ബിജെപി. വിഭജനകാലം മുതല്‍ കശ്മീരിനെ ചൊല്ലി പാകിസ്ഥാന്‍ പ്രശ്‌നങ്ങളും യുദ്ധവും നടത്തുമ്പോഴും ഇന്ത്യ അസ്വസ്ഥമാകുമ്പോഴും സംഭവിക്കാതിരുന്ന ഒരു പുതിയ പ്രതിഭാസം താഴ്‌വരയില്‍ രണ്ടു വര്‍ഷമായി ഉടലെടുത്തിരിക്കുന്നു. കശ്മീരിജനത ഇപ്പോള്‍ വര്‍ദ്ധിച്ച തോതില്‍ ഇന്ത്യയെ എതിര്‍ക്കുന്നു, കൃത്യമായി പറഞ്ഞാല്‍ അവര്‍ ഇന്ത്യയെ ഭയക്കുന്നു. അവര്‍ ഇന്ത്യക്കുള്ളിലാണ്, ഇന്ത്യക്കാരാണ്, പക്ഷേ ഇന്ത്യയെ ഭയക്കുന്നു. ഇതൊരു മാനസികമായ, വൈകാരികമായ പ്രതിപ്രവര്‍ത്തനമാണ്. ബിജെപി കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തില്‍ വന്നതോടെ ഈ ഭയം അതിക്രമിച്ചു.
താഴ്‌വരയിലെ ജനങ്ങള്‍ക്കെതിരെ ഹിന്ദുത്വശക്തികള്‍ക്ക് ആസിഫ ബാനു എന്ന ആട്ടിടയബാലികയോട് ചെയ്തതുപോലെ എന്തുകൊടുംക്രൂരതയും ആവാം, എന്നാല്‍ മതേതര ഇന്ത്യയ്ക്ക് ഒരുപാട് സംയമനങ്ങള്‍ പാലിച്ചേ പറ്റൂ, കശ്മീരിന്റെ വിശ്വാസം ആര്‍ജിച്ചേ കഴിയൂ. സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലത്ത് എത്തിയ കശ്മീര്‍ റീജിയന്‍ സെക്രട്ടറി ജി എം മിസ്രാബ് പറയുന്നത് കശ്മീരി ജനത ഭീകരമായി വഞ്ചിക്കപ്പെട്ടുവെന്നു വിശ്വസിക്കുന്നുവെന്നാണ്്. കശ്മീര്‍, ജമ്മു, ലഡാക്ക് ഇങ്ങനെ മൂന്ന് റീജിയനുകളാണ് സിപിഐക്കുള്ളത്, അതില്‍ കാശ്മീര്‍ സെക്രട്ടറിയാണ് ജി എം മിസ്രാബ്.
ഒരു വീട്ടിനുള്ളില്‍ ഇന്ത്യാവിരുദ്ധ ഭീകരപ്രവര്‍ത്തകനുണ്ടെങ്കില്‍ രണ്ട് വര്‍ഷം മുമ്പ് ഇന്ത്യന്‍ സൈന്യം പിടിക്കാന്‍ വന്നാല്‍ ആരും പ്രതിരോധിച്ചിരുന്നില്ല. ഇപ്പോള്‍ ആയിരക്കണക്കിനു യുവാക്കള്‍ ഒത്തുകൂടി സൈന്യത്തെ കല്ലെറിയുന്നു. ഒരു ഭീകരന്‍ സൈനികരുടെ വെടിയേറ്റ് മരിച്ചാല്‍ നൂറോ ഇരുന്നൂറോ അടുത്ത ബന്ധുക്കള്‍ മാത്രം ശവസംസ്‌കാരത്തിന് എത്തിയിരുന്ന സ്ഥാനത്ത് ആയിരങ്ങളല്ല, പതിനായിരങ്ങള്‍ എത്തുന്നു. നൂറ് കണക്കിന് യുവാക്കള്‍ സൈന്യത്തിനെതിരെ തോക്കേന്താന്‍ തയ്യാറാണ്. അവര്‍ അത്ര വെറുപ്പിലാണ്. ഒരു സിവിലിയന്‍ കൊല്ലപ്പെട്ടാല്‍ ഇപ്പോള്‍ രണ്ടും മൂന്നും ദിവസം നീളുന്ന ഹര്‍ത്താലാണ്, ആരും ആഹ്വാനം ചെയ്യാതെ സ്വയം നടക്കുന്നവ, പക്ഷേ അതിന്റെ ക്രഡിറ്റ് അവകാശപ്പെടുന്നത് ഹൂറിയത്ത് പോലുള്ള സംഘടനകളും.
ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത് വെറും മുന്നൂറോ നാന്നൂറോ ഭീകരപ്രവര്‍ത്തകരെ ഉള്ളുവെന്ന്. അവരെ നേരിടാനോ ഏഴ് ലക്ഷം സുരക്ഷാസേനയും അതിന് പുറമേ കശ്മീര്‍ പൊലീസും അര്‍ദ്ധസേനയുമെന്ന് മിസ്രാബ്.
ഇതൊരു രാഷ്ട്രീയ വിഷയമാണ്. അതിനെ രാഷ്ട്രീയമായ ഉയര്‍ന്ന തലത്തില്‍, ഗൗരവതരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ, സൈന്യത്തെ ഉപയോഗിച്ച് പ്രശ്‌നത്തെ നേരിടാമെന്ന് കരുതുന്നു. കശ്മീരി ജനതയുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തച്ചുതകര്‍ക്കാന്‍ കൂടുതല്‍ സൈന്യത്തെ ഇവിടേക്ക് അയയ്ക്കുന്നു. കശ്മീര്‍ വിഷയവുമായി നേരിട്ട് ബന്ധമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹിസ്ബുള്‍ മുജാഹിദീന്‍, ജയിഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദികളുടെ സംഘടനകളും ഉള്‍പ്പെടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്നു പരിഹരിക്കേണ്ട പ്രശ്‌നമാണിത്. ഇപ്പോള്‍ ഐഎസ്‌ഐഎസും കശ്മീരില്‍ സക്കീര്‍ മൂസ കമാണ്ടറായി പ്രവര്‍ത്തിക്കുന്നു, സര്‍ക്കാര്‍ അത് നിഷേധിക്കുന്നുവെങ്കിലും- മിസ്രാബ് പറഞ്ഞു.
ഹിസ്ബുള്‍ മുജാഹിദീന്റെ തലവന്‍ സെയ്ദ് സലാവുദ്ദീന്‍ ഇപ്പോള്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 1987ലെ തെരഞ്ഞെടുപ്പില്‍ ശ്രീനഗറില്‍ നിന്നും മത്സരിച്ചിരുന്നു സെയ്ദ് സലാവുദീന്‍. ആ തെരഞ്ഞെടുപ്പ് റിഗ്ഗ് ചെയ്യപ്പെട്ടതോടെ കശ്മീരി ജനതയ്ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം കൂടി നഷ്ടപ്പെടുകയായിരുന്നുവെന്ന് മിസ്രാബ്.
ഭീകരര്‍ കൂടുതലും പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള നുഴഞ്ഞുകയറ്റക്കാരാണോ? മിസ്രാബ് പറയുന്നത് കശ്മീരിലെ ചെറുപ്പക്കാര്‍ തന്നെ ഇന്ത്യാവിരുദ്ധരാകുകയാണെന്നാണ്. ഇന്ത്യയുടെ ദീര്‍ഘകാലത്തെ നയങ്ങള്‍ മൂലം, കശ്മീരി ജനത തോല്‍പിക്കപ്പെട്ടപ്പോള്‍ അവര്‍ ഇന്ത്യയെ വിശ്വസിക്കാതായി.
വിഭജനസമയത്ത് ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ കശ്മീര്‍ ഇന്ത്യയോടൊപ്പം നിലനിര്‍ത്തുമ്പോള്‍, ഇന്ത്യ എന്ന ഭൂമിയോടല്ല, ആ ആശയത്തോടാണ് ചേര്‍ന്നതെന്നു മിസ്രാബ് വിവരിക്കുന്നു. ഇന്ത്യയുടെ മതേതരത്വം, സോഷ്യലിസം, ജനാധിപത്യം എന്നിവയോടാണ് കശ്മീര്‍ ചേര്‍ന്നത്. മറ്റെല്ലാ സംസ്ഥാനത്തും മുഖ്യമന്ത്രിയായിരിക്കെ കശ്മീര്‍ പ്രത്യേകാവകാശമുള്ള, ഷേഖ് അബ്ദുള്ള പ്രധാനമന്ത്രിയായുള്ള സംസ്ഥാനമായി.
ഇന്ത്യയിലാദ്യമായി ഭൂപരിഷ്‌കരണം നടന്നത് കാശ്മീരിലാണ്. എല്ലാ കുടംബങ്ങള്‍ക്കും ഭൂമി ലഭിച്ചു. മതേതരത്വത്തിന്റെ ഉദാത്തഭൂമിയായി സഞ്ചാരികളുടെ ഈ പറുദീസ എന്നും നിലനിന്നു. പ്രസിദ്ധമായ ലാല്‍ ദേദ് ക്ഷേത്രത്തില്‍ മുസ്ലീങ്ങളും നൂര്‍ദീന്‍ പള്ളിയില്‍ ഹിന്ദുക്കളും സ്ഥിരമായി ആരാധന ചെയ്തിരുന്ന ഊഷ്്മളമായ മതേതരത്വം. പക്ഷേ ആ ഷേഖ് അബ്ദുള്ളയെ പട്ടേല്‍ ആഭ്യന്തര മന്ത്രിയായിരിക്കെ അറസ്റ്റ് ചെയ്തു. 1953ല്‍ മുതല്‍ 22 വര്‍ഷം അദ്ദേഹം തടവിലായി. കശ്മീരി ജനതയുടെ വിശ്വാസം തകര്‍ന്ന ആദ്യസംഭവം. തുടര്‍ന്ന് 1984ല്‍ ഫാറൂഖ് അബ്ദുള്ളയുടെ ഭൂരിപക്ഷ സര്‍ക്കാരിനെ ഡിസ്മിസ് ചെയ്തു. 1987ലെ പൊതുതെരഞ്ഞെടുപ്പിനെ പൂര്‍ണമായും റിഗ് ചെയ്തു. ഇന്ത്യ ജനാധിപത്യവും തകര്‍ത്തുവെന്നു കാശ്മീരി ജനതക്ക് തോന്നി.
സൈനിക യൂണിഫോമിലുള്ള ഓരോ ആളെയും ഭയക്കുകയോ വെറുക്കുകയോ ചെയ്യുന്നു. കൂട്ടമാനഭംഗങ്ങളുടെ, വ്യാജ ഏറ്റുമുട്ടലുകളുടെ സൈനികതന്ത്രങ്ങള്‍ നിസഹായരായ ഒരു ജനതയ്ക്ക് മേല്‍ പ്രയോഗിക്കപ്പെടുമ്പോള്‍ അവര്‍ക്ക് വെറുക്കാതിരിക്കാനാവുന്നില്ല.
ബാരമുള്ള ജില്ലാ ആസ്ഥാനത്തുനിന്നും പാടങ്ങള്‍ അതിരിടുന്ന ചെറുവഴിയിലൂടെ 9 കിലോമീറ്റര്‍ ചെന്നാല്‍ കുനന്‍ പോഷ്‌പോറയിലെത്തും. രണ്ട് ചെറുഗ്രാമങ്ങളായിരുന്ന അതിന്ന് ലോകം ഒരൊറ്റ ഗ്രാമമായി അറിയുന്നു. 1991 ഫെബ്രുവരി 23-ന്റെ അഭിശപ്തമായ രാത്രി കുനന്‍ പോഷ്‌പോറയില്‍ ഇന്നും പുലര്‍ന്നിട്ടില്ല. ഒരിക്കലും പുലരാത്ത ആ രാവിലാണ് 4 രജപുട്ടാന റൈഫിള്‍സിലെ 68-ാം ബ്രിഗേഡ് കുനന്‍ പോഷ്‌പോറയിലേയ്ക്ക് ഇരച്ചുകയറി, വീടുകളിലുണ്ടായിരുന്ന പുരുഷന്മാരെയെല്ലാം പുറത്തിറക്കി നിര്‍ത്തി സ്ത്രീകളെ ഒരിടത്തുകൂട്ടി മാനഭംഗത്തിന് വിധേയരാക്കിയത്. 23 മുതല്‍ 100 സ്ത്രീകള്‍ വരെ രാ മുഴുവന്‍ ബലാല്‍സംഗപ്പെട്ടുവെന്ന് അതിനിരയായ സ്ത്രീകള്‍ പറയുന്നു. ഇത് വാസ്തവമെങ്കില്‍ സ്വതന്ത്ര ഇന്ത്യാചരിത്രത്തില്‍ ഭരണകൂടം ജനങ്ങള്‍ക്ക് നേരെ നടത്തിയ ഏറ്റവും വലിയ ലൈംഗികക്രൂരതയാണിത്. 14 വയസുള്ള ഭിന്നശേഷിയുള്ള കുട്ടി മുതല്‍ 70 വയസുള്ള വൃദ്ധ വരെ ഇതിലുള്‍പ്പെട്ടു.
സൈന്യം ഇത് നിഷേധിക്കുകയും ഇന്ത്യാവിരുദ്ധരുടെ കള്ളക്കഥയെന്ന് പറയുകയും ചെയ്തു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രണ്ടംഗ അനേ്വഷണസംഘം- ബി ജി വറുഗീസും കെ വിക്രം റാവുവും- വ്യോമസേനാ ഹെലികോപ്ടറില്‍ അവിടെയെത്തി ലോക്കല്‍ പൊലീസിലെ പരിഭാഷകന്റെ സഹായത്തില്‍ വസ്തുതാനേ്വഷണം നടത്തി, ഇത് ഇന്ത്യന്‍ കരസേനയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടി നടന്ന പാകിസ്ഥാന്റെ ശക്തമായ വ്യാജപ്രചരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവര്‍ തങ്ങളെ കണ്ടിട്ടില്ലെന്ന് ഇരകളും പറഞ്ഞു.
1991-ല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ കേസവസാനിപ്പിക്കാന്‍ ഹര്‍ജി നല്‍കി. 2013-ല്‍ കേസ് വീണ്ടും പുനര്‍വിചാരണയ്ക്കായി കോടതിയിലെത്തി. നിയമത്തിന്റെ പഴുതുകള്‍ വിടര്‍ന്നുവരികയും കുറ്റവാളികള്‍ നിര്‍ബാധം പുറത്തുകടക്കുകയും ചെയ്തപ്പോഴും കുനന്‍ പോഷ്‌പോറയിലെ ഇരകള്‍ നീതിക്കുവേണ്ടി ഞരങ്ങുന്നു. ശ്രീനഗറില്‍ ആ ഗ്രാമീണര്‍ 2015-ല്‍ ആദ്യമായി, സംഭവസമയത്ത് കുപ്‌വാരയില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന .സയ്യിദ് മുഹമ്മദ് യാസിന്റെ നേതൃത്വത്തില്‍ രംഗത്തുവന്നു. യാസിന്‍ പറഞ്ഞു: ‘സ്ത്രീകളുടെ ദുരവസ്ഥ കണ്ട് ഞാന്‍ ഞെട്ടി. ഒരു സ്ത്രീ എന്നോട് പറഞ്ഞു, അവരെ ജാക്ക്ബൂട്ടിനുള്ളില്‍ പിടിച്ചുവച്ച്, കണ്‍മുമ്പില്‍ വച്ച്് മകളെയും മരുമകളെയും അവര്‍ ബലാല്‍സംഗം ചെയ്തുവെന്ന്. ഒരു ഗര്‍ഭിണിയും ബലാല്‍സംഗത്തിനിരയായി…’ ഇരകളിലൊരാളായ ജന്തിബീഗം പറഞ്ഞു: ‘എനിക്കന്നു 22 വയസ്. ആ പെണ്‍കുട്ടി അന്ന് മരിച്ചു. ഞാനിന്ന് ജീവിക്കുന്നത് വെറും ജീവച്ഛവമായി.’
കുനന്‍ പോഷ്‌പോറയിലെ സ്ത്രീകള്‍ അതോടെ സാമൂഹ്യഭൃഷ്ടിന് വിധേയരായി. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോയി. അവരെ വിവാഹം കഴിക്കാന്‍ ആളില്ലാതായി. അന്നാട്ടിലെ സ്ത്രീകള്‍ ജനങ്ങള്‍ക്ക് നിന്ദ്യമായ ഒരു തമാശയായി മാറി.
അനന്ത്‌നാഗിലെ ഛത്തിസിങ് പോറയില്‍ 35 സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് 2000 മാര്‍ച്ച് 20ന്, യുഎസ് പ്രസിഡന്റ് ബില്‍ക്ലിന്റന്റെ ഇന്ത്യാസന്ദര്‍ശനത്തിന് മങ്ങലേല്‍പ്പിക്കാനായിരുന്നു. മുംബൈ വെടിവയ്പില്‍ അറസ്റ്റിലായ ഡേവിഡ് ഹെഡ്‌ലി 2010ല്‍ ഇത് ലഷ്‌കര്‍ ഇ തൊയ്ബ നടത്തിയ കൂട്ടക്കൊലയെന്ന് എന്‍ഐഎയോട് കുറ്റസമ്മതം നടത്തിയതായി പറയുന്നുവെങ്കിലും ഇന്നും ഇതിന്റെ പിന്നിലെ യഥാര്‍ഥ ശക്തികള്‍ ആരെന്ന് വ്യക്തമായിട്ടില്ല. 2011ല്‍ ഡല്‍ഹി കോടതി ഇതില്‍ അറസ്റ്റ് ചെയ്യപ്പെട്ട ലഷ്‌കര്‍ തീവ്രവാദി സുഹൈല്‍ മാലിക്കിനേയും ഒരു പാക്ക് പൗരനേയും വെറുതെവിട്ടു.
ഛത്തിസിങ് പോറയിലെ ഈ ഭീകരാക്രമണത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൈന്യം അനന്ത്‌നാഗിലെ പത്രിബാല്‍ ഗ്രാമത്തില്‍ നിന്ന് അഞ്ചുപേരെ ‘വിദേശതീവ്രവാദികള്‍’ എന്നാരോപിച്ച് കാട്ടില്‍ കൊണ്ടുപോയി വെടിവച്ചുകൊന്നു. ഇവരാണ് ഛത്തിസിങ് പോറയില്‍ വെടിവയ്പ് നടത്തിയതെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. അവരുടെ ശവശരീരം കത്തിക്കരിഞ്ഞ നിലയില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഗ്രാമീണര്‍ ഞെട്ടിപോയെന്ന് മിസ്രാബ് പറയുന്നു. അവരാരും തീവ്രവാദികളായിരുന്നില്ല. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് ഈ ഗ്രാമീണരെ തിരിച്ചറിയാന്‍ നടത്തിയ ശ്രമങ്ങള്‍, ഡിഎന്‍എ സാമ്പിളുകളില്‍ കൃത്രിമം നടത്തി തകര്‍ത്തു. ഗ്രാമീണരുടെ രക്തം പിന്നെയും പരിശോധനയ്‌ക്കെടുത്തു. ‘ആയിരംവട്ടം ഞാന്‍ രക്തം നല്‍കാം, എന്റെ മകനാണ് മരിച്ചതെന്ന് തിരിച്ചറിയാന്‍ എനിക്ക് ഒരു രക്തസാമ്പിളും വേണ്ട,’ ഒരു ഉമ്മ പറഞ്ഞു. ”ആ അഞ്ചുപേരും നിരപരാധികളായിരുന്നു,” അനന്തനാഗ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും പ്രസ്താവിച്ചു. ഈ വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ച ഒരു സൈനികോദേ്യാഗസ്ഥനും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.
മിസ്രാബിന്റെ ഷോപ്പിയാനിലെ കീഗം ഗ്രാമത്തില്‍ സൈന്യം ഒരു ദിവസമെത്തി ഭീകരരെ തെരയാന്‍ എന്ന പേരില്‍ പുരുഷന്മാരെ മുഴുവന്‍ തുറന്ന പ്രദേശത്ത് കൊണ്ടുപോയി നിര്‍ത്തി പ്രഹരിച്ചു. അടുത്ത ദിവസം മിസ്രാബും ഇരുന്നൂറോളം പേരും ഷോപ്പിയാന്‍ ജില്ലാ കളക്ടറേയും പൊലീസ് സൂപ്രണ്ടിനെയും കണ്ട് പരാതിപ്പെട്ടു. അപ്പോള്‍ കരസേനാ ജനറല്‍ സീഹോട്ട അവിടെയെത്തുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ അവസരം നല്‍കി. മിസ്രാബ് പറഞ്ഞു: ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരാണ്, ഇന്ത്യാവിരുദ്ധരല്ല, ഭീകരരെ സഹായിക്കുന്നുമില്ല. എന്തിന് അവര്‍ ഞങ്ങളെ അടിച്ചു?
വേണ്ടത് ചെയ്യുമെന്ന ഉറപ്പില്‍ ജനറല്‍ സീഹോട്ട അവരെ തിരിച്ചയച്ചു. അന്ന് പാതിരാവില്‍, 1996 ജനുവരി 16ന് ഒരു സംഘം പട്ടാളക്കാര്‍ വീട്ടിലെത്തി, എന്തിന് ജനറലിനോട് പരാതിപ്പെട്ടു എന്ന് ചോദിച്ചു. എന്നോട് കസേരയിലിരിക്കാനും വീട്ടിലെല്ലാവരെയും വിളിച്ചുവരുത്താനും പറഞ്ഞു. ഞാന്‍ ഉമ്മയെയും ഭാര്യയെയും മക്കളെയും അനുജന്മാരെയും മുറിയിലേക്ക് വിളിച്ചുനിര്‍ത്തി. മേജര്‍ പെട്ടെന്ന് എന്റെ നേരെ നിറയൊഴിച്ചു. ഞാനൊരു വശത്തേയ്ക്ക് മറിഞ്ഞു. രണ്ടനുജന്മാരെ വെടിവച്ചുകൊന്നു-ഡോ. അബ്ദുള്‍ റഷീദും, ഗുലാം നബിയും. മകള്‍ ബേനസീര്‍ പരിക്കേറ്റു വീണു. ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല.
അനുജന്‍ ഗുലാംനബിയുടെ മകന്‍ ഇഷ്താഖ് ഇപ്പോള്‍ എന്‍ജിനീയറിങ് പാസായി. താഴ്‌വരയില്‍ തൊഴില്‍ കുറവായതിനാല്‍ അവനോട് ഇന്ത്യയിലെവിടെയെങ്കിലും ജോലി നോക്കാന്‍ ഞാന്‍ പറഞ്ഞു. ഇഷ്താഖ് പറയുന്നു: ‘ഞാന്‍ ഇന്ത്യയില്‍ സുരക്ഷിതനായിരിക്കില്ല, അവരെന്നെ കൊല്ലും.’