കലാ-സാംസ്‌കാരിക പരിപാടികള്‍ 19 മുതല്‍

By: Web Desk | Monday 16 April 2018 11:08 PM IST

കൊല്ലം: പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക് സാംസ്‌കാരിക പ്രതിരോധത്തോടെ തുടക്കമാകും. 19ന് വൈകിട്ട് അഞ്ചിന് അഞ്ചലില്‍ ഫാസിസത്തിനെതിരെ സാംസ്‌കാരിക പ്രതിരോധം നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാര്‍, സംവിധായകന്‍ വിനയന്‍ എന്നിവര്‍ പങ്കെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ഗാനങ്ങളുടെ സിഡി പ്രകാശനവും കാനം രാജേന്ദ്രന്‍ നിര്‍വഹിക്കും. പി കെ ഗോപി, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, റഫീക്ക് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണന്‍, വിനയന്‍, കെ ജെ സിംഗ് എന്നിവരുടെ രചനകള്‍ക്ക് എം ജയചന്ദ്രന്‍, ബിജിപാല്‍ എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്നു.
21ന് വൈകിട്ട് നാലിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ തെന്മല പൊന്നിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്, വൈകിട്ട് ആറിന് കുട്ടികളുടെ കലാപരിപാടികള്‍. 22ന് വൈകിട്ട് അഞ്ചിന് നടക്കുന്ന കാവ്യസായാഹ്നം പി കെ ഗോപി ഉദ്ഘാടനം ചെയ്യും. ഏഴാച്ചേരി രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, ചവറ കെഎസ് പിള്ള, ബാബു പാക്കനാര്‍, എം സങ്, ഡോ. മായാ ഗോവിന്ദരാജ്, ഇന്ദിരാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി ഏഴിന് തിയേറ്റര്‍ ഇനിഷ്യേറ്റീവ് കേരളയുടെ നാടകം ‘രണ്ടുമുറി തിണ്ണ അടുക്കള’. 23ന് വൈകിട്ട് അഞ്ചിന് ഡോ. ആനയടി ധനലക്ഷ്മിയുടെ സംഗീതസദസ്, ഏഴിന് ബാബു ഒലിപ്പുറത്തിന്റെ ഏകപാത്ര നാടകം. 24ന് വൈകിട്ട് നാലിന് നടക്കുന്ന നാടകചര്‍ച്ച പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. മണിലാല്‍ മോഡറേറ്ററായിരിക്കും. പ്രമോദ് പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഇ എ രാജേന്ദ്രന്‍, കെപിഎസി ഷാജഹാന്‍, ഉഷാകുമാരി, മുരുകലാല്‍ എന്നിവര്‍ പങ്കെടുക്കും. ഏഴിന് കൊല്ലം ഇപ്റ്റയുടെ നേതൃത്വത്തില്‍ വയലാര്‍, ഒഎന്‍വി, പി ഭാസ്‌കരന്‍ അനുസ്മരണ സന്ധ്യ. വൈകിട്ട് മൂന്നിന് കൊല്ലം പട്ടണത്തില്‍ പുലികളി.
25ന് സി കെ ചന്ദ്രപ്പന്‍നഗറില്‍ (ആശ്രാമം മൈതാനം) വൈകിട്ട് അഞ്ചിന് പന്തളം ബാലന്റെ ഗാനോപഹാരം. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ വിനയന്‍ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സംഗീതസംവിധായകന്‍ എം കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍, വിപ്ലവ ഗായിക പി കെ മേദിനി, സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ സംവിധായകന്‍ വി സി അഭിലാഷ് എന്നിവരെ കാനം രാജേന്ദ്രന്‍ ആദരിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഇ എം സതീശന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, ആര്‍ എസ് അനില്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് എട്ടിന് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം. 26ന് വൈകിട്ട് ആറിന് സാംസ്‌കാരിക സന്ധ്യ. കെപിഎസി നാടക ഗാനങ്ങള്‍, മണിപ്പൂര്‍, ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഇപ്റ്റ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 27ന് വൈകിട്ട് ആറിന് ഞെരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന സോപാന സംഗീതം, എട്ടിന് കേരളീയ തനത് കലാരൂപങ്ങളുടെ ആവിഷ്‌ക്കാരമായ ദൃശ്യതാളം. 28ന് വൈകിട്ട് ആറിന് വയലാര്‍ നവതി ആഘോഷം വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സിനിമ പിന്നണിഗായകന്‍ സുധീപ്കുമാര്‍ അവതരിപ്പിക്കുന്ന ഗാനമേള, രാത്രി എട്ടിന് ആശാ ശരത് അവതരിപ്പിക്കുന്ന നൃത്ത നൂപുരം. 29ന് ആശ്രാമം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിനും റെഡ്‌വോളണ്ടിയര്‍ മാര്‍ച്ചിനും മുന്നോടിയായി വൈകിട്ട് നാലിന് ആലപ്പുഴ ഇപ്റ്റയുടെ നേതൃത്വത്തില്‍ നാട്ടരങ്ങ് അരങ്ങേറും.