സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ രാജ്യം ഉറ്റുനോക്കുന്നു: ബിനോയ് വിശ്വം

By: Web Desk | Friday 20 April 2018 11:01 PM IST

കോഴിക്കോട്: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ രാജ്യം ഉറ്റു നോക്കുകയാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. 23 -ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ ബിനോയ് വിശ്വം. 2019ല്‍ നരേന്ദ്രമോഡിയെയും കൂട്ടരെയും അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ ഇടതുപക്ഷ മതേതര ജനാധിപത്യ ബദല്‍ എന്ന ആശയത്തിന് വേണ്ടിയാണ് സിപിഐ നിലകൊള്ളുന്നത്. ഈ ആശയത്തിന് രാജ്യത്തെമ്പാടുമുള്ള ജനാധിപത്യവിശ്വാസികള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.
ജനവിരുദ്ധ വര്‍ഗ്ഗീയ ഭരണകൂടത്തിനെതിരെ ഒരു പൊതുവേദി എന്ന ആശയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ആദ്യം മുന്നോട്ടുവച്ചത്. ഫാസിസത്തിന്റെ വാള്‍ നമ്മുടെയെല്ലാം തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ ബദല്‍ എന്ന ആശയത്തിനായി നിലക്കൊള്ളുന്ന പാര്‍ട്ടിയാണ്. മുഖ്യശത്രുവിനെതിരെ വിശാലമായ ഇടതുപക്ഷ ജനാധിപത്യ ഐക്യം ശക്തിപ്പെടണം. ഈ ആശയത്തിന് രാജ്യത്താകമാനം വലിയ പിന്തുണയാണ് ലഭിച്ചു വരുന്നത്. ഇപ്പോള്‍ നടന്നു വരുന്ന സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിലേയും മുഖ്യവിഷയം ഇതുതന്നെയാണ്. ഇന്ത്യയെ മനസ്സിലാക്കുന്നതിലും ശത്രുവിനെ തിരിച്ചറിയുന്നതിലുമെല്ലാം സിപിഐക്കും സിപിഐ എമ്മിനും സമാനതകളുണ്ട്. രണ്ടു പാര്‍ട്ടികളുടേയും പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പിലുള്ള രാഷ്ട്രീയ പ്രമേയങ്ങള്‍ ഇതു സൂചിപ്പിക്കുന്നു. രാജ്യത്തെ അപകടപ്പെടുത്തുന്ന ആര്‍ എസ് എസ്സും മോഡി ഭരണകൂടവുമാണ് മുഖ്യശത്രുവെന്ന് രണ്ട് രാഷ്ട്രീയ പ്രമേയങ്ങളും ചൂണ്ടിക്കാട്ടുന്നു.
മുഖ്യശത്രുവിനെ തോല്‍പിക്കുന്നതിനായുള്ള നയപരിപാടികള്‍ രൂപീകരിക്കുക എന്നതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. ഇതിനായി യോജിക്കാന്‍ കഴിയുന്ന എല്ലാവരുമായി യോജിക്കണം. കോണ്‍ഗ്രസ് ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയാണ്. അതിന്റെ സാമ്പത്തിക നയങ്ങളെല്ലാം സ്വീകാര്യമല്ലാത്തതാണെന്ന് നാം മുമ്പേ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.