Monday
15 Oct 2018

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് പതാക ജാഥയ്ക്ക് ആവേശകരമായ തുടക്കം

By: Web Desk | Thursday 19 April 2018 10:39 PM IST

കയ്യൂര്‍: വിപ്ലവസ്മരണകളിരമ്പുന്ന കയ്യൂരിന്റെ മണ്ണില്‍നിന്നും ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് നടക്കുന്ന 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന നഗരിയായ സികെ ചന്ദ്രപ്പന്‍ നഗറിലേക്കുള്ള പതാക ജാഥയ്ക്ക് ആവേശകരമായ തുടക്കം.
മുദ്രാവാക്യം വിളിയുടെ ആരവത്തോടെ കയ്യൂര്‍ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ സ്മൃതിമണ്ഡപത്തില്‍ വച്ച് സിപിഐ കേന്ദ്ര സെക്രേട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ രക്തപതാക ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വത്തിന് കൈമാറി. ബാന്റ് വാദ്യങ്ങളുടെയും കതിനവെടികളുടെയും അകമ്പടിയും ആരവവും കൊഴുപ്പേകിയ ചടങ്ങില്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സംസാരിച്ചു.
ബൈക്കുകളിലായി റെഡ് വളണ്ടിയര്‍മാരും നൂറ് കണക്കിന് വാഹനങ്ങളും പാര്‍ട്ടി സഖാക്കളും അനുഗമിച്ച പതാക ജാഥയ്ക്ക് നീലേശ്വരത്ത് ആദ്യ സ്വീകരണമൊരുക്കി. സംഘാടക സമിതി ചെയര്‍മാന്‍ എം അസിനാര്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ കരിവെള്ളൂരില്‍വച്ച് കണ്ണൂരിലെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പതാക ജാഥയെ സ്വീകരിച്ചു. ചെണ്ടവാദ്യവും ബാന്റ് മേളവും വെടിക്കെട്ടും സ്വീകരണത്തിന് കൊഴുപ്പേകി. റെഡ് വളണ്ടിയര്‍മാരും മുത്തുക്കുടകളും രക്തപതാകകളുമായി പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ജാഥയെ സ്വീകരിച്ച് ആനയിച്ചത്.
ദേശീയ കൗണ്‍സില്‍ അംഗം സിഎന്‍ ചന്ദ്രന്‍, ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സിപി മുരളി, സംസ്ഥാന കൗണ്‍സില്‍ അംഗം സിപി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കരിവെള്ളൂരില്‍ നടന്ന സ്വീകരണപൊതുയോഗത്തില്‍ കെവി ബാബു അധ്യക്ഷനായി. തളിപ്പറമ്പില്‍ വേലിക്കാത്ത് രാഘവന്‍, കണ്ണൂരില്‍ സി രവീന്ദ്രന്‍ എന്നിവര്‍ അധ്യക്ഷരായി.
സ്വീകരണ കേന്ദ്രങ്ങളില്‍ പതാക ജാഥ ക്യാപ്ടന്‍ ബിനോയ് വിശ്വം, അംഗങ്ങളായ കെപി രാജേന്ദ്രന്‍, വി ചാമുണ്ണി, അഡ്വ. പി വസന്തം, മഹേഷ് കക്കത്ത്, അഡ്വ. പി സന്തോഷ് കുമാര്‍, പിപി സുനീര്‍ എന്നിവര്‍ക്കു പുറമേ ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരി, സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സിപി ഷൈജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ ഇപ്റ്റ അവതരിപ്പിച്ച വിപ്ലവ ഗാനങ്ങളും അരങ്ങേറി.
ഇന്ന് രാവിലെ 10 മണിക്ക് തലശ്ശേരിയിലും 11.30 ന് വടകരയിലും 3.30ന് കൊയിലാണ്ടിയിലും ആറ് മണിക്ക് കോഴിക്കോട്ടും സ്വീകരണപരിപാടിയില്‍ പങ്കെടുക്കും.