Wednesday
19 Sep 2018

സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്: നോളജ് ബുക്ക് ബ്രോഷര്‍ പ്രകാശനം ചെയ്തു

By: Web Desk | Wednesday 28 March 2018 10:45 PM IST

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികോണ്‍ഗ്രസുകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങുന്ന റഫറന്‍സ് ഗ്രന്ഥമായ ‘സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് നോളജ് ബുക്ക്’ ബ്രോഷര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് നല്‍കി പ്രകാശനം ചെയ്തു.
കൊല്ലത്ത് ഏപ്രില്‍ 25 മുതല്‍ 29 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന നോളജ് ബുക്ക് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രം പഴുതില്ലാതെ പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം ആയിരിക്കും. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസുകളുടെ തീരുമാനങ്ങളുടെ രാഷ്ട്രീയ മാനങ്ങള്‍ വിലയിരുത്തുന്ന പ്രഥമ റഫറന്‍സ് ഗ്രന്ഥമായിരിക്കും ഇത്.
ഉള്ളടക്കം മുഴുവനും ഇംഗ്‌ളീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ നല്‍കുന്ന ത്രിഭാഷാ ഗ്രന്ഥമായിട്ടാണ് നോളജ് ബുക്ക് പുറത്തു വരുന്നത്. ഓരോ സംസ്ഥാനത്തേയും പാര്‍ട്ടി ചരിത്രം അതാത് ഭാഷകളില്‍ നല്‍കിക്കൊണ്ട് ഇന്ത്യയിലെ എല്ലാ ഭാഷകളേയും നോളജ് ബുക്ക് ഉള്‍ക്കൊള്ളും. 400 രൂപ വിലയുള്ള ഗ്രന്ഥം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 300 രൂപയ്ക്ക് ലഭിക്കും.
പ്രകാശന ചടങ്ങില്‍ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, കെ ആര്‍ ചന്ദ്രമോഹനന്‍, അഡ്വ. ആര്‍ സജിലാല്‍, പി ബാലചന്ദ്രന്‍, അഡ്വ ടി ആര്‍ രമേശ് കുമാര്‍, നോളജ് ബുക്ക് കമ്മിറ്റി ചെയര്‍മാന്‍ കെ ശിവശങ്കരന്‍ നായര്‍, കണ്‍വീനര്‍ ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, കമ്മിറ്റി അംഗങ്ങളായ യു വിക്രമന്‍, കെ ദിലീപ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.