Thursday
24 Jan 2019

ബദല്‍പാതയ്ക്കുവേണ്ടിയുള്ള സമരവും ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യവും

By: Web Desk | Tuesday 17 April 2018 11:19 PM IST

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് മൂന്നാം തവണ കേരളത്തില്‍ നടക്കുന്നത് 2002ലാണ്. മാര്‍ച്ച് 26 മുതല്‍ 31 വരെ തിരുവനന്തപുരത്ത് പതിനെട്ടാം കോണ്‍ഗ്രസ് സമ്മേൡച്ചു. 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു ഇത്. ആഗോളീകരണനയങ്ങളുടെ പ്രത്യാഘാതങ്ങളായിരുന്നു പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രമേയത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്.
സമ്പദ്ഘടനയുടെ മുരടിപ്പ് അവസാനിപ്പിക്കാനും ദ്രുതവികസനത്തിന് മൂന്നേറാനുമുള്ള മാര്‍ഗമെന്നനിലയില്‍ ഐഎംഎഫ്, ലോകബാങ്ക്, ഡബ്ല്യു ടി ഒ നിര്‍ദേശങ്ങളും കുറിപ്പടികളും ഇന്ത്യ പൂര്‍ണസമ്മതത്തോടെ വിനയപൂര്‍വം ഏറ്റെടുത്തിരിക്കുകയാണെന്ന് പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ”ഭരണവര്‍ഗത്തിന്റെയും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെയും (ആദ്യം കോണ്‍ഗ്രസ്, പിന്നീട് ബിജെപി) പ്രതിനിധികള്‍ ഇന്നത്തെ ലോകത്തിലെ പുതിയ സാമ്പത്തികനയമെന്നപേരിലുള്ള ഈ സാമ്പത്തിക പരിഷ്‌കരണങ്ങളെക്കുറിച്ച് വാഴ്ത്തിപറയാറുണ്ട്. ഇതിനു മറ്റൊരു ബദലില്ലെന്ന് അവര്‍ ഉറപ്പിച്ചുപറയുകയും ചെയ്യുന്നു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ബിജെപി ഗവണ്‍മെന്റ് ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവും മുന്നോട്ടുകൊണ്ടുപോകുന്നതിനുവേണ്ടി ഒരു ഭ്രാന്തന്‍ പരിശ്രമം തന്നെ നടത്തുകയുണ്ടായി. എന്നിട്ടെന്തായിരുന്നു ഫലം? സമ്പദ്ഘടനയെ ഊര്‍ജ്ജിതമാക്കുന്നതിനുപകരം അത് അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്”-രാഷ്ട്രീയ പ്രമേയം വ്യക്തമാക്കി.
നവലിബറല്‍ സാമ്പത്തികനയങ്ങള്‍ സൃഷ്ടിച്ച കെടുതികളില്‍ നിന്ന് മോചനം നേടാന്‍ ഒരു ബദല്‍പാതയ്ക്കുവേണ്ടി പൊരുതുമ്പോള്‍ വ്യാപാരത്തിന്റെയും സാങ്കേതികവിദ്യയുടെയും മൂലധന ഒഴുക്കിന്റെയും മറ്റും കാര്യത്തില്‍ ഇന്ത്യ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് മുഖംതിരിഞ്ഞുനില്‍ക്കണമെന്ന് അര്‍ഥമില്ലെന്ന് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. നാടിന്റെ സര്‍വതോന്മുഖമായ വികസനത്തിന് വഴിയൊരുക്കുന്ന നയപരമായ ഒരുകൂട്ടം നടപടികള്‍ മുന്‍ഗണന നല്‍കിക്കൊണ്ട് അംഗീകരിക്കണമെന്നാണ് അതിനര്‍ഥം.
ബദല്‍പാതയ്ക്കുവേണ്ടിയുള്ള സമരത്തിന് ഒരു മാര്‍ഗരേഖ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയം മുന്നോട്ടുവച്ചു. മാര്‍ഗരേഖയില്‍ പറയുന്നു: ”മിച്ചഭൂമിയും തരിശുഭൂമിയും ഭൂരഹിതര്‍ക്കിടയില്‍ വിതരണം ചെയ്തുകൊണ്ട് ഭൂപരിഷ്‌കരണം നടപ്പിലാക്കുക. അങ്ങനെ സ്വന്തമായി ഭൂമി ഇല്ലാതാകുന്ന വര്‍ധിച്ചുവരുന്ന പ്രവണതയ്ക്കും പാട്ടത്തിലൂടെയും കരാറിലൂടെയും കമ്പനിവല്‍ക്കരണത്തിലൂടെയും മറ്റും ഭൂപരിധി നിയമങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടി നല്‍കുക, സമഗ്രമായ നിയമനിര്‍മാണത്തിലൂടെ കര്‍ഷക തൊഴിലാളികള്‍ക്കും പാവപ്പെട്ട കര്‍ഷകര്‍ക്കും മിനിമം കൂലിയും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുകയും കൊള്ളപ്പലിശയില്‍ നിന്നും കടബാധ്യതയില്‍ നിന്നും അവരെ മോചിപ്പിക്കുകയും വേണം. ഭൂപരിഷ്‌കരണം അടിസ്ഥാനവര്‍ഗങ്ങളായ ഗ്രാമീണ ബഹുജനങ്ങളുടെ സാധ്യതകളെ തട്ടിയുണര്‍ത്തുകയും നമ്മുടെ ഗ്രാമീണ രംഗത്തിന് പുതുജീവന്‍ നല്‍കുകയും ജന്മിത്വത്തിന്റെ സാമൂഹ്യവും സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറയ്‌ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്യും. കുടിയാന്മാരുടെ കാര്യത്തില്‍ ഓരോ സംസ്ഥാനത്തിലെയും സ്ഥിതി ഓരോന്നാണ്. അതുകൊണ്ട് അവരുടെ സമരം നടത്തുമ്പോള്‍ അവരുടെ മൂര്‍ത്തമായ സ്ഥിതി കണക്കിലെടുക്കണം.”
തൊഴിലാളികള്‍, എന്‍ജിനീയര്‍മാര്‍, സാങ്കേതിക ജോലിക്കാര്‍, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്ത്രീജനങ്ങള്‍, പ്രൊഫഷണല്‍ വിഭാഗക്കാര്‍ എന്നിവരുടെയെല്ലാം വ്യാപകമായ സമരങ്ങളിലൂടെ മാത്രമേ ബദല്‍പാത രൂപപ്പെടുത്താനാവൂ എന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കി. പതിനെട്ടാം പാര്‍ട്ടികോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി: ”പ്രത്യയശാസ്ത്ര രാഷ്ട്രീയ കാമ്പയിനിലൂടെ ഈ സമരങ്ങളെ ഒരു ബഹുജന രാഷ്ട്രീയതലത്തിലേയ്ക്ക് ഉയര്‍ത്തേണ്ടത് ആവശ്യമാണ്. അങ്ങനെ ശക്തികളുടെ പരസ്പര ബന്ധത്തില്‍ മാറ്റം വരുത്തുക എന്ന കാഴ്ചപ്പാടോടെ ഇതിന് മാറ്റത്തിന്റേതും പരിവര്‍ത്തനത്തിന്റേതുമായ ഒരു പോര്‍ക്കളമാകാന്‍ കഴിയണം. കൂടാതെ, വിവിധ വിഭാഗക്കാരുടെ സമരങ്ങളെ അഖിലേന്ത്യാ സമരങ്ങളുമായി സംയോജിപ്പിക്കാന്‍ വേണ്ടി ഐക്യദാര്‍ഢ്യ സമരങ്ങള്‍ സംഘടിപ്പിക്കാനും ശ്രമിക്കണം. കാമ്പയിനുകളും ജനങ്ങളുടെ പ്രസ്ഥാനങ്ങളും സമരങ്ങളുമാണ് ബദല്‍പാത പ്രാവര്‍ത്തികമാക്കാനുള്ളവഴി.’
ഭീകരവാദവും അത് ഉന്മൂലനം ചെയ്യാനുള്ള പോരാട്ടവും അതീവപ്രാധാന്യമുള്ളതാണെന്ന് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ഭീകരവാദം അവിഭക്തമാണ്. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല.
വര്‍ഗീയത, ജാതിചിന്ത തുടങ്ങിയ വിഘടനവാദശക്തികളുടെ പ്രവര്‍ത്തനം ഇന്ത്യയുടെ ദേശീയഐക്യത്തിനും അഖണ്ഡതയ്ക്കും നമ്മുടെ ജനകോടികളുടെ സാഹോദര്യത്തിനും അധ്വാനിക്കുന്ന ജനതയുടെ വര്‍ഗഐക്യത്തിനും ഒരു വന്‍ ഭീഷണിയാണെന്ന് രാഷ്ട്രീയപ്രമേയം വ്യക്തമാക്കി. ബിജെപിയെയും അതിന്റെ സഖ്യശക്തികളെയും തെരഞ്ഞെടുപ്പ് പോരാട്ടവേദിയിലൂടെ മാത്രം പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി: ‘തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും യുവാക്കളും സ്ത്രീകളും പുരുഷന്മാരുമെല്ലാം മുഖ്യമായ പങ്കുവഹിക്കുന്ന ജനങ്ങളുടെ ശക്തമായ മുന്നേറ്റമാണ് ആവശ്യം. ജനങ്ങളുടെ വിശാലവിഭാഗങ്ങളെ – ബിസിനസുകാര്‍, വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍, സംരംഭകര്‍, അതേപോലെ ബുദ്ധിജീവികള്‍ – ഈ പോരാട്ടത്തില്‍ പങ്കാളികളാക്കുകയോ ഇതിനവരുടെ പിന്തുണ നേടുകയോ ചെയ്യണം.’
‘ഏകോപനമില്ലാത്ത ഒരു ഇടതുപക്ഷത്തിനോ ഭിന്നിച്ചുനില്‍ക്കുന്ന ഒരുകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ ഈ കടമ വേണ്ടത്ര നിറവേറ്റാനാവില്ല. യോജിച്ച ഇടതുപക്ഷത്തിന്റെ ശബ്ദം വമ്പിച്ച പ്രാധാന്യമുള്ളതാണ്’-രാഷ്ട്രീയപ്രമേയം വ്യക്തമാക്കി. ”ഇടതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പരസ്പര ധാരണയും പരസ്പരം സഹായിക്കാനുള്ള മനോഭാവവും ആവശ്യമാണ്. പരസ്പര ബന്ധങ്ങളില്‍ ‘തന്‍പ്രമാണിത്തം’ ഉപേക്ഷിക്കുകയും വേണം”-രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെ പ്രശ്‌നത്തിന് വരുംനാളുകളില്‍ അടിയന്തര സ്വഭാവവും പുതിയ ഉള്ളടക്കവും കൈവരണമെന്ന് വ്യക്തമാക്കിക്കൊണ്ട് രാഷ്ട്രീയപ്രമേയം പറയുന്നു: ”ഇടതുമുന്നണിയുടെ കാമ്പും അടിത്തറയും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമാണെന്നത് പരക്കെ അറിയാവുന്നതാണ്. കമ്മ്യൂണിസ്റ്റുകാര്‍ വമ്പിച്ച വെല്ലുവിളികള്‍ നേരിടുന്ന ഇന്ന് ഇരുപാര്‍ട്ടികളും ഇപ്പോള്‍ നില്‍ക്കുന്നിടത്ത് താളംചവിട്ടി നിന്നാല്‍ മതിയോ? പിന്തിരിപ്പന്മാരുടെ ലക്ഷ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. ബിജെപിയുടെ പ്രത്യയശാസ്ത്ര കടന്നാക്രമണവും സാംസ്‌കാരിക – വിദ്യാഭ്യാസരംഗങ്ങളിലെ കുതിപ്പും മാര്‍ക്‌സിസത്തിനെതിരെ ഉന്നം വച്ചുള്ളതാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധത, സാമ്രാജ്യവിരുദ്ധ ബോധത്തിന് മങ്ങലേല്‍പ്പിക്കുന്നു. അതുകൊണ്ട് നമുക്ക് ഇടതുപക്ഷ ഐക്യത്തില്‍ മാത്രം ഒതുങ്ങാനാവില്ല. ഇടതുപക്ഷ ഐക്യം കമ്മ്യൂണിസ്റ്റ് ഐക്യത്തിനോ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്‌ക്കോ പകരംവയ്ക്കാവുന്ന ഒന്നല്ല. കമ്മ്യൂണിസ്റ്റ് ഐക്യം സിപിഐയും സിപിഐ (എം)ഉം തമ്മിലുള്ള ഐക്യത്തില്‍ നിന്നുവേണം തുടങ്ങാന്‍.”
മറ്റ് ഇടതു- ജനാധിപത്യ പാര്‍ട്ടികളോടും ബഹുജനസംഘടനകളോടും മറ്റ് സാമൂഹ്യ ഗ്രൂപ്പുകളോടുമൊപ്പം ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും മറ്റും നയങ്ങള്‍ക്കുമെതിരായ ജനങ്ങളുടെ പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുകൊണ്ടുപോകണമെന്നും ഒരു ബദല്‍ വികസനപാതയ്ക്കുവേണ്ടി പോരാടണമെന്നും പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. എ ബി ബര്‍ധനെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ ഊര്‍ജ്ജിതമായ പ്രത്യയശാസ്ത്ര രാഷ്ട്രീയസമരത്തിന് 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉണര്‍വും ഊര്‍ജ്ജവും നല്‍കി.