Saturday
23 Jun 2018

സോണി ബി തെങ്ങമം യുവജന-വിദ്യാര്‍ഥി പോരാളികളുടെ ആവേശം

By: Web Desk | Monday 11 September 2017 1:28 AM IST

അഡ്വ. ആര്‍ സജിലാല്‍

സോണി ബി തെങ്ങമം അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ദീര്‍ഘകാലം കേരളത്തിലേയും ഇന്ത്യയിലേയും വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ച അപൂര്‍വം ചില നേതാക്കളില്‍ ഒരാളായിരുന്നു സോണി ബി തെങ്ങമം.
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ജനയുഗം മുഖ്യപത്രാധിപരും എംഎല്‍എയും പിഎസ്‌സി അംഗവുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ മകനായി ജനിച്ച സോണി ബി തെങ്ങമം കമ്യൂണിസ്റ്റ് പാരമ്പര്യം നിറഞ്ഞുനിന്ന വീട്ടില്‍ നിന്നും കുട്ടിക്കാലത്തുതന്നെ കമ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. വിദ്യാര്‍ഥിയായിരിക്കെ ബാലവേദി പ്രവര്‍ത്തകനായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച് ബാലവേദി കൊല്ലം ജില്ലാ സെക്രട്ടറിയായും തുടര്‍ന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലത്തെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന മേഖലയില്‍ നിന്നും യുവജന സംഘടനാ രംഗത്തേക്ക് കടന്നുവന്നപ്പോള്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായും അതേകാലയളവില്‍ തന്നെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാര്‍ഥി യുവജന നേതാവായിരിക്കെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് ആവേശകരമായ നേതൃത്വം നല്‍കുവാന്‍ അദ്ദേഹത്തിനായി. ദീര്‍ഘകാലം ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തും സൗഹൃദങ്ങളും രാജ്യത്തെമ്പാടുമുള്ള യുവജന വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി. ലോക യുവജന വിദ്യാര്‍ഥി സമ്മേളനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിസംഘത്തിന് നേതൃത്വം നല്‍കുവാനും അതുവഴി നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുവാനും കഴിഞ്ഞു.
ദേശീയ നേതൃതലത്തില്‍ നില്‍ക്കുമ്പോഴും ഇടയ്ക്കിടെ നാട്ടിലെത്തുമ്പോള്‍ വിദ്യാര്‍ഥി യുവജന പ്രവര്‍ത്തകരോടൊപ്പം യാതൊരു ഘടകവ്യത്യാസങ്ങളുമില്ലാതെ, നേതൃത്വത്തിന്റെ അകലങ്ങളില്ലാതെ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും മറ്റ് സംസ്ഥാനങ്ങളിലെ സംഘടനാപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും സമയം കണ്ടെത്തുമായിരുന്നു.
എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിട്ടും പാര്‍ട്ടി ദേശീയ കൗണ്‍സിലംഗമെന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന എ ബി ബര്‍ധന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരുന്നതായി അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്ക് തിരികെ പോകണമെന്ന് സോണി ബി തെങ്ങമം നിശ്ചയിച്ചുറപ്പിക്കുകയായിരുന്നു. പിന്നീട് കൊല്ലത്ത് പാര്‍ട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ഒപ്പം ജില്ലയിലെ വിദ്യാര്‍ഥി യുവജന സബ്കമ്മിറ്റിയുടെ ചുമതലക്കാരനുമായി. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുമതലക്കാരനെന്ന നിലയില്‍ നന്നായി ഇടപെട്ടു സഹായിക്കുമായിരുന്നു. എന്തു പാര്‍ട്ടി പരിപാടികള്‍ ഉണ്ടെങ്കിലും എഐഎസ്എഫിന്റെ ഒരു ക്യാമ്പയിന്‍ ഉണ്ടെങ്കില്‍ അതില്‍ പങ്കെടുക്കുന്നതിനും അല്ലെങ്കില്‍ അന്വേഷിക്കുന്നതിനും സമയം കണ്ടെത്തുമായിരുന്നു. എഐഎസ്എഫിന്റെ കമ്മിറ്റികളിലും സമ്മേളനങ്ങളിലും കാമ്പസുകളില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യതയും അതിനുള്ള മാര്‍ഗങ്ങളും അദ്ദേഹം വിശദീകരിക്കും. കാമ്പസിലെ പ്രവര്‍ത്തകരുടെ എണ്ണത്തിലല്ല അവരുടെ ഗുണത്തിലാണ് പ്രധാനമെന്ന് ആവര്‍ത്തിച്ച് സ്ഥാപിക്കുന്ന അദ്ദേഹം എത്ര ക്യാപ്‌സ്‌സിക്കം ചേര്‍ന്നാലും ഒരു കാന്താരി മുളകിന് സമമാവില്ലെന്ന് ഇതര സംഘടനകളെ താരതമ്യം ചെയ്ത് പറയുകയും എഐഎസ്എഫുകാര്‍ കുറച്ച് പേര്‍ ആയാലും അവര്‍ കാന്താരി മുളകിന്റെ തീവ്രതയുള്ളവരായി കാമ്പസുകളില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യും.
രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാധ്യമ മേഖലകളില്‍ അതിരുകളില്ലാത്ത സൗഹൃദത്തിന്റെ ഉടമയായിരുന്നു. ഇസ്‌ക്കഫ് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലയളവില്‍ നിരന്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ സംഘടനയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനും നല്ല പരിശ്രമം നടത്തുകയും പരിപാടികളില്‍ വിദ്യാര്‍ഥി യുവജന പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യുമായിരുന്നു.
കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കവെ പാര്‍ട്ടി തീരുമാനമനുസരിച്ച് വിവരാവകാശ കമ്മിഷന്‍ അംഗമായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചു. എപ്പോഴും സഖാക്കള്‍ക്കിടയിലും പാര്‍ട്ടി പരിപാടികളിലും സജീവസാന്നിധ്യമായി നിന്ന ദീര്‍ഘകാലത്തെ അനുഭവമുള്ള അദ്ദേഹത്തിന് മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നും മാറി വിവരാവകാശ കമ്മിഷന്‍ അംഗം എന്ന ഔദ്യോഗിക കര്‍മത്തിനോട് പൊരുത്തപ്പെടാന്‍ കഴിയുമോ എന്ന് പലരും സംശയിച്ചു.
എന്നാല്‍ തലച്ചോറിനെ ബാധിക്കുന്ന സ്‌ക്ലിറോസിസ് എന്ന അത്യപൂര്‍വമായ രോഗം വേട്ടയാടിയപ്പോഴും വിവരാവകാശ കമ്മിഷണര്‍ എന്ന നിലയില്‍ കര്‍മനിരതനാകാനും ഓഫീസില്‍ പോകാനുമൊക്കെ അദ്ദേഹം പരിശ്രമിച്ചു. സുഖമില്ലാതെ കിടക്കുമ്പോഴും കാണാന്‍ ചെല്ലുന്നവരോട് പാര്‍ട്ടി പ്രവര്‍ത്തനത്തെ കുറിച്ചായിരിക്കും വാചാലനാകുന്നത്. ചികിത്സയ്ക്കും മരുന്നിനുമൊന്നും ഭേദമാക്കുവാന്‍ കഴിയാത്ത അപൂര്‍വരോഗം 55-ാം വയസില്‍ സോണി ബി തെങ്ങമത്തിന്റെ വിലപ്പെട്ട ജീവന്‍ അപഹരിച്ചു.
സോണി ബി തെങ്ങമം രാജ്യത്തെമ്പാടുമുള്ള യുവജന-വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ ആവേശമായിരുന്നു. ദേശീയസമ്മേളനങ്ങളിലും പരിപാടികളിലും കേരളത്തില്‍ നിന്നും പോകുന്ന വിദ്യാര്‍ഥി യുവജന നേതാക്കളോട് മറ്റിതര സംസ്ഥാനങ്ങളിലെ നേതാക്കള്‍ ആദ്യം അന്വേഷിക്കുന്നത് സോണി ബി തെങ്ങമത്തെ കുറിച്ചായിരുന്നു. അവരുടെ മനസിലുള്ള സ്‌നേഹം തുളുമ്പുന്ന അനുഭവങ്ങള്‍ ഇങ്ങോട്ട് പങ്കുവയ്ക്കുമായിരുന്നു. അടുത്തറിഞ്ഞതിനേക്കാള്‍ കൂടുതല്‍ അറിവുകള്‍, അദ്ദേഹത്തെപ്പറ്റി മറ്റുള്ളവര്‍ പകര്‍ന്നു നല്‍കുമ്പോഴായിരുന്നു ഞാനടക്കമുള്ള എളിയ പ്രവര്‍ത്തകര്‍ക്ക് സോണി ബി തെങ്ങമം എന്ന ദേശീയ നേതാവിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മനസിലാക്കുവാന്‍ കഴിഞ്ഞത്.
സോണി ബി തെങ്ങമത്തിന്റെ വേര്‍പാട് അക്ഷരാര്‍ഥത്തില്‍ കനത്ത നഷ്ടമാണ് പാര്‍ട്ടിക്കും യുവജ വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയത്. പക്ഷേ മരണം ആര്‍ക്കും വഴിമാറി കൊടുക്കുകയില്ലല്ലോ. നാളെയാണ് എഐവൈഎഫ്-എഐഎസ്എഫ് ലോങ് മാര്‍ച്ച് 58 ദിവസക്കാലത്തെ പര്യടനത്തിനുശേഷം ചരിത്രമുറങ്ങുന്ന പഞ്ചാബിലെ ഹുസൈനി വാലായില്‍ സമാപിക്കുന്നത്. രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തുകൊണ്ട് യുവജനവിദ്യാര്‍ഥി മുന്നേറ്റമായി ലോങ്മാര്‍ച്ച് ചരിത്രത്തില്‍ ഇടം നേടുകയാണ്. യുവകമ്യൂണിസ്റ്റുകള്‍ക്ക് പുതു ചൈതന്യം പകര്‍ന്നു നല്‍കിയ ലോങ് മാര്‍ച്ച് കാണുവാന്‍ സോണി ബി തെങ്ങമം നമ്മോടൊപ്പമില്ലല്ലോ. ഉണ്ടായിരുന്നുവെങ്കില്‍ ലോങ് മാര്‍ച്ചിന്റെ സംഘാടനത്തിലും ഹുസൈനിവാലായിലും നിശ്ചയമായും പഴയസാരഥി എന്ന നിലയില്‍ അദ്ദേഹം ആവേശം പകരാന്‍ എത്തിച്ചേരുമായിരുന്നു.
പ്രിയസഖാവെ നിങ്ങളുടെ ദീപ്തമായ സ്മരണകള്‍ ഞങ്ങള്‍ക്ക് ആവേശമാണ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായി പ്രതിരോധം തീര്‍ത്ത് രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും വിദ്യാഭ്യാസ തൊഴിലവസരങ്ങളും സംരക്ഷിക്കുന്നുതിനായി നിരവധി ദേശീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സൗമ്യതയുടേയും സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും നേതൃപാടവത്തിന്റെയും ഉത്തമ മാതൃകയായിരുന്ന പ്രിയങ്കരനായ സഖാവിന്റെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ ശിരസ് നമിക്കുന്നു.

(ലേഖകന്‍ എഐവൈഎഫ്
സംസ്ഥാന പ്രസിഡന്റാണ്)

Related News