Saturday
16 Dec 2017

ജനാധിപത്യ മതേതര പൊതുവേദി ഉയര്‍ന്നുവരണം : കാനം

By: Web Desk | Wednesday 6 December 2017 7:17 PM IST

തിരുവനന്തപുരം: ഫാസിസത്തിനും ഏകാധിപത്യത്തിനുമെതിരെ വിശാലമായ ജനാധിപത്യ മതേതര ഇടതുപക്ഷ പൊതുവേദി ഉയര്‍ന്നുവരണമെന്നാണ് സിപിഐ യുടെ അഭിപ്രായമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിയ്ക്ക് എതിരെയുള്ള ചെറുത്തു നില്‍പ്പിന്റെ പൊതുവേദിയാണിത്. ഇതിനെ രാഷ്ട്രീയ സഖ്യമോ തെരഞ്ഞെടുപ്പ് മുന്നണിയായോ ചിത്രീകരിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് മുന്നണിയും ഫാസിസത്തിന് എതിരായ പൊതുവേദിയും രണ്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം ജനുവരി 8,9,10 തീയതികളില്‍ വിജയവാഡയില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവും ദേശീയ കൗണ്‍സിലിലും മാത്രമേ ചര്‍ച്ചചെയ്യുകയുള്ളു. കരട് രാഷ്ട്രീയ പ്രമേയത്തെപ്പറ്റി പ്രാഥമിക ചര്‍ച്ചമാത്രമാണ് ഡല്‍ഹിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടന്നത്. കോണ്‍ഗ്രസുമായി ഐക്യം വേണമെന്ന് ചര്‍ച്ച പാര്‍ട്ടിയില്‍ നടക്കുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.

ഫാസിസത്തിനും ഏകാധിപത്യത്തിനും എതിരായ പൊതുവേദിയെന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം ഉള്‍ക്കൊള്ളുന്നതല്ല. മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്. തെരഞ്ഞെടുപ്പ് സഖ്യം ഓരോ പാര്‍ട്ടിയും സ്വീകരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക നയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വിശാലമായ ഐക്യവേദി രൂപപ്പെടുത്തുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം അതില്‍ ഏറ്റവും പ്രധാനമാണ്. ഇതിനാണ് സിപിഐ മുന്‍തൂക്കം നല്‍കുന്നത്.

സിപിഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മണ്ഡലം സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ആദ്യ ജില്ലാ സമ്മേളനം ഡിസംബര്‍ 16, 17 തീയതികളില്‍ മലപ്പുറത്ത് നടക്കും. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. മാര്‍ച്ച് 1-4 തീയതികളില്‍ മലപ്പുറത്ത് സംസ്ഥാന സമ്മേളനം നടക്കും. ഏപ്രില്‍ 25 മുതല്‍ 29 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് നടക്കുക. ഈ സമ്മേളനങ്ങളുടെ മുന്നൊരുക്കങ്ങള്‍ സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ചചെയ്തു.

കൗണ്‍സില്‍ യോഗത്തില്‍ ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 12,13,14 തീയതികളിലായി ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് മേഖല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍മൊകേരി എന്നിവരും പങ്കെടുത്തു.