Saturday
16 Dec 2017

ഓഖി, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: സിപിഐ

By: Web Desk | Wednesday 6 December 2017 6:58 PM IST

തിരുവനന്തപുരം: കേരളത്തില്‍ വ്യാപക നാശം വിതയ്ക്കുകയും നിരവധിപേരുടെ ജീവന്‍ കവരുകയും ചെയ്ത ഓഖി ചുഴലി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ദുരിതബാധിതരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നും എം എന്‍ സ്മാരകത്തില്‍ സമാപിച്ച സംസ്ഥാന കൗണ്‍സില്‍ യോഗം അഭ്യര്‍ത്ഥിച്ചതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. നിരവധി ജീവിതങ്ങള്‍ നഷ്ടപ്പെട്ടു. വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. മത്സ്യത്തൊഴിലാളികള്‍ വീണ്ടും തൊഴിലിനു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. നാശനഷ്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കി വരികയാണ്. 33 ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞത്. അതില്‍ 10 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പുറം കടലില്‍പ്പോയി തിരിച്ചു വരാത്ത നിരവധി ആളുകളുണ്ട്. 2000 ഹെക്ടറിലെ കൃഷി നശിച്ചു. 40 കോടിയിലധികം രൂപയുടെ നഷ്ടം കാര്‍ഷിക മേഖലയിലുണ്ടായി എന്നാണ് പ്രാഥമിക കണക്ക്. 206 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 3386 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സിപിഐ സംസ്ഥാന കൗണ്‍സില്‍ സ്വാഗതം ചെയ്തു. ഏതു കാര്യത്തിലും വിമര്‍ശനമുണ്ടാകാം. ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. തീരദേശ മേഖലയില്‍ ആശ്വാസമെത്തിച്ചു. തുടര്‍ നടപടികള്‍ മന്ത്രിസഭ ആലോചിക്കുകയും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു.

മറ്റേതൊരു ദുരന്തകാലത്തും ചെയ്തതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇനിയും ധാരാളം പ്രശ്‌നങ്ങളുണ്ട്. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന കൗണ്‍സില്‍ ബുധനാഴ്ച ചര്‍ച്ചചെയ്ത ഒരു വിഷയം ചൊവ്വാഴ്ചതന്നെ ചര്‍ച്ചചെയ്‌തെന്ന് വാര്‍ത്ത സൃഷ്ടിച്ച മാധ്യമങ്ങളെ അഭിന്ദിക്കാതെവയ്യ. വാര്‍ത്ത നല്‍കും മുന്‍പ് ഒരിക്കല്‍ക്കൂടി അതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്നാണ് തനിക്കുള്ള അഭ്യര്‍ത്ഥനയെന്ന് കാനം പറഞ്ഞു.