Wednesday
19 Sep 2018

ഗയാസിങ് അന്തരിച്ചു

By: Web Desk | Saturday 7 October 2017 11:29 PM IST

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഐ നേതാവും എഐടിയുസി മുന്‍ പ്രസിഡന്റും രാജ്യസഭ മുന്‍ അംഗവുമായ ഗയാസിങ് (74) പട്‌നയില്‍ അന്തരിച്ചു. 1943 ല്‍ ബിഹാറിലെ നളന്ദ ജില്ലയില്‍ അലാമയില്‍ ജനിച്ച ഗയാസിങ് എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തുകയും 1960 കളുടെ അവസാനം സംഘടനയുടെ ബിഹാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എഐഎസ്എഫ് ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പിന്നീട് തൊഴിലാളി സംഘടന പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഗയാസിങ് സ്റ്റീല്‍, ഖനി മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കര്‍ഷകത്തൊഴിലാളി സംഘടനാ രംഗത്തും നേതൃത്വപരമായ പങ്കു വഹിച്ചു. അതോടൊപ്പം തന്നെ ബിഹാറിലെ പാര്‍ട്ടി നേതൃനിരയിലും പ്രവര്‍ത്തിച്ചു.
നല്ല പ്രസംഗകനും സംഘാടകനുമായിരുന്ന ഗയാസിങ് എഐടിയുസി ദേശീയ പ്രസിഡന്റ്, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍, എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു തവണയായി (1992-98, 98-2004) ആറുവര്‍ഷം ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2006 ല്‍ നളന്ദ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്. മരണം വരെ കര്‍മനിരതനായിരുന്ന ഗയാസിങ് നിരവധി തൊഴിലാളി സംഘടനകളുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അശോക്, സോണി എന്നിവരാണ് മക്കള്‍. ഗയാസിങ്ങിന്റെ നിര്യാണത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവായിരുന്നു അദ്ദേഹമെന്ന് സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.

Related News