Friday
19 Oct 2018

സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയം ഭേദഗതികളോടെ അംഗീകരിച്ചു

By: Web Desk | Friday 20 April 2018 10:50 PM IST

ഹൈദരാബാദ്: സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ഭേദഗതികളോടെ അംഗീകരിച്ചു. കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ പാടില്ലെന്ന കരട് പ്രമേയത്തിലെ ഭാഗം ഒഴിവാക്കിയാണ് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചത്. വര്‍ഗീയതയ്‌കെക്തിരായ പോരാട്ടത്തില്‍ പാര്‍ലമെന്റിനകത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുമായി ധാരണയിലെത്താമെന്നും പാര്‍ലമെന്റിന് പുറത്ത് എല്ലാ മതേതര പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ജനങ്ങളെ അണിനിരത്താമെന്നുമുള്ള പുതിയ ഭാഗം കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഭാവി പാത നിര്‍ണയിക്കുന്നതില്‍ ഇത്രയും ജനാധിപത്യപരമായ പ്രക്രിയ സ്വീകരിക്കുന്ന മറ്റൊരു പാര്‍ട്ടിയുമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
അഭിപ്രായപ്പെട്ടു. രണ്ടു കാഴ്ചപ്പാടുകള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നത് അസാധാരണമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഇത് രാഷ്ട്രീയ പ്രശ്‌നമായതിനാലാണ് രണ്ടു രേഖകളും ഉന്നത ഘടകമായ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് കേന്ദ്ര കമ്മിറ്റി ധാരണയിലെത്തിയത്. ഇത് ധാരണ, മുന്നണി തുടങ്ങിയ വാക്കുകളുടെ മാത്രം പ്രശ്‌നമല്ല. ബിജെപി, ആര്‍എസ്എസ് എന്നിവയ്‌ക്കെതിരായ പോരാട്ടത്തിന്റെയും അവയെ പരാജയപ്പെടുത്തുന്നതിന്റെയും വിഷയമാണ്. കാരാട്ട് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രമേയം സംബന്ധിച്ച പൊതു ചര്‍ച്ചയില്‍ വിവിധ സംസ്ഥാന ഘടകങ്ങളെ പ്രതിനിധീകരിച്ച് 47 പേരാണ് പങ്കെടുത്തത്. ലഭിച്ച 373 ഭേദഗതികളില്‍ 37 എണ്ണം അംഗീകരിച്ചു.
പതിനഞ്ചാം ധനകമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ തത്വങ്ങള്‍ക്കും വിരുദ്ധമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പരിഗണനാവിഷയങ്ങള്‍ പുതുക്കിനിശ്ചയിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പതിനഞ്ചാം ധനകമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ തത്വങ്ങള്‍ക്കും വിരുദ്ധമെന്നും പരിഗണനാ വിഷയങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ ധനപരമായ അധികാരത്തിന്‍മേല്‍ കടന്നുകയറുക എന്ന ലക്ഷ്യത്തോടെ ധനകമ്മിഷനെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. ഭരണഘടനാ സ്ഥാപനമായ ധനകമ്മിഷനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.