Thursday
15 Nov 2018

കുറ്റിക്കോലില്‍ സി പി ഐ ലോക്കല്‍ സെക്രട്ടറിക്ക് നേരെ സി പി എം വധശ്രമം

By: Web Desk | Friday 9 November 2018 12:47 PM IST

കുറ്റിക്കോല്‍: സി പി ഐ ബന്തടുക്ക ലോക്കല്‍ സെക്രട്ടറിയ്ക്കുനേരെ സി പി എം വധശ്രമം. ഗുരുതരമായ പരിക്കുകളോടെ ലോക്കല്‍ സെക്രട്ടറിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി ഐ ബന്തടുക്ക ലോക്കല്‍ സെക്രട്ടറി പി പി ചാക്കോയ്ക്ക് നേരെയാണ് വധശ്രമമുണ്ടായത്. സി പി ഐ കുറ്റിക്കോല്‍ പഞ്ചായത്തംഗം എച്ച് നിര്‍മ്മലകുമാരി സി പി എം ഭീഷണിക്ക് വഴങ്ങി പാര്‍ട്ടി അംഗത്വം രാജിവെച്ചുവെന്ന വാര്‍ത്ത കുറ്റിക്കോലില്‍ വ്യാഴാഴ്ച വൈകുന്നേരം പരന്നിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു അക്രമം. നിര്‍മ്മല കുമാരിയുടെ വീട്ടിനടുത്തുള്ള കല്യാണ കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍വെച്ച് സി പി ഐ ജില്ലാ കൗണ്‍സിലംഗം പി ഗോപാലന്‍ മാസ്റ്റര്‍, മണ്ഡലം കമ്മറ്റിയംഗം ഗോപാലകൃഷ്ണന്‍, ബന്തടുക്ക ലോക്കല്‍ സെക്രട്ടറി പി പി ചാക്കോ, ബേബി സി നായര്‍ എന്നിവര്‍ പഞ്ചായത്ത് മെമ്പറും ഭര്‍ത്താവുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗോപിനാഥന്റെയും മുന്‍ ഏരിയാ സെക്രട്ടറി സി ബാലന്റെയും നേതൃത്വത്തിലുള്ള 30 ഓളം സി പി എം പ്രവര്‍ത്തകര്‍ എത്തി സി പി ഐ നേതാക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണ കൃഷ്ണന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോവാന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ വീട്ടില്‍ വന്നവരെ ഇറക്കിവിടാന്‍ നിങ്ങള്‍ ഇടപെടേണ്ടതില്ലെന്ന്  പറഞ്ഞ വീട്ടുടമസ്ഥന്‍ സി പി എം പ്രവര്‍ത്തകരെ വീട്ടില്‍നിന്ന് പുറത്താക്കി.

നിര്‍മ്മല കുമാരിയുമായി സംസാരിച്ചതിന് ശേഷം തിരിച്ചു വരുന്നതിനിടെ വീണ്ടും സി പി എം പ്രവര്‍ത്തകര്‍ സി പി ഐ നേതാക്കളെ തടയുകയും തങ്ങളുടെ കോട്ടയില്‍ വന്നാല്‍ കാല് തല്ലിയൊടിക്കുമെന്ന് ആക്രോശിച്ചു. ഇതിനിടയില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദ്ദനന്‍ പി പി ചാക്കോയെ കല്ല് കൊണ്ട് തലക്കടിക്കുകയും മറ്റ് നാലു പേര്‍ ചേര്‍ന്ന് അക്രമിക്കുകയും ചെയ്തു.

തലയ്ക്കും ശരീരത്തിലും സാരമായി പരിക്കേറ്റ ചാക്കോയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം നടന്ന കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ സി പി ഐ പഞ്ചായത്തംഗം നിര്‍മ്മലകുമാരി മാറി നിന്നിരുന്നു. ഇതേ തുടര്‍ന്ന് സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ ഇവരെ ഭീഷണിപ്പെടുത്തുകയും പാര്‍ട്ടി അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് ശേഷമാണ് നിര്‍മ്മല കുമാരി രാജിവെച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്.