Wednesday
20 Jun 2018

ചവറയില്‍ കേന്ദ്രസേന ഫ്‌ളാഗ് മാര്‍ച്ച് നടത്തി

By: Web Desk | Sunday 19 November 2017 9:58 PM IST

ചവറയില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് എത്തിയ കേന്ദ്ര സേന ഫ്‌ളാഗ് മാര്‍ച്ചിന് പുറപ്പെടുന്നു

ചവറ: ചവറയില്‍ രണ്ട് ദിവസമായി നടക്കുന്ന സിപിഎം-എസ്ഡിപിഐ സംഘര്‍ഷം അയവില്ലാത്തതിനെ തുടര്‍ന്ന് കേന്ദ്രസേന എത്തി ചവറയുടെ വിവിധ സ്ഥലങ്ങളില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സിആര്‍പിഎഫ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ കോയമ്പത്തൂരില്‍ നിന്നുമുള്ള രണ്ട് യൂണിറ്റാണ് ചവറയില്‍ ക്യാമ്പ് ചെയ്യുന്നത്. കുറ്റിവട്ടം, പനയനാര്‍കാവ്, ചാമ്പക്കടവ്, നമ്പ്യാര്യയ്യത്ത് മുക്ക്, ആലപ്പുറത്ത് മുക്ക്, പറമ്പിമുക്ക്, വല്ലത്ത്മുക്ക്, മുഖംമൂടിമുക്ക്, കൊട്ടുകാട്, ചവറ എന്നിവടങ്ങളില്‍ സംഘം ഫാഗ് മാര്‍ച്ച് നടത്തിയത്.

ഇന്നലെ പ്രത്യേക അരകമസംഭവങ്ങള്‍ ഒന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ചവറയില്‍ കൂടുതല്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന പൊലീസ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ദ്രുതകര്‍മ്മസേന എത്തിയത്. 48 പേരടങ്ങുന്ന സായുധസംഘം രാപകല്‍ ചവറയില്‍ നിരീക്ഷണത്തിനുണ്ടാകും. കഴിഞ്ഞ ദിവസം സിപിഎം ചവറ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് ശങ്കരമംഗലത്തുനിന്നും ചവയിലേക്ക് പോയ പ്രകടനം ചവറ പെട്രോള്‍ പമ്പിന് മുന്നില്‍ എത്തിയപ്പോള്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് ഫൈസി നയിച്ച തെക്കന്‍മേഖല ജാഥ എത്തുകയും ജാഥയില്‍ ബൈക്കുകളില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പ്രകോപനകരമായി മുദ്രാവാക്യം വിളിക്കുകയും അമിത വേഗത്തില്‍ വാഹനം ഓടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ വീട് അക്രമിക്കുകയും കാറും ബൈക്കുംഅടക്കം പത്തോളം വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 10 എസ്ഡിപിഐ പ്രവര്‍ത്തകരെ ചവറ പൊലീസ് പിടികൂടുകയും ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.