Sunday
23 Sep 2018

വ്യാജ വിലാസത്തിൽ നികുതിവെട്ടിപ്പ്: സൂപ്പർതാരങ്ങൾക്ക് നോട്ടീസ്

By: Web Desk | Saturday 18 November 2017 10:53 AM IST

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ ആഡംബര കാർ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന പരാതിയിൽ ഹാജരാകാൻ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ്.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ എട്ടിനു ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിനു കൈമാറി. പുതുച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇൻഷുറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്രമക്കേടു സംബന്ധിച്ചു മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു കൈമാറി.

അമല പോൾ തായ്‍ലൻഡിലാണെന്ന മറുപടിയാണു ലഭിച്ചത്. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് ഉന്നതർ പറഞ്ഞു.

നേരത്തേ നടൻ സുരേഷ് ഗോപിക്കു മോട്ടോർ വാഹന വകുപ്പ് നോട്ടിസ് നൽകിയിരുന്നു. പുതുച്ചേരിയിൽ തനിക്കു ഫ്ലാറ്റ് ഉണ്ടെന്നാണു സുരേഷ് ഗോപി മറുപടി നൽകിയത്. ഉദ്യോഗസ്ഥർ ചെന്നപ്പോൾ അതു പൂട്ടിയനിലയിലായിരുന്നു. പുതുച്ചേരി പൊലീസിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്നു അടുത്ത വീട്ടിലെ താമസക്കാരൻ. സുരേഷ് ഗോപിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.