Sunday
16 Dec 2018

കണക്കുകള്‍ പിഴക്കുന്നു

By: Web Desk | Sunday 8 October 2017 1:33 AM IST

ഒറ്റയടിപ്പാതകള്‍


സി രാധാകൃഷ്ണന്‍

കഴിഞ്ഞ രണ്ടാണ്ടുകൊണ്ട് എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില, ഇത്രയും കാലയളവില്‍ ഇതിന് മുമ്പ് ഒരിക്കലും ഉണ്ടാകാത്ത അളവില്‍ കുതിച്ചുകയറിയിരിക്കുന്നു.
ഇതിനുള്ള കാര്യവും കാരണവും എന്ത് എന്ന് ആരായുമ്പോള്‍ കിട്ടുന്ന മറുപടികളിലെ കണക്കുകളാണ് സാമാന്യബുദ്ധിക്ക് നിരക്കാത്തത്-ദഹിക്കാത്തതും.
ഈ രാജ്യത്ത് മുപ്പത് ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നതെന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് ഒട്ടും അവിശ്വസനീയമല്ല. അവരുടെ ഉന്നമനത്തിന് വളരെയേറെ പണം വേണമെന്ന ന്യായവും കാമ്പുള്ളതുതന്നെ. ആ ധനം എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന സംഗതിയുടെ കണക്കുകളാണ് നിലംതൊടാതെ നില്‍ക്കുന്നത്.
പാവപ്പെട്ടവരെ രക്ഷിക്കാന്‍ ധനമുണ്ടാക്കാന്‍ ആസൂത്രണം ചെയ്യപ്പെടുന്ന രീതികള്‍ അവരെത്തന്നെ കൂടുതല്‍ പാവപ്പെട്ടവരാക്കാനും പുതുതായി കുറെ കോടികളെക്കൂടി പട്ടിണിക്കാരാക്കാനുമാണ് ഉതകുന്നതെങ്കിലോ?
കൃഷിയെ എല്ലാ നികുതികളില്‍ നിന്നും ഒഴിവാക്കുന്നതിനുപകരം ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന നികുതികളും ജപ്തികളും ‘ചന്തനിയമങ്ങ’ളും എന്തിന് കൊണ്ടുവരുന്നു?
ഇക്കഴിഞ്ഞ ആഴ്ചയില്‍ വന്ന ആ വാര്‍ത്തകള്‍ ഉദാഹരണം. കിട്ടാക്കടമായി എഴുതിത്തള്ളിയ ഒന്നരലക്ഷം കോടി ഉറുപ്പികയില്‍ അധികപങ്കും വെറും ഇരുപതുപേരുടെ! ഇതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ കഴിഞ്ഞ ഒരാണ്ടത്തെ സ്വത്തുവര്‍ധന ഒരു ലക്ഷം കോടി!
ഇരുപതുപേര്‍ക്കുവേണ്ടി എഴുതിത്തള്ളിയ ഒന്നരലക്ഷം കോടി ഇന്ത്യയില്‍ ആളോഹരി വിഭജിച്ചാല്‍ അതുപോരേ, എല്ലാ ഗ്രാമങ്ങളിലും വെള്ളവും വെളിച്ചവും സ്‌കൂളും ശുചിമുറിയും ഉണ്ടാക്കാന്‍? അതിന്റെ ഒരു ചെറിയ അംശം പോരേ, നാട്ടിലെ എല്ലാ ചെറുകിട കര്‍ഷകരുടെയും എല്ലാ കടങ്ങളും എഴുതിത്തള്ളാന്‍?
കിട്ടാക്കടങ്ങളുടെ കാര്യത്തില്‍ സാമാന്യബുദ്ധിക്കു നിരക്കാത്ത മറ്റൊരു വസ്തുതകൂടി ഉണ്ട്. വന്‍കിടക്കാരായ വ്യവസായികളും സാധാരണക്കാരായ കൃഷിക്കാരും ഒരേ ബാങ്കില്‍ നിന്നാണ് കടം വാങ്ങുന്നത്. പക്ഷേ, കടം തിരികെ അടയ്ക്കാതിരുന്നാല്‍ കിടപ്പാടം ജപ്തി ചെയ്തും ഈടാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നു-കടക്കാര്‍ കൃഷിക്കാരാകുമ്പോള്‍. വന്‍കിടക്കാരാണെങ്കില്‍ ബാങ്കിന് ഇത്തരം നടപടികള്‍ക്ക് കഴിവില്ല! കിട്ടില്ലെന്നറിഞ്ഞാണ്, അപ്പോള്‍, കൊടുതി!
അന്വേഷിക്കുമ്പോളറിയാം, കമ്പനി നിയമത്തിലെ ചില പഴുതുകളാണ് ഈ നിസഹായതയ്ക്ക് കാരണം! ഞാന്‍ മുന്‍കൈയെടുത്ത് ഉണ്ടാക്കിയ കമ്പനിയില്‍ ഏതെല്ലാം ആളുകളുടെ എത്രയെത്ര ഷെയറും ഏതെല്ലാം ബാങ്കിന്റെ എത്രയെത്ര കടവും ഉണ്ടെന്നാലും കമ്പനി പൊളിഞ്ഞാല്‍ (ഞാന്‍ കട്ടുമുടിച്ച് പൊളിച്ചാലും) എന്റെ ഉത്തരവാദിത്തം ഞാന്‍ മുടക്കിയ ഷെയര്‍ത്തുകയില്‍ ഒതുങ്ങും. കമ്പനിക്ക് ആസ്തി എന്നു പറയാന്‍ ഒന്നും ശേഷിപ്പുണ്ടാവില്ല.
പതിറ്റാണ്ടുകളായി ഇങ്ങനെയൊരു നിയമം ഭേദഗതി ചെയ്യാത്തത് എന്തുകൊണ്ടാണ്, അഥവാ എന്തെല്ലാം കൊണ്ടല്ല എന്ന് ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ പറഞ്ഞുതരണം. അതിന്റെ വെളിച്ചത്തില്‍ വേണം ഭരണം. സാധാരണക്കാര്‍ക്ക് വേണ്ടിയോ വന്‍കിട തട്ടിപ്പുകാര്‍ക്കുവേണ്ടിയോ എന്ന് നിശ്ചയിക്കാന്‍.
വായ്പാവ്യവസ്ഥകള്‍ ഉദാരമായില്ലെങ്കില്‍ വികസനം മുരടിക്കുമെന്നാണ് സത്യദോഷമുള്ള വിദഗ്ധവാദം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളില്‍ (ഉദാരവല്‍ക്കരണമെന്ന പൊറാട്ടുനാടകം അരങ്ങേറിത്തുടങ്ങിയതിനുശേഷം) ആകെ മൊത്തം എത്ര വികസനമുണ്ടായെന്നും അതിന്റെ പേരില്‍ എഴുതിത്തള്ളിയ കിട്ടാക്കടം എത്ര കോടിക്കോടി എന്നും പുറത്തു പറയാമോ?
ആരെയോ പരിഹസിക്കുമ്പോലെ എന്തിനെന്ന് ആര്‍ക്കുമൊരു എത്തുംപിടിയും ഇല്ലാത്ത, പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്ന ഭരണകൂടത്തിന് കമ്പനി നിയമം ഒന്നു പരിഷ്‌കരിക്കാന്‍ എന്താണാവോ തടസം?
നോട്ടസാധുവാക്കലിന് പുറമെ പുതിയ നികുതി നിയമവും ചിരിയോ കരച്ചിലോ പ്രതികരണമാകേണ്ടത് എന്ന് നിശ്ചയിക്കാനാവാത്ത പരിഷ്‌കാരം തന്നെ.
ഒരു ഉദാഹരണം പറയാം: കേരളത്തിലേയ്ക്ക് വരുന്ന മദ്യത്തിന് ജിഎസ്ടി ഇല്ല. പക്ഷേ, ഞാനൊരു പുസ്തകം കേരളത്തിനു പുറത്തായാലും അകത്തായാലും അച്ചടിപ്പിക്കുമ്പോള്‍, ഉല്‍പ്പാദനച്ചെലവിന്റെ 18 ശതമാനം ജിഎസ്ടി നല്‍കണം. അത്രയും ഭാരംകൂടി പുസ്തകം വാങ്ങി വായിക്കുന്നവരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് സാംസ്‌കാരികോന്നമത്തെ പ്രോത്സാഹിപ്പിക്കാനും മദ്യം ടാക്‌സ്-ഫ്രീ ആയിരിക്കുന്നത് മലയാളിയുടെ ബോധനിലവാരം പുരോഗമിപ്പിക്കാനും ആയിരിക്കുമോ!
സ്വന്തമായി കൈത്തൊഴിലോ ഒരു ചെറിയ കടയോ രണ്ടും ചേര്‍ന്നോ ഉപജീവനോപാധിയാക്കിയിരുന്ന എല്ലാവര്‍ക്കും സിദ്ധികൂടിക്കഴിഞ്ഞു. എല്ലാ തുറകളിലും സൂപ്പര്‍ ബസാറുകളും മാളുകളും വന്നു. ‘പുരോഗതി’ കാരണം എത്രപേരാണ് ഓരോ വര്‍ഷവും പുതിയ ദരിദ്രനാരായണന്മാരായി മാറുന്നത് എന്നൊരു കണക്ക് ആരും എടുക്കുന്നില്ല, പറയുന്നുമില്ല. അഥവാ വേണ്ടത്ര കമ്പ്യൂട്ടറും കക്കൂസുമുണ്ടായാലും കഴിക്കാനെന്തെങ്കിലുമില്ലെങ്കില്‍ രണ്ടും വെറുതെ ആവില്ലെ? അന്തമില്ലായ്മയ്ക്കും വേണ്ടേ ഒരതിര്?