Monday
23 Apr 2018

ചക്കര ജോണിയും സംഘവും ഭൂമി തട്ടിയെടുത്തെന്ന്

By: Web Desk | Wednesday 4 October 2017 9:27 PM IST

കൊച്ചി: രാജീവ് വധക്കേസിലെ മുഖ്യപ്രതി ചക്കര ജോണിയും സംഘവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുത്തെന്ന ആരോപണവുമായി അഭിഭാഷകന്‍ രംഗത്ത്. അങ്കമാലി സ്വദേശിയായ അഡ്വ. സേവ്യര്‍ പാലാട്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമാഫിയ സംഘം തന്നെ ഭീഷണിപ്പെടുത്തി സ്ഥലം എഴുതിവാങ്ങിയെന്ന് വാർത്താ സമ്മേളനത്തിലൂടെ ആരോപിച്ചത്.

2007ലാണ് സംഭവം. രാജീവ് വധക്കേസില്‍ കുറ്റാരോപിതനായ അഡ്വ. സിപി ഉദയഭാനുവിന്റെ ജൂനിയറായി ജോലി ചെയ്തു വരുന്നതിനിടയിലാണ് ജനുവരി 9ന് തന്നെ ഗുണ്ടാ സംഘങ്ങള്‍ വാഹനം തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടു പോയതെന്ന് സേവ്യര്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഒരുതരത്തിലും സിപി ഉദയഭാനുവിന് പങ്കുള്ളതായി വിശ്വസിക്കുന്നില്ല. മര്‍ദ്ദിക്കുന്നതിനിടെ ഗുണ്ടാസംഘത്തിലെ ചിലര്‍ നിരവധിതവണ ചക്കര ജോണിയുടെയും മറ്റുള്ളവരുടെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു.

അങ്കമാലി എസ്എന്‍ഡിപി ജംഗ്ഷനിലുള്ള ട്വിന്‍സ് ബെന്നി പള്ളിപ്പാട്ട്, ജോസ്, കാപ്പിരി സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. തുറവൂര്‍ സ്വദേശിയായ അഭിഭാഷകന്‍ എം ജെ പോള്‍സണ്‍ന്റെ നിര്‍ദേശപ്രകാരമാണ് തന്നെ ഉപദ്രവിക്കുന്നതെന്ന് സംഘത്തിലുള്ളവര്‍ പറഞ്ഞിരുന്നു. ഈ അഭിഭാഷകന് ചക്കര ജോണിയുമായി അടുത്ത ബന്ധമാണുള്ളത്. നേരത്തെ ഈ അഭിഭാഷകന്‍ തന്റെ ഭൂമി സ്വന്തമാക്കുവാന്‍ ശ്രമം നടത്തിയതിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് ഭൂമി എഴുതി വാങ്ങിയത്. ആദ്യം വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദനം ഏറിവന്നു. കൊലപെടുത്തുമെന്ന് ഉറപ്പായതോടെയാണ് ഗുണ്ടകള്‍ കൊണ്ടുവന്ന രേഖകളില്‍ ഒപ്പിട്ട് നല്‍കുവാന്‍ നിര്‍ബന്ധിതനായതെന്നും സേവ്യര്‍ പാലാട്ടി ആരോപിച്ചു. പിറ്റേന്നാണ് തന്നെ മോചിപ്പിച്ചത്. തുടര്‍ന്ന് അങ്കമാലി പൊലീസ് സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടുവാനോ കേസ് അന്വേഷിക്കുവാനോ പൊലിസ് തയ്യറായില്ല.

Related News