Monday
17 Dec 2018

ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

By: Web Desk | Wednesday 10 January 2018 10:17 PM IST

ഡാലിയ ജേക്കബ്

ആലപ്പുഴ: ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാനത്തെ കൊലപാതക കേസുകളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പങ്ക് വര്‍ഷം തോറും വര്‍ധിക്കുന്നതായാണ് പൊലീസ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളില്‍ 2800 ഓളം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കേരളത്തെ നടുക്കിയ ജിഷ, സൗമ്യ കൊലപാതകങ്ങളില്‍ പ്രതികള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. കഴിഞ്ഞ വര്‍ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ ഏഴ് കൊലപാതകങ്ങളാണ് വിവിധ ജില്ലകളിലായി നടന്നത്.

2015 ല്‍ തകഴിയിലെ ഷാപ്പ് തൊഴിലാളിയെ കൊലപ്പെടുത്തിയതും അസം സ്വദേശിയായിരുന്നു. മോഷണം, ബാങ്ക് കവര്‍ച്ച, പിടിച്ചുപറി, വഴിയാത്രക്കാരായ സ്ത്രീകളെ ശല്യം ചെയ്യല്‍, എന്നിങ്ങനെയുള്ള കുറ്റങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാണ്. ഉത്തരേന്ത്യയില്‍ നിന്നും മറ്റും ക്രിമനല്‍ കേസുകളില്‍പ്പെട്ട് മുങ്ങുന്ന പ്രതികള്‍ തൊഴിലാളി ക്യാമ്പുകളുടെ മറവില്‍ കേരളത്തില്‍ അഭയം പ്രാപിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ശേഷം തിരിച്ച് നാട്ടിലേയ്ക്ക് കടന്നുകളയുന്ന ഇവരെ അറസ്റ്റ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പൊലീസും പറയുന്നു. 2011 മുതല്‍ 2016 വരെ 1808 കേസുകള്‍ ഇതര സംസ്ഥാനക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനക്കാര്‍ പ്രതിയായ പല കേസുകളിലും പ്രതിയെ അറസ്റ്റു ചെയ്യുവാനോ കേസ് പൂര്‍ണ്ണമായി തെളിയിക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല.

കുറ്റകൃത്യങ്ങളില്‍ ക്രൂരമായ സ്വഭാവമാണ് ഇവരെ മലയാളികളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളില്‍ ഭൂരിഭാഗവും മാരകമായി മുറിവേല്‍പ്പിച്ചതും കഴുത്ത് ഞെരിച്ചിട്ടുള്ളതുമാണ്. ബംഗാളികള്‍ എന്ന പേരില്‍ ബംഗ്ലാദേശില്‍ നിന്ന് എത്തുന്ന വിഭാഗമാണ് കുറ്റവാസനകളുടെ കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്ളത്. രണ്ടാം സ്ഥാനം കോട്ടയമാണ്. സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് രണ്ട് ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അടക്കം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കി പരിശോധിച്ചശേഷം മാത്രമേ ജോലി നല്‍കാവൂ എന്ന വ്യവസ്ഥകളൊന്നും കരാറുകാരോ ഏജന്‍സികളോ പാലിക്കുന്നില്ല. ഇതുമൂലം ജോലി ലക്ഷ്യമിട്ട് വരുന്ന തൊഴിലാളികളുടെ മറവില്‍ കുറ്റവാളികള്‍ക്കും വിഹരിക്കാനാകുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായി ജനമൈത്രി പൊലീസ് നടപ്പിലാക്കിയ മൊബൈല്‍ ആപ്, ഇ-രേഖ, പദ്ധതികള്‍ എല്ലാ ജില്ലകളിലും എത്തിയിട്ടില്ല. വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേയ്ക്ക് കടക്കുന്നത്. ഇവര്‍ക്ക് വ്യക്തമായ രേഖകളുണ്ടെന്ന് കരാറുകാര്‍ പറയുമ്പോഴും അത് തെറ്റാണെന്നാണ് പല സംഭവങ്ങള്‍ക്ക് ശേഷവും വ്യക്തമാകുന്നത്. വര്‍ഷങ്ങളായി കേരളത്തില്‍ ജോലി നോക്കിവരുന്ന നല്ലൊരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം എല്ലാ ജില്ലകളിലും ഇനിയും നടപ്പിലായിട്ടില്ല.