Wednesday
23 Jan 2019

വരണമാല്യം മെഡിക്കല്‍ ഉപകരണങ്ങള്‍; ഫസ്റ്റ് നൈറ്റ് ഐസിയുവില്‍

By: Web Desk | Saturday 12 January 2019 12:09 PM IST

ഹൈദരാബാദ്:

പ്രണയം, അതൊരു അനുഭൂതി തന്നെയാണ്. അതേപോലെ പൈങ്കിളിയും. പ്രണയികള്‍ക്ക് അവരുടെ പ്രണയസാഫല്യമാണ് ഏകലക്ഷ്യം. അതിനു സ്വാര്‍ത്ഥരാവുകയാണ് മിക്കവരും. സാഫല്യത്തിന് ജീവന്‍ വെടിയാന്‍ പോലും പ്രണയികള്‍ക്ക് യാതൊരു പ്രശ്നവുമില്ല. അങ്ങനെ ജീവന്‍ വെടിയാനൊരുങ്ങിയവരാണ് രേഷ്മയും നവാസും.

തെലങ്കാനയിലെ വിക്രമബാദ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി രേഷ്മ തന്റെ അകന്ന ബന്ധു കൂടിയായ നവാസുമായി പ്രണയത്തിലായി. എന്നാല്‍, വീട്ടുകാര്‍ ഇതറിഞ്ഞാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചേക്കുമെന്ന് രേഷ്മ ചിന്തിച്ചു. ഇതിനിടെ രേഷ്മയ്ക്ക് മറ്റൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിക്കാനൊരുങ്ങി.

അങ്ങനെ പ്രണയം സഫലമാവില്ലെന്നുറപ്പായപ്പോള്‍ ജീവനൊടുക്കാന്‍ രേഷ്മ തീരുമാനിച്ചു. നവാസിനൊപ്പം ജീവിക്കാന്‍ സാധിക്കില്ലെന്ന് വന്നപ്പോള്‍ മരിക്കാനുറപ്പിച്ച് രേഷ്മ കീടനാശിനി കുടിച്ചു. രേഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും അറിഞ്ഞ നവാസ് രേഷ്മയോടൊപ്പം മരിക്കണമെന്നുറപ്പിച്ച് അതേ മാര്‍ഗ്ഗം സ്വീകരിച്ചു.

രേഷ്മയുടേയും നവാസിന്റേയും പ്രണയം തിരിച്ചറിഞ്ഞ വീട്ടുകാര്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവര്‍ ആശുപത്രിയില്‍ തന്നെ രണ്ടുപേരുടേയും വിവാഹം നടത്തി. ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തില്‍ ഘടിപ്പിച്ച് രേഷ്മയും നവാസും വിവാഹിതരായി. നവാസ് വീല്‍ ചെയറില്‍ രേഷ്മയുടെ കിടക്കക്കരികിലെത്തിയാണ് ചടങ്ങ് നടത്തിയത്.
എന്നാല്‍, ഇവരുടെ പ്രണയത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകുമായിരുന്നില്ലെന്നും രേഷ്മയുടെ ബന്ധുവായ ഷഹനാസ് ബീ പറഞ്ഞു. ഇക്കാര്യത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിക്രമബാദ് പൊലീസ് അറിയിച്ചു.
ആശുപത്രിയില്‍ ചികിത്സ തുടരുന്ന രേഷ്മയും നവാസും അവരുടെ ജീവിതത്തിനായുള്ള പോരാട്ടത്തിലാണ്.

https://www.ndtv.com/video/news/news/critical-after-suicide-bid-telangana-couple-get-a-hospital-wedding-503782