Wednesday
21 Nov 2018

ചാരക്കേസിലെ നിര്‍ണ്ണായക ദിനങ്ങള്‍ 

By: Web Desk | Friday 14 September 2018 7:33 PM IST

1994 നവംബര്‍ 30: മാലി സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ക്ക് ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ അടിസ്ഥാനമാക്കിയുള്ള ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്തു.
1994 ഡിസംബര്‍ 3: അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറി.
1996: ചാരക്കേസ് വ്യാജമാണെന്ന കണ്ടെത്തലുകളോടെ സിബിഐ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.
1996: സിബിഐ അന്വേഷണം തെറ്റാണെന്ന ഉദ്യോഗസ്ഥരുടെ ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
1996: പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിന് എതിരെ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു.
1997 ജനുവരി: പ്രത്യേക സംഘത്തെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി. നമ്പി നാരായണന്റെ ഹര്‍ജി തള്ളി.
1997: ഹൈക്കോടതി വിധിക്ക് എതിരെ നമ്പി നാരായണന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
1997- 98: സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന് ഒപ്പം നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്ക് എത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സുപ്രീം കോടതി വിധി വരും വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ നിര്‍ദ്ദേശിച്ചു.
1998: രൂക്ഷ വിമര്‍ശനത്തോടെയും ശ്രദ്ധേയമായ നിരീക്ഷണങ്ങളോടെയും ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പ്രതിചേര്‍ത്തിരുന്ന മറിയം റഷീദ, ഫൗസിയ ഹസന്‍, നമ്പി നാരായണന്‍, ചന്ദ്രശേഖരന്‍, എസ് എ ശര്‍മ്മ എന്നിവര്‍ക്ക് കോടതി ചെലവിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശം.
1998 -2001: സുപ്രീം കോടതി വിധി വന്നതിനു ശേഷവും സിബിഐ രഹസ്യ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി എടുത്തില്ല.
2001: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
2010: ഒന്നര വര്‍ഷത്തെ അന്വേഷണത്തിനു ശേഷം സിബിഐ തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
2011: സിബിഐ രഹസ്യ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം.
2012: ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കോടതി നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചില്ല, ഉദ്യോഗസ്ഥര്‍ വിരമിച്ചു, കാലപ്പഴക്കമുള്ള കേസ് എന്നീ കാരണങ്ങളാല്‍ ആണ് നടപടി ഒഴിവാക്കിയത്.
2012: സര്‍ക്കാര്‍ ഉത്തരവിന് എതിരെ നമ്പി നാരായണന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു.
2012: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ച പത്തു ലക്ഷം രൂപ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
2013: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ നടപടി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കി.
2015: ആരോപണ വിധേയനായ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് തള്ളി. നടപടി വേണ്ടെന്ന 2012ലെ സര്‍ക്കാര്‍ തീരുമാനം ശരിവച്ചു.
2015: ഹൈക്കോടതി വിധിക്ക് എതിരെ നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചു.
2018 ജനുവരി: നമ്പി നാരായണന്റെ ഹരജിയില്‍ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ട് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കി
2018 ജൂലൈ 10: നമ്പി നാരായണന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് വിധി പറയാനായി മാറ്റി.
2018 സെപ്റ്റംബര്‍ 14:  നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും സുപ്രീം കോടതി വിധിച്ചു.
Related News