Tuesday
11 Dec 2018

ജനുവരി-1 ക്യൂബന്‍ വിപ്ലവദിനം

By: Web Desk | Monday 1 January 2018 5:29 PM IST

ഭരതന്നൂര്‍ ഡോ. സി വസന്തകുമാരന്‍

1953 ജൂലൈ 26 മുതല്‍ 1959 ജനുവരി ഒന്നു വരെ ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ക്യൂബന്‍ പ്രസിഡന്റായ ഫുള്‍ ജെന്‍സിയോ ബാറിസ്റ്റയുടെ ഭരണകൂടത്തിനെതിരെ നടത്തിയ സായുധ സമരമാണ് ക്യൂബന്‍ വിപ്ലവം. അഞ്ച് വര്‍ഷവും അഞ്ച് മാസവും ആറ് ദിവസവും നീണ്ടുനിന്ന ഈ വിപ്ലവത്തിന്റെ ഫലമായി ബാറിസ്റ്റയുടെ സ്വേച്ഛാധിപത്യഭരണത്തിനും അഴിമതിക്കും അത്യാഗ്രഹത്തിനും അധാര്‍മികതയ്ക്കും അന്ത്യം കുറിച്ചു. 1959 ജനുവരി ഒന്നിന് ബാറിസ്റ്റ അദ്ദേഹത്തിന്റെ അനുയായികളുമായി ക്യൂബ ഡൊമിനിക് റിപ്പബ്ലിക്കിനായി പലായനം ചെയ്തു. അതിനാല്‍ ജനുവരി ഒന്ന് ക്യൂബന്‍ ജനതയുടെ വിജയദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്യൂബന്‍ വിപ്ലവദിനമായും ജനുവരി ഒന്നിനെ പ്രഖ്യാപിക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ പതിനായിരക്കണക്കിന് ക്യൂബക്കാരും യു എസിലെ ആയിരക്കണക്കിന് ക്യൂബന്‍ അമേരിക്കക്കാരും ഏകാധിപത്യത്തിന്റെ അന്ത്യം ആഘോഷിച്ചു. കാസ്‌ട്രോയുടെ അനുയായികള്‍ തങ്ങളുടെ ശക്തി ബലപ്പെടുത്തുവാന്‍ വേണ്ട സന്നാഹങ്ങള്‍ ഒരുക്കി. ജഡ്ജ് മാനുവല്‍ ഉര്‍ജറ്റയെ താല്‍ക്കാലിക പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തു. കാസ്‌ട്രോയും അദ്ദേഹത്തിന്റെ ഗറില്ലാ പോരാളികളും ജനുവരി ഏഴിന് ഹവാനയില്‍ വിജയിച്ചു.
പുതിയ പിപ്ലവ ഗവണ്‍മെന്റിന്റെ യു എസ് മനോഭാവം പെട്ടെന്ന് സംശയാസ്പദമായ ഒരു വിദ്വേഷം ഉന്നയിച്ചു. കാസ്‌ട്രോ അമേരിക്കന്‍ സ്വത്തിന്റെ ദേശസാല്‍ക്കരണത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നു. പിന്നീട് അമേരിക്ക ക്യൂബയുമായി നയതന്ത്രബന്ധവും സാമ്പത്തിക ബന്ധവും സ്ഥാപിച്ചു. 2015 വരെ അത് വ്യാപകമായ ട്രേഡ്, യാത്രാ ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും കാസ്‌ട്രോയെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമം വിജയിച്ചില്ല. ചുരുക്കത്തില്‍ ലോകത്തിലെ ഏറ്റവും നല്ല ഭരണാധികാരി ആയി കാസ്‌ട്രോമാറി. ലോക ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ എക്കാലവും ക്യൂബന്‍ വിപ്ലവ വിജയത്തിന്റെ രജതരേഖകള്‍ കാസ്‌ട്രോ എന്ന സമുന്നത ഭരണാധികാരിയെ സ്മരിക്കുമെന്നതില്‍ സംശയമില്ല.