Tuesday
25 Sep 2018

കൃഷിയുടെ മേളപ്പെരുക്കത്തിന് ഇന്ന് കൊട്ടിക്കലാശം

By: Web Desk | Saturday 30 December 2017 10:39 PM IST

മണ്ണുത്തി: കഴിഞ്ഞ നാല് ദിവസങ്ങളായി പതിനായിരങ്ങളുടെ മനം കവര്‍ന്ന കൃഷിയുടെയും ജൈവവൈവിധ്യത്തിന്റെയും നന്മകള്‍ വിളിച്ചോതിയ കാര്‍ഷിക മഹാമേള വൈഗ 2017 ഇന്ന് സമാപിക്കും. കാര്‍ഷികോത്പ്പന്ന സംസ്‌കരണം, മൂല്യവര്‍ദ്ധനവ് അടിസ്ഥാനമാക്കി കൃഷി വകുപ്പ് ഡിസംബര്‍ 27 മുതല്‍ കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനമായ വെള്ളാനിക്കരയില്‍ സംഘടിപ്പിച്ച വൈഗ മേളയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനപ്രവാഹം തന്നെയായിരുന്നു.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മേളയില്‍ വിവിധ ദിനങ്ങളിലായി മന്ത്രിമാര്‍, എംഎല്‍എമാര്‍, വിശിഷ്ടവ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ വകുപ്പുകള്‍ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍, യുവസംരംഭകര്‍, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ അടക്കം 300 ല്‍ പരം സ്റ്റാളുകളാണ് പ്രദര്‍ശനനഗരിയില്‍ വര്‍ണ്ണവിസ്മയം തീര്‍ത്തത്. ആദ്യ മൂന്നു ദിനങ്ങളില്‍ തേന്‍, വാഴപ്പഴം, നാളികേരം, ചെറുധാന്യങ്ങള്‍ എന്നിവയെ ആസ്പദമാക്കി സെമിനാറുകളും നടന്നു. വിവിധ സെമിനാറുകളിലായി അയ്യായിരത്തോളം കര്‍ഷകര്‍ പങ്കെടുത്തു. നാലാം ദിവസം നടന്ന സെമിനാര്‍ യുവസംരംഭകര്‍ക്ക് നൂതന അനുഭവമായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ കലാസന്ധ്യയും വിദ്യാര്‍ഥികള്‍ക്കുവേണ്ടി പെയിന്റിംഗ്, ക്വിസ് മത്സരങ്ങളും ഉണ്ടായിരുന്നു
ഡിസംബര്‍ 27 ന് കേരള ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം നിര്‍വ്വഹിച്ച മേളയുടെ സമാപന സമ്മേളനം ഇന്നു വൈകുന്നേരം നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി എ സി മൊയ്തീന്‍, സി എന്‍ ജയദേവന്‍ എം പി, കെ രാജന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

Related News