Wednesday
20 Jun 2018

ഇരുട്ടു പടര്‍ത്തുന്ന ശക്തികളെ എതിര്‍ക്കാന്‍ സാംസ്‌കാരിക മനസ്സുകള്‍ ഉണരണം: യു എ ഖാദര്‍

By: Web Desk | Wednesday 27 December 2017 10:06 PM IST

കോഴിക്കോട്: എട്ടാമത് സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് കോഴിക്കോട്ട് തുടക്കം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെയും നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 1400ല്‍ അധികം പേര്‍ മാറ്റുരയ്ക്കും.
മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം കഥാകൃത്ത് യു എ ഖാദര്‍, സിനിമ നടന്‍ മാമുക്കോയ, നടി നിലമ്പൂര്‍ ആയിഷ, സാക്ഷരതാ മിഷന്റെ നൂതന പദ്ധതികളുടെ ഗുണഭോക്താക്കളായ സിസിലി ജോര്‍ജ്, കൃഷ്ണന്‍ ബേപ്പൂര്‍, ലക്ഷ്മി പയോണ, നഫീസ ഉതിരുപറമ്പില്‍, നൂറുല്‍ഹുദ എന്നിവരും ചേര്‍ന്ന് തിരിതെളിച്ചു.
സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ നിരുത്സാഹപ്പെടുത്തുന്ന വിധത്തില്‍ സമൂഹത്തില്‍ ഇരുട്ടു പടര്‍ത്തുന്ന ശക്തികള്‍ക്കെതിരെ മാനവികതയുടെ പക്ഷത്തുനിന്ന് എതിര്‍ക്കാന്‍ സാംസ്‌കാരിക മനസ്സുകള്‍ ഉണരണമെന്ന് കഥാകൃത്ത് യു എ ഖാദര്‍ പറഞ്ഞു.
മാനവികതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് കലാപ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്നു.സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നില്ല.അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നവരെ ഒറ്റപ്പെടുത്തുന്നു.എങ്ങനെ എഴുതണമെന്നും എങ്ങനെ സിനിമയെടുക്കണമെന്നും ചിലര്‍ തീരുമാനിക്കുന്നു.മാനവികതയുടെ പക്ഷത്തു നില്‍ക്കുന്ന എഴുത്തുകാരെയും കലാ പ്രവര്‍ത്തകരെയും ഒറ്റപ്പെടുത്തുന്നു.മനുഷ്യരെ വ്യത്യസ്ത കളങ്ങളിലായി വേര്‍തിരിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.ഇക്കാലത്താണ് എംടിയുടെ നിര്‍മ്മാല്യം നിര്‍മ്മിക്കുന്നതെങ്കില്‍ വെളിച്ചം കാണില്ലായിരുന്നുവെന്നും യു എ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.
സാക്ഷരത, നാലാംതരം തുല്യത, ഏഴാംതരം തുല്യത, പത്താംതരം തുല്യത, ഹയര്‍സെക്കന്‍ഡറി തുല്യത പഠിതാക്കള്‍, പ്രേരക്മാര്‍,ട്രാന്‍സ്ജന്‍ഡര്‍ എന്നീ വിഭാഗങ്ങള്‍ക്കായി 73 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മൂന്ന് ദിനങ്ങളിലായി എസ് കെ പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, കെ ടി മുഹമ്മദ്, എം എസ് ബാബുരാജ്, തിക്കോടിയന്‍ എന്നീ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇത്തവണത്തെ കലോത്സവങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളും ട്രാന്‍സ്ജന്‍ഡേഴ്‌സും പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.