Sunday
24 Jun 2018

ഇത്തിരിക്കുഞ്ഞൻ ജീരകത്തിന്റെ ഒത്തിരി ഗുണങ്ങൾ

By: സോനു മോഹൻ | Saturday 15 July 2017 4:45 AM IST

സ്വന്തം ഗുണങ്ങളെക്കൊണ്ട്‌ രോഗശാന്തിയെ പ്രദാനം ചെയ്യുന്നത്‌ എന്നാണ്‌ ജീരകം എന്ന പദത്തിന്റെ അർത്ഥം സുഗന്ധവ്യഞ്ജനങ്ങളിൽ മുന്നിട്ട്‌ നിൽക്കുന്ന ജീരകത്തിന്‌ ഏറെ ഗുണങ്ങളുണ്ട്‌. ഔഷധ ഗുണത്തിൽ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നിൽ തന്നെ. സംസ്കൃതത്തിൽ സുഗന്ധ എന്നറിയപ്പെടുന്ന ജീരകത്തിന്‌ ഇംഗ്ലീഷിൽ കുമിൻ എന്നാണ്‌ പേര്‌. ശാസ്ത്രീയ നാമം കുമിനും സിമിനും. ശ്വേതജീരകം (വെളുത്തത്‌), കൃഷ്ണജീരകം (കറുത്തത്‌), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലാണ്‌ ജീരകങ്ങൾ.
സിറിയ, ഈജിപ്ത്‌, കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീരകം കൃഷി ചെയ്തു വരുന്നു. ജീരക കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത്‌ ഇറാനാണ്‌. ഇന്ത്യയിൽ കേരളം, ബംഗാൾ, അസാം എന്നീ സംസ്ഥാനങ്ങൾ ഒഴികെ മേറ്റ്ല്ലായിടത്തും ജീരകം കൃഷി ചെയ്ത്‌ വരുന്നു. കൊഴുപ്പ്‌, മാംസ്യം, അന്നജം, നാര്‌ ഇത്യാദികളെല്ലാം സമൃദ്ധമായി ജീരകത്തിൽ അടങ്ങിയിരിക്കുന്നു.ജീവകംഎ കാത്സ്യം, ഇരുമ്പ്‌ എന്നിവയും ധാരാളമുണ്ട്‌.
കറികളിൽ പൊടിച്ചുമൊക്കെ ഉപയോഗിക്കുന്ന ജീരകം സ്വാദ്‌ മാത്രമല്ല അസുഖങ്ങൾക്കും ഔഷധമാണെന്നും നമുക്കറിയാം. വായുകോപത്തിനും ജീരകം ഉത്തമമാണ്‌. നാമേറെ ഉപയോഗിക്കുന്ന ജീരക വെള്ളം പ്രതിരോധ ശേഷി നൽകുന്നതിന്‌ ഉത്തമമാണെണ്‌ ആരോഗ്യവിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്‌.

പെരും ജീരകം
വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ്‌ പെരുംജീരകം. ജലദോഷം, ബ്രോങ്കൈറ്റിസ്‌, മൂത്രതടസ്സം എന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്‌. വായുശല്യമകറ്റാൻ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക്‌ എന്നിവയുമായി ചേർത്തു കഴിക്കുന്നതും നല്ലതാണ്‌. ആഹാരം ദഹിപ്പിക്കുന്നതുൾപ്പെടെ ഉറക്കമില്ലായ്മയ്ക്കും പെരുംജീരകം അത്യുത്തമമാണ്‌. പെരുംജീരകം വാറ്റിയെടുക്കുന്ന എണ്ണ പെർഫ്യൂംസ്‌, സോപ്പ്തുടങ്ങിയ സ്ന്ദര്യവർദ്ധകവസ്തുക്കളുടെ നിർമാണത്തിനുപയോഗിക്കുന്നു. പെരുംജീരകത്തിൽ നിന്നും എണ്ണ വാറ്റിയ ശേഷം കിട്ടുന്നപിശിട്‌ കാലിത്തീറ്റയായും ഉപയോഗിക്കുന്നു. ഇത്‌ കൂടാതെ ഉദരസംബന്ധിയായ എല്ലാ വിഷമതകൾക്കും പെരുംജീരകവും അത്യുത്തമമാണ്‌. ആർത്തവ വേദനകളിലും തിമിരത്തിന്റെ മരുന്നുകളിലും കൂടാതെ ഗർഭിണികൾക്ക്‌ മുലപ്പാൽ വർധിപ്പിക്കുന്നതിലുമുൾപ്പെടെ എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയായും പെരുംജീരകത്തെ ഉപയോഗിച്ച്‌ പോരുന്നു.
മേറ്റ്ല്ലാ ഉൽപ്പന്നങ്ങളും മുറ്റത്ത്‌ പരീക്ഷിക്കാറുണ്ടെങ്കിലും ജീരകം പോലെയുള്ള വിളകൾ നട്ട്‌ പിടിപ്പിക്കാൻ നാം ശ്രമിക്കാറില്ല. ആകർഷകമായ സുഗന്ധസസ്യമായ പെരുംജീരകത്തിൽ അനിത്തോൾ എന്ന രാസവസ്തുവാണ്‌ സുഗന്ധം നൽകുന്നത്‌. കാരറ്റിന്റെ കുടുംബത്തിൽപ്പെട്ട ഏറെ പോഷക സമൃദ്ധവും, സുഗന്ധപൂരിതവുമായ ചെടിയാണിവ.
ഇവയുടെ വിത്തും, ഇലകളും, തണ്ടും, കിഴങ്ങും ഭക്ഷ്യയോഗ്യമാണ്‌. തത്തപ്പച്ചനിറമുളള നേർത്ത തൂവലുകൾ പോലുളള ഇലകൾ, തലയുയർത്തി കുലകളായി വിരിഞ്ഞു നിൽക്കുന്ന ചെറിയ മഞ്ഞപ്പൂക്കൾ കൊണ്ട്‌ തീർത്ത കുടകൾ എന്നിവ ഈ ചെടിയെ കൂടുതൽ ഭംഗിയുളളതാക്കുന്നു.
ഹോട്ടലിൽ ഊണിനു ശേഷം ലഭിക്കുന്ന പച്ച പെരുംജീരകം പാകിയാണ്‌ ആദ്യം തൈകൾ മുളപ്പിക്കുന്നത്‌. ഒരു മാസത്തിനു ശേഷം ഇവയെ പറിച്ചുനടുന്നു.
10 ദിവസം തണലും മണ്ണിര കമ്പോസ്റ്റും എല്ലുപൊടിയും ചാണകവുമൊക്കെ നൽകിവേണം ഇവയെ പരിപാലിക്കാൻ. നേർത്ത തണ്ടായതിനാൽ താങ്ങു നൽകണം. പിന്നീട്‌ പറിച്ച്‌ നടുകയും വേണം. ഒന്നര മാസത്തിനുളളിൽ ചെടികൾ പൂക്കുമെന്നാണ്‌ കണക്ക്‌. മൂന്ന്‌ മാസം കൊണ്ട്‌ പെരുംജീരകം വിളവെടുക്കാം. വിത്തുകൾ നന്നായി വിളഞ്ഞ്‌ പച്ചനിറം മാറുന്നതിന്‌ മുമ്പ്്‌ പറിച്ച്‌ ഉണക്കി ഉപയോഗിക്കാം.
ഇലകളും, പൂക്കളും ആകർഷകമായതിനാൽ ഉദ്യാനങ്ങൾ കൂടുതൽ അഴകുളളതാക്കുവാനും, ചെറുതേനീച്ചകളെ ആകർഷിക്കുന്നതിനാൽ ചെറുതേനീച്ച കർഷകർക്കും പെരുംജീരകം വളർത്താം. വിപണിയിൽ ജൈവപെരുംജീരകം സാധാരണ ലഭ്യമല്ല. ഓരോ വീടിനും ആവശ്യമായ പെരുംജീരകം ജൈവരീതിയിൽ വളർത്തി ഉണ്ടാക്കിയാൽ ശുദ്ധവും, പുതുമയും ഉളള പെരുംജീരകം നമുക്ക്തന്നെ തീൻ മേശയിൽ എത്തിക്കാം.