Thursday
18 Oct 2018

രാജ്യവ്യാപക പ്രതിഷേധം

By: Web Desk | Wednesday 8 November 2017 11:12 PM IST

ന്യൂഡല്‍ഹി:

ജനജീവിതം ദുരിതത്തിലാഴ്ത്തുകയും സമ്പദ്ഘടന തകര്‍ക്കുകയും ചെയ്ത നോട്ടുനിരോധനത്തിന്റെ വാര്‍ഷികത്തില്‍ രാജ്യ വ്യാപക പ്രതിഷേധമിരമ്പി. ഇടതുപാര്‍ട്ടികള്‍ സംയുക്തമായി പ്രതിഷേധ ദിനമാചരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനാചരണമാണ് നടത്തിയത്. എഎപി, ഡിഎംകെ, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും പ്രതിഷേധം സംഘടിപ്പിച്ചു. എന്‍ഡിഎയുമായി ചേര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടികളും ബഹുജനസംഘടനകളും വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേവുമായെത്തി.
ഡല്‍ഹിയില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേയ്ക്ക് വന്‍ പ്രതിഷേധമാര്‍ച്ചും തുടര്‍ന്ന് പൊതുയോഗവും നടത്തി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുല്‍ കുമാര്‍ അഞ്ജാന്‍, ഡി രാജ എംപി, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍, എസ്യുസിഐ നേതാവ് പ്രാണ്‍ ശര്‍മ, സിപിഐ(എംഎല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ സംസാരിച്ചു. ഡല്‍ഹി മണ്ഡിഹൗസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് ധീരേന്ദ്ര ശര്‍മ, കെ എം വര്‍മ, ഡി കെ വര്‍മ, കവിത കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം നടന്നു.
പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി എല്‍ഡിഎഫ് പ്രക്ഷോഭം സംഘടിപ്പിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും റിസര്‍വ് ബാങ്കിനും ജില്ലാ കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫീസുകള്‍ക്കും മുന്നിലാണ് പ്രതിഷേധമാര്‍ച്ചുകള്‍ നടന്നത്. തിരുവനന്തപുരത്ത് മാര്‍ച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. എറണാകുളത്ത് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
തൃശൂരില്‍ സി പി ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രനും കൊല്ലത്ത് എസ്ബിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സി പി ഐ സംസ്ഥാന അസി.സെക്രട്ടറി കെ പ്രകാശ് ബാബുവും ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബഹുജനമാര്‍ച്ചും ധര്‍ണയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് എസ് ബി ഐ യിലേക്ക് നടത്തിയ മാര്‍ച്ച് പി കരുണാകരന്‍ എം പി, കണ്ണൂരില്‍ സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എം എല്‍ എ, വയനാട് കല്‍പ്പറ്റയില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ രാജന്‍ എംഎല്‍എ, മലപ്പുറത്ത് എ കെ ശശീന്ദ്രന്‍ എംഎല്‍എ, പാലക്കാട്ട് സിപിഐ(എം) കേന്ദ്ര സമിതി അംഗം എളമരം കരീം, പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനക്കര രാധാകൃഷ്ണന്‍, ഇടുക്കിയില്‍ അടിമാലി എസ് ബി ഐ ശാഖക്ക് മുന്നില്‍ കോണ്‍ഗ്രസ്സ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു എന്‍ കോലഞ്ചേരി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണയും പ്രകടനവും സംഘടിപ്പിച്ചു. ചേര്‍ത്തലയില്‍ നടന്ന ധര്‍ണ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമനും ആലപ്പുഴ എസ് ബി ഐ യ്ക്ക് മുന്നില്‍ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും അരൂരില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. എം കെ ഉത്തമനും ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ടി കെ ദേവകുമാര്‍, മാവേലിക്കരയില്‍ കെ മധുസൂദനന്‍, കോട്ടയത്ത് ജനതാദള്‍ നേതാവ് സി കെ നാണു എംഎല്‍എ എന്നിവരും ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ഫോര്‍ത്ത് റൈറ്റ് മൂവ്‌മെന്റ് ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിയെ പ്രതീകാത്മകയായി തൂക്കിലേറ്റിയാണ് പ്രതിഷേധിച്ചത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാതലത്തില്‍ നടന്ന വിഡ്ഢി ദിന പരിപാടിയില്‍ പ്രവര്‍ത്തകര്‍ വിഡ്ഢി പട്ടം ചാര്‍ത്തിയ നരേന്ദ്ര മോഡിയെ ബോട്ടിലേറ്റി കടലില്‍ ഒഴുക്കി.