Thursday
18 Oct 2018

തുഗ്ലക്ക് പരിഷ്‌ക്കാരത്തിന് ഒരാണ്ട്

By: Web Desk | Wednesday 8 November 2017 1:54 AM IST

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ നോട്ടുനിരോധനമെന്ന തുഗ്ലക്ക് പരിഷ്‌കാരത്തിലൂടെ സമ്പദ്ഘടന തകര്‍ക്കുകയും ജനജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്തിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. കള്ളപ്പണം, കള്ളനോട്ട് എന്നിവ കണ്ടെത്താനും തീവ്രവാദം തടയാനുമെന്ന പേരില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഞെട്ടിപ്പിച്ച പ്രഖ്യാപനം അപ്രതീക്ഷിതമായി രാജ്യത്തോട് നടത്തിയ പ്രസംഗത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത്. പ്രഖ്യാപനമുണ്ടായ രാത്രിയില്‍ തന്നെ നോട്ടുനിരോധനം തിരിച്ചടിക്കുമെന്ന പ്രവചനങ്ങളുണ്ടായി. അതെല്ലാം അക്ഷരാര്‍ഥത്തില്‍ ശരിയായെന്ന് തെളിയിക്കുന്നതാണ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക – സാമൂഹ്യ – ഉല്‍പാദന മേഖലയുടെ സ്ഥിതി.
പ്രചാരത്തിലുണ്ടായ നോട്ടുകളില്‍ മഹാഭൂരിപക്ഷവും പിന്‍വലിക്കപ്പെട്ടതിന്റെ ഫലമായി 150 ഓളം പേരാണ് രാജ്യത്ത് മരിച്ചുവീണത്. നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ക്യൂവില്‍ നിന്ന് തളര്‍ന്നുവീണും പണം ലഭിക്കാതെ ചികിത്സ വൈകിയുമായിരുന്നു മരണങ്ങള്‍ നടന്നത്. ഡിസംബര്‍ 31 ഓടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നായിരുന്നു അധികൃതരുടെ നിലപാടെങ്കിലും ഒരു വര്‍ഷമായിട്ടും തീരാതെ ദുരിതം തുടരുകയാണ്.
പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും കൈവരിക്കാന്‍ നോട്ടുനിരോധനം കൊണ്ട് സാധിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരോധിക്കപ്പെട്ട നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളില്‍ തിരികെയെത്തി. അതേസമയം എത്ര കള്ളനോട്ടുകള്‍ കണ്ടെത്തിയെന്ന് വിശദീകരിക്കാന്‍ സാധിച്ചിട്ടുമില്ല.
ഭീകരാക്രമണങ്ങളും വര്‍ധിച്ചു. നോട്ടുനിരോധനത്തിന് ശേഷമുള്ള പത്തു മാസത്തിനിടെ കശ്മീരില്‍ മാത്രം ഭീകരാക്രമണങ്ങളില്‍ 34 ശതമാനം വര്‍ധനയുണ്ടായി. എന്നുമാത്രമല്ല മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു.
ഇതോടൊപ്പമാണ് രാജ്യത്തിന്റെ സമ്പദ്ഘടന വന്‍ തകര്‍ച്ചയെ നേരിട്ടത്. പ്രഖ്യാപനമുണ്ടായി മൂന്ന് മാസമാകുമ്പോഴേയ്ക്കും ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇടിഞ്ഞതായി സര്‍ക്കാരിന്റെ കണക്ക് പുറത്തുവന്നു. മുന്‍വര്‍ഷം 7.1 ശതമാനമായിരുന്നത് ആറില്‍ താഴെ ശതമാനത്തിലേയ്ക്ക് ഇടിഞ്ഞു.
ഉല്‍പാദനമേഖലകളെല്ലാം തകര്‍ന്നു. വ്യവസായ ഉല്‍പാദന സൂചിക (ഐഐപി) 1.2 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തി. പരമ്പരാഗത തൊഴില്‍ മേഖല സ്തംഭിച്ചു. ഉല്‍പാദനം, നിര്‍മാണം, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ, ഗതാഗതം, ഹോട്ടലുകളും റസ്റ്റോറന്റുകളും എന്നിവ പണലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് മാസങ്ങളോളം നിശ്ചലമാകുകയോ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുകയോ ചെയ്തു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കാര്‍ഷിക മേഖലയും സ്തംഭിച്ചു. ഗതികിട്ടാതെ കര്‍ഷകര്‍ തെരുവിലിറങ്ങുന്നതിനും നോട്ടുനിരോധനം കാരണമായി.
വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുന്നതിനും നോട്ടുനിരോധനം വഴിവച്ചു. എല്ലാത്തരം വസ്തുക്കള്‍ക്കും വന്‍വിലക്കയറ്റമുണ്ടായെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനുമുണ്ടായിരിക്കുന്ന വന്‍ വിലക്കയറ്റം കാരണം രാജ്യത്തെ മൊത്ത വിലസൂചികയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ മൊത്ത വില സൂചിക 4.41 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ സൂചിക 2.12 ശതമാനമായിരുന്നു. പച്ചക്കറികള്‍ക്കാണ് ഏറ്റവുമധികം വിലക്കയറ്റമുണ്ടായത്. ആഗോള ദാരിദ്ര്യ സൂചികയില്‍ രൂക്ഷമായ വിലക്കയറ്റം ജനജീവിതത്തെ പൊറുതി മുട്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരുമുള്‍പ്പെട്ടു.

ഇന്ന് പ്രതിഷേധദിനം

ന്യൂഡല്‍ഹി/തിരുവനന്തപുരം: ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികദിനമായ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കും. സംസ്ഥാനത്ത് എല്‍ഡിഎഫ് പ്രതിഷേധ ദിനമായി ആചരിക്കും. ദേശവ്യാപകമായി പ്രതിഷേധദിനമാചരിക്കാന്‍ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് കരിദിനമായും ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്തും എറണാകുളത്തും ആര്‍ബിഐ ഓഫീസുകള്‍ക്ക് മുന്നിലും, മറ്റു ജില്ലകളില്‍ ജില്ലാകേന്ദ്രങ്ങളിലെ എസ്ബിഐ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികളും പോസ്റ്റര്‍ പ്രചരണങ്ങളും സംഘടിപ്പിക്കും.

Related News